Monday, May 31, 2021

ആഗ്രഹം

അമേരിക്കയിലെ റോഡ് സംസ്കാരത്തിൽ തുടങ്ങി, ഇംഗ്ലണ്ടിലെ ഓൾഡ് ട്രഫോർഡിന് മുന്നിൽ ബജ്ജിക്കട തുടങ്ങുന്നതിലൂടെ സഞ്ചരിച്ച്, സ്പെയിനിന്റെ സാമ്പത്തിക സ്ഥിതിയിലൂടെ ചർച്ച തുടർന്ന്, കേരളത്തിലെ വണ്ടികളുടെ ടയറിൽ കാറ്റടിക്കുന്ന പല സംവിധാനത്തിലും എത്തി നിന്ന ആ  വഴിക്കുളങ്ങര ഗ്രൗണ്ടിലെ വൈകുന്നേര ചർച്ചയിൽ എപ്പോഴോ രാകേഷ് സംസാരിച്ചതിൽ നിന്നും ഉണ്ടായ ഒരു ആഗ്രഹമുണ്ട്. 


" ജീവിച്ചിരിക്കുമ്പൊ നമ്മൾക്കൊക്കെ ഉള്ള നമ്മുടെ പേര് (നെയിം അല്ലേൽ നാം) പോകാൻ ഒന്ന് ജസ്റ്റ് മരിച്ചാൽ മാത്രം മതി. പിന്നെ നമ്മൾ ഒരു ബോഡി ആയി മാറും. വീട്ടുകാർ പോലും പറയുക ബോഡി വരാൻ/എടുക്കാൻ സമയമായി എന്നായിരിക്കും. അങ്ങനെ പറയാത്ത, അത് വരെ കൂടെ ഉണ്ടായിരുന്ന ആ പേര് ചൊല്ലി നമ്മളെ പറയുന്ന ഒരാളെ എങ്കിലും ജീവിതത്തിൽ നേടാൻ പറ്റണേ എന്നതായിരുന്നു ആഗ്രഹം നമ്പർ 1." - എല്ലാവരേയും പോലെ കൊച്ചു കൊച്ചു ആഗ്രഹങ്ങളായ അംമ്പാനിയേക്കാളോ ബിൽഗേറ്റ്സിനേക്കാളോ രണ്ടരക്കിലോ കൂടുതൽ പണക്കാരനാവണം, മാസരാറ്റി ഫ്രഷ് വണ്ടി വാങ്ങണം (വിത്തൗട്ട് സിസി), തുക കോടികളിൽ കുറയാത്ത  ഒരു ലോട്ടറി അടിക്കണം അങ്ങനെ അങ്ങനെ സാധാ ലിസ്റ്റ് നീണ്ട് പോകുമ്പോഴും ഇത് ശരിക്കും ആഗ്രഹമായി ഉള്ളിൽ കിടക്കുവാ.... 


   ഇന്നലെ കുഞ്ഞോൾടേം നിയാമ്മയുടേം കൂടെ പോയി, കേട്ടറിഞ്ഞ നുമ്മ ഹീറോ പാഞ്ചീപ്പയുടെ കുഴിക്ക് മുന്നിൽ നിന്നപ്പോൾ സത്യം പറഞ്ഞാൽ സങ്കടമോ വേണ്ടപ്പെട്ടവരുടെ കുഴിക്കൽ നിക്കുമ്പോൾ തോന്നുന്ന ആ ഒരു ശൂന്യതയോ ഒന്നുമല്ല തോന്നിയത്. പുള്ളിയുടെ ടെറർ ഗേൾ കുഞ്ഞോൾടെ ആ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അസൂയ ആണ്. നല്ല കട്ട അസൂയ. കുഴിക്കെ ചെന്നിട്ട് ആത്മാവിന് നിത്യശാന്തി നേർന്ന് നനഞ്ഞ കണ്ണോടു കൂടി "മരിച്ച വിശ്വാസികൾക്ക് വേണ്ടി" ചൊല്ലലും, തല മൂങ്ങയെപ്പോലെ 360° കറക്കി സെമിത്തേരിയിൽ ആരൊക്കെ വന്നെന്ന് കണക്കെടുപ്പ് നടത്തുന്നതിന്റെ കൂടെ "സ്വർഗ്ഗസ്ഥനായ-നന്മനിറഞ്ഞ മറിയം- ത്രിത്വസ്തുതി" ചൊല്ലലും കണ്ട് ശീലിച്ച എനിക്ക് അസൂയതോന്നിയില്ലേൽ ആയിരിക്കും അത്ഭുതം. കാരണം, ഫോൺ വിളിച്ച് സംസാരിക്കുന്നതാണോ, ആള് മുന്നിൽ നിന്നിട്ട് നേരിട്ട് ആളോട് സംസാരിക്കുന്നതാണോ എന്ന രീതിയിൽ പറയാനും ചോദിക്കാനും ഉള്ള കാര്യങ്ങൾ അങ്ങട്ട് അലക്കലോട് അലക്കൽ. അതിൽ ദേഷ്യപ്പെടലുണ്ട്, പരിഭവം ഉണ്ട്, കളിയാക്കലുണ്ട്, ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ബ്രീഫിംഗ് ഉണ്ട്...... അങ്ങനെ അങ്ങനെ അങ്ങനെ......

   

     ഇപ്പൊ എന്റെ ആഗ്രഹ ലിസ്റ്റിൽ രണ്ടാമതായി ഒരു കാര്യം ഇടം പിടിച്ച്. അത് ഈ സംസാരമാ.... എനിക്കും ഇങ്ങനെ വിശേഷങ്ങൾ കേട്ടാ കൊള്ളാം.  അല്ലാതെ ആവർത്തന വിരസത തോന്നുന്ന ബുക്ക് വായനയോട്,  പൊതുവേ പ്രാർത്ഥനകളോട് ഇപ്പം വല്ല്യ താല്പര്യമില്ലാത്ത എനിക്ക് ചേരുന്നത് ഇത് തന്നെയാ. ഈ കൊച്ചുവർത്തമാനം.

  

 പറഞ്ഞ് വന്നത് വേറൊന്നുമല്ല, അങ്ങനെ എന്റെ ആഗ്രഹപ്പട്ടിക പുതുക്കിയേച്ചും കൊച്ചങ്ങ് ബാക്കി പഠനം പൂർത്തിയാക്കാൻ പുറപ്പെട്ടിട്ടുണ്ട്. ചുമ്മാ സമയം കളയാതെ എല്ലാം കൃത്യമായി ചെയ്ത് ആ സർട്ടിഫിക്കറ്റും വാങ്ങി വരാൻ.   മഞ്ഞ് വച്ച് തോരൻ ഉണ്ടാക്കൽ ഉൾപ്പെടെ പല അഭ്യാസങ്ങളും കാണാൻ സാധ്യത ഉള്ളതിനാൽ.... എത്രയും പ്രിയപ്പെട്ട ലാറ്റ് വിയ അറിയാൻ, സൂക്ഷിച്ചാൽ അവനോന് കൊള്ളാം.... എനിക്ക് അത്രേ പറയാനുള്ളൂ......


  ഓൾ ദി ബെസ്റ്റ്........