Wednesday, December 8, 2010

ആറുമണി പൂവ്

"കൊത്തുണ്ടോ ഡാ....? "
ചൂണ്ട കോലുകൊണ്ട് വെള്ളത്തില്‍ ഒന്നു തട്ടിയിട്ട് രാകേഷ്‌ ഉറക്കെ ചോദിച്ചു.

" പയ്യെ സംസാരിക്ക് ചെക്കാ...... മീന്‍ കിട്ടില്ല...." ദാനം കൊടുക്കുവാനുള്ള ഇരയെ കൊളുത്തില്‍ ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

" പിന്നേ... ഈ തോട്ടില്‍ ചൂണ്ട ഇട്ടാല്‍ സ്രാവിനെ കിട്ടുമല്ലോ....... പോട വേ.... " രാകേഷ്‌ സൗണ്ട് ഒന്നുകൂടെ കൂട്ടി.

" എടാ.... "

" ങാ.."

" എടാ ബിബിയേ........ "

" എന്ത്യേടാ ചെര്‍കാ.....? " എനിക്ക് അരിശം വന്നുതുടങ്ങി.

" എന്റെ മനസ്സില്‍ ആ സ്വപ്നം നിറഞ്ഞു നില്‍ക്കുന്നു. " ബുജി നാടകക്കാരെപോലെ മാനത്തെക്കും നോക്കികൊണ്ട് ഒരുത്തന്‍ ഡയലോഗ് അടിക്കുന്നു.

" സെന്റ കോര്‍പറെഷന്‍ എന്ന സാധനമല്ലേ..... " ചൂണ്ട നീട്ടി ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

"പോടാ പോടാ... എന്റെ സ്വപ്നമാണ് സെന്റ കോര്‍പറെഷന്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി. "

" ഇതു ഞാന്‍ നിന്നെ പരിച്ചയപെട്ടപ്പോള്‍ മുതല്‍ കേള്‍ക്കുന്നതല്ലേ.... ഈ പേരിട്ടു നമ്മള്‍ വിളിച്ച സ്ഥലം ഇപ്പോ കാടും പിടിച്ചു കിടക്കാ... സ്റ്റാഫ്‌ ഒക്കെ പാമ്പും പഴുതാരേം..... "

"മതി... എഴുന്നേക്ക് മോനെ...എനിക്ക് വയ്യ ഇനി മീനെ നോക്കി കുത്തിയിരിക്കാന്‍...." ചൂണ്ട കോല് മാറ്റി ഇട്ടിട്ടു രാകേഷ്‌ പറഞ്ഞു.

" എങ്കില്‍ ശരി... വാ... പോവാം...." ഞാനും സമ്മതിച്ചു.

പയ്യെ അവിടെ നിന്നും ഞങ്ങള്‍ രാകേഷിന്റെ വീട്ടിലേക്കു നടന്നു.

" സമയമെന്തായടാ .....?" ഒരു അനക്കോം ഇല്ലാത്ത വാച്ച് നോക്കി ഞാന്‍ ചോദിച്ചു.

" അളിയാ...പണിയായി......"

" എന്ത് പറ്റിയെടാ...." എനിക്കൊന്നും മനസിലായില്ല.

" റോഡില്‍ സൂക്ഷിച്ചു നടക്കണം.. മാക്സിമം അറ്റം പറ്റി നടന്നോ...."

" കോപ്പ്....നീ ഒന്ന് തെളിച്ചു പറ...." തലയും വാലും ഇല്ലാത്ത വര്‍ത്തമാനം കേട്ടിട്ട് എനിക്കു കലിവന്നു.

" എടാ....ഇപ്പോ സമയം ആറു മണി ആകാന്‍ അഞ്ച് മിനിറ്റ്‌... ഇനി എപ്പോ വേണമെങ്കിലും ഒരു ബൈക്ക് ഇതുവഴി ചീറിപാഞ്ഞു വരാം.....നോക്കി നടന്നാല്‍ അവനവനു കൊള്ളാം...." രാകേഷ്‌ തിടുക്കത്തില്‍ നടന്നുകൊണ്ട് പറഞ്ഞു.

" എന്താ സംഭവം....? ആരാ ബൈക്കിനു പോണേ....? " രാകേഷിന്റെ വീടിനു മുന്നില്‍ കൂട്ടിയിട്ട മണലില്‍ ഇരുന്നുകൊണ്ട് ഞാന്‍ ചോദിച്ചു..

" അളിയാ സംഭവം ഞാന്‍ പറയാം... എന്നിട്ടു ആളെ പറയാം....നീ ക്ഷമയോടെ കേക്കണം...." അടുത്ത് കിടന്ന കരിങ്കല്ലില്‍ ഇരുന്നുകൊണ്ട് രാകേഷ്‌ വിവരണം തുടങ്ങി.
അവിടെ കുറച്ചു മാറി പുതിയതായി താമസക്കാര്‍ എത്തിയെന്നും, അവിടെ ഒരു പയ്യനുണ്ടെന്നും, ആ പയ്യനാണ് ഇതുവഴി ഇങ്ങനെ മരണവെപ്രാളത്തില്‍ പോകുന്നതെന്നും ചൂണ്ടഇരയായ ഞാഞ്ഞൂലിന്റെ ഉളുംപ് വിരലില്‍ നിന്നും കല്ലിലേക്ക് ഉറച്ചുകൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയില്‍ കേട്ടു.

" നീ എന്താ അവിടെ സ്വര്‍ണം ഉരക്കുവാണോ ...? " രാകേഷിന്റെ ചോദ്യം കേട്ട് കല്ല്‌ എറിഞ്ഞുകളഞ്ഞു .

" എന്ത് വൃത്തികെട്ട നാറ്റമാടാ...." മണം പോയോന്നു അറിയാന്‍ വേണ്ടി മാത്രം കൈ മണത്തുനോക്കി നെറ്റി ചുളിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ ഒരു ബൈക്ക് നല്ല വേഗത്തില്‍ ആ വഴി പോയി.

" ആര്‍ക്കു വായുഗുളിക വാങ്ങാന്‍ പോവേടാ....." പൊടി കണ്ണിലും മൂക്കിലും എല്ലാം കേറീതുകൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..

"അളിയാ...ഇതാണ് ഞാന്‍ പറഞ്ഞ പയ്യന്‍... കാര്യം അറിയാതെ നീ തെറി വിളിക്കല്ലേ...." രാകേഷ്‌ എന്നെ കൂള്‍ ആക്കി.

" അവന്‍ എന്തിനാ ഈ ഇടുങ്ങിയ വഴിയിലൂടെ ഇങ്ങനെ പോകുന്നേ.... അതും ഇപ്പോഴും ഈ സമയത്ത്.....?"

ഉത്തരത്തിന് വേണ്ടി അവനെ നോക്കിയപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
ഇപ്പോ തെറി കേള്‍ക്കേണ്ടത് ഇവനാണോ എന്ന് ചിന്തിച്ചു നില്‍ക്കുന്ന എന്നോടായി മതിലില്‍ ചാടികയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.

" ഇവിടെ അവര്‍ വന്ന നാളുമുതല്‍ ഇവിടുത്തുകാര്‍ക്ക് അറിയാവുന്ന കാര്യമാണ്.... നീ മിക്കപോഴും ഇവിടെ വരാറുള്ളതല്ലേ എന്നിട്ടും കണ്ടിട്ടില്ലേ....? "

" ഇല്ലല്ലോടാ......" അവനു കൂട്ടായി മതിലിലേക്ക് കയറികൊണ്ട് ഞാന്‍ പറഞ്ഞു.

" ഛെ.....!!! ഈ കാര്യം ഇവിടത്തെ കട്ടിലില്‍ കിടക്കുന്ന കിളവന്മാര്‍ തൊട്ട് തൊട്ടിലില്‍ കിടക്കുന്ന കുട്ടികള്‍ക്ക് പോലും അറിയാം..... എന്തിനു കൂടുതല്‍ പറയുന്നു ആ പട്ടിക്ക് വരെ അറിയാം......."
കേബിള്‍ ഒന്നും ഇല്ലാതെ ചരിഞ്ഞു നിക്കുന്ന ടെലിഫോണ്‍ പോസ്റ്റില്‍ ഒപോസിറ്റ്‌ ആംഗിളില്‍ ചരിഞ്ഞുനിന്നുകൊണ്ട് ഇതു താന്‍ ഡാ എന്‍ സ്റ്റൈല്‍ എന്നു ഉറപ്പിച്ചുകൊണ്ട് ഒന്നിനു പോകുന്ന ഒരു പട്ടിയെ ചൂണ്ടികാട്ടികൊണ്ട് രാകേഷ്‌ പ്രസംഗം തുടങ്ങി.

" ഡാ... ആ പയ്യന് ഒരു ചേച്ചി ഉണ്ട്..വളരെ സ്ട്രിക്ടായ ചേച്ചി.... അവനോടു പറഞ്ഞിരിക്കുന്നത് എവിടെ പോയാലും വൈകുന്നേരം ആറുമണിക്ക് വീട്ടില്‍ എത്തണമെന്നാ...."

" എടാ എന്നാലും ഇത്രയ്ക്കു മരിച്ചു വണ്ടിയോടിച്ചു ചെല്ലണോ...?" ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.

" നിനക്കറിയില്ല മോനേ ആ ചേച്ചിയെ....അറിയുമാര്‍നെങ്കില്‍ ഈ ചോദ്യം നിന്റെ ഉള്ളില്‍ പോലും വരില്ലായിരുന്നു.... ചേച്ചി ഒന്ന് ഉടക്കിയാല്‍ ഈ പ്രപഞ്ചം പോലും നിശ്ചലം.... കാക്ക മലന്നോ ചരിഞ്ഞോ പറക്കും...കേരളത്തിലെ റോഡിലെ കുഴികള്‍ അപ്രത്യക്ഷമാകും.... ഐസക്‌ ന്യുട്ടന്റെ കണ്ടുപിടുത്തം ശരിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ആപ്പിള്‍ പോലും താഴേക്കു വീഴാന്‍ നേരം ഒരു നിമിഷം ചിന്തിക്കും...എന്തിന് കിഴക്ക് ഉദിക്കുന്ന സൂര്യന്‍ പോലും ചേച്ചി ഒന്ന് നോക്കിയാല്‍ ഓടിപോയി കിഴക്കുതന്നെ അസ്തമിക്കും... അതാണളിയാ ചേച്ചി....."

അവന്‍ പറയുന്നതിനിടയില്‍ അവന്റെ സംസാരം ആരേലും കേള്‍ക്കുന്നുണ്ടോയെന്നു ഞാന്‍ ചുറ്റുമൊന്നു നോക്കി. ഇനി ഇതെങ്ങാന്‍ ചേച്ചി കേട്ടാല്‍ എന്താകും....എന്നു വിചാരിച്ചിരുന്ന എന്നെ തോണ്ടി വിചാരത്തീനു ഉണര്‍ത്തിക്കൊണ്ട് രാകേഷ്‌ തുടര്‍ന്നു.

" ഇപ്പോഴും ഈ സമയത്ത് അവന്‍ പോകുന്നതല്ല... ആള് എവിടെയെങ്കിലും പോയിരിക്കാണേല്‍ സമയം ആകുമ്പോള്‍ താനെ ചീറിപാഞ്ഞു ഈ വഴി പോകും..ഡാ അവന്‍ ഉപയോഗിക്കണ ബൈക്ക്‌ കമ്പനിക്കാര്‍ക്ക് പോലും പിടി കിട്ടാത്ത കാര്യമാ ആ ബൈക്ക് എങ്ങനെ ഇത്രേം സ്പീഡില്‍ പോകുന്നെന്ന്......"

" ഇതുപോലുള്ള ചേച്ചി ഉണ്ടേല്‍ സൈക്കിളില്‍ ആണെങ്കില്‍ പോലും പറന്നു നമ്മള്‍ വരും..... അത് അന്റാര്‍ട്ടിക്കയിലല്ലാ ആലങ്ങാട്ടു നിന്നായാല്‍ പോലും..... അല്ലെ....? " ബാക്കി ഞാന്‍ പൂര്‍ത്തിയാക്കി.

" അതെ അളിയാ..... ഞാന്‍ നിനക്ക് ആളുടെ ഫോട്ടോ കാണിച്ചു തരാം..നീ കണ്ടിരുന്നോ..." എന്നുംപറഞ്ഞു രാകേഷ്‌ മൊബൈലില്‍ എടുത്ത ഫോട്ടോ കാണിച്ചുതന്നു...

'ശെടാ...! നല്ല പരിചയം ഉള്ള മുഖം....എവിടെയോ കണ്ടിട്ടുള്ളപോലെ.... ഓര്‍ത്തിട്ടു കിട്ടുന്നില്ല...'

കൂടുതല്‍ ഓര്‍ക്കാന്‍ നിക്കാതെ ഞാന്‍ വീട്ടിലെക്കു പോയി.

***************

പിറ്റേന്ന് കോളേജില്‍ വച്ചു ഞാന്‍ കണ്ടു, ആ പയ്യനെ....വൈകുന്നേരങ്ങളില്‍ സൂപ്പര്‍മാന്‍ പോലും മത്സരിക്കാന്‍ പേടിക്കുന്ന ആ പയ്യനെ.............................

Monday, November 22, 2010

ഇന്‍റെര്‍വ്യു

പരീക്ഷക്കാലം എല്ലാവരും വായിച്ചെന്നു വിചാരിക്കുന്നു...കാരണം ഇത് അതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഇതുമാത്രം വായിച്ചിട്ട് " ഈ ചെക്കന്‍ എന്തുട്ടാ ഈ എഴുതി വച്ചിരിക്കണേ...? " എന്ന് ആലോചിച്ച് ആരേലും ഇരിക്കുകയാണേല്‍ , അതില്‍ എനിക്കു പങ്കില്ലാട്ടോ.......

അങ്ങനെ നല്ല ഒന്നാംതരമായി ഞങ്ങള്‍ പരീക്ഷ എഴുതി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീത ടീച്ചര്‍ (പേരുകള്‍ എല്ലാം സാങ്കല്‍പ്പികം ആണ് ......ജീവിക്കണം മക്കളേ......) വന്നു പറഞ്ഞു റിസള്‍ട്ട്‌ വന്നിട്ടുണ്ടെന്ന് . ഞങ്ങള്‍ നാല് പേരും പോയി നോക്കിയില്ല..എന്തിനാ പോണേ....?എന്തായിരിക്കും ആ കടലാസ്സില്‍ എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം...അതിന് ഗണിച്ചു നോക്കണ്ട ആവശ്യം ഇല്ല...

ഞങ്ങള്‍ അതൊക്കെ വിട്ടു ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രീത ടീച്ചര്‍ റിസള്‍ട്ട്‌ കോപ്പി തന്നു.രാകേഷ്‌ അത് നോക്കാതെ എന്‍റെ കയ്യില്‍ തന്നു...

" എനിക്ക് വേണ്ട അളിയാ...." ഞാന്‍ പറഞ്ഞു...

ജഗ്ഗും പറഞ്ഞു..." പാസ്സ് "

സഞ്ജയ്‌ വാങ്ങി നോക്കി. പിന്നെ അവിടെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു..

" ഡാ... ഇതില്‍ നമ്മുടെ പേര് കിടക്കണൂ ....."

ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു പറഞ്ഞു.... " പോടാ പുല്ലേ ആളെ വടിയാക്കാതെ.."

"അല്ലടാ ദേ നോക്ക്.."

ഞങ്ങള്‍ വാങ്ങി നോക്കി..
ശരിയാ.. ദേ കിടക്കുന്നു പേരുകള്‍...!!

മാര്‍ക്കും കണ്ടപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. ഒന്നില്ലെങ്കില്‍ പ്രീതാജി ഞങ്ങളെ വടിയാക്കി.അല്ലെങ്കില്‍ ലിസ്റ്റ് അടിച്ചവര്‍ക്ക് മാറിപ്പോയി.അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോള്‍ പ്രീതാജി വന്നു പറഞ്ഞു.

" നാളെ ഉച്ചക്ക് ഇന്റര്‍വ്യൂ ഉണ്ട്...സൊ, ബി പ്രിപെയേട്..."

ശരിയെന്നാ.....

ഇത് ഞങ്ങള്‍ വളരെ സീരിയസ് ആയിട്ടു എടുത്തു. കാരണം എന്ട്രന്‍സ് എക്സാം ജയിച്ചവര്‍ക്ക് കോഴ്സ് പഠിക്കുന്നതിനു ഫീസ്‌ ഇല്ല എന്നുള്ള അറിയിപ്പുകൊണ്ട് തന്നെ.....

എല്ലാവരും പിറ്റേന് ഉച്ചക്ക് എത്തി...ഞാന്‍ എല്ലാവരുടേം ഡ്രസ്സ്‌ മാറി മാറി നോക്കി. ചിരിക്കണോ കരയണോ എന്ന് കണ്‍ഫ്യൂഷന്‍. ജനിച്ചിട്ട് ഇതുവരെ ഇന്‍ഷര്‍ട്ട്‌ ചെയ്യാത്തവര്‍ വരെ ടിപ് ടോപ്‌ ആയി വന്നിരിക്കുന്നു. ബട്ട്‌ എനിക്ക് പെട്ടന്ന് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല..കാരണം അതിന്‍റെ കൂട്ടത്തില്‍ മൂന്ന് പരിചയമുള്ള മാന്യന്‍മാര്‍.
ഹോ കാണണ്ട കാഴ്ച്ച തന്നെ.!

പെട്ടന്ന് ചിന്തിച്ചു, ഞാന്‍ മാത്രം എന്തിനാ കൂതറ ആയി നിക്കണേ..? ലാബില്‍ കേറി ഷര്‍ട്ട്‌ വാരിക്കൂട്ടി പാന്ടിന്‍റെ ഉള്ളിലാക്കി.ഞങ്ങള്‍ നാലുപേരും ഒരുമിച്ചു വാതില്‍ക്കല്‍ കാത്തിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്ന എല്ലാവരുടേം മുഖത്ത് എന്തോ ഒരു വല്ലായ്മ. ഇറങ്ങി വന്ന ഒരുത്തനോട്‌ സഞ്ജയ്‌ മാറിനിന്നു എന്തൊക്കയോ ചോദിച്ചു.

അവന്‍ അടുത്തു വന്നപ്പോള്‍ രാകേഷ്‌ ചോദിച്ചു. " എന്തു പറഞ്ഞെടാ....? "

" കിട്ടാന്‍ പ്രയാസമാണെന്നാ പറഞ്ഞെ. കൂടുതലൊന്നും പറഞ്ഞില്ല. "

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ പ്രീത ടീച്ചര്‍ വന്നു പേര് വിളിച്ചു.

" രാകേഷ്‌ കൃഷ്ണ..."

" ഞാന്‍ ഇവിടുണ്ട് ചേച്ച്യേ.....എടാ ഞാന്‍ പോയിട്ട് വരാം..."

" ആയുഷ്മാന്‍ ഭവ: " ജഗ്ഗു അനുഗ്രഹിച്ചു.

" ഓ.... പിന്നേ... ഞാന്‍ ഗുസ്തിക്കല്ലേ പോണേ.. "

" ആ സാറിനോട് ഗുസ്തിക്കും ചാന്‍സ് ഉണ്ട്. നെ വേഗം പോ..." എന്നും പറഞ്ഞ് ഞങ്ങള്‍ അവനെ തള്ളിവിട്ടു.
അവന്‍ കയറി അഞ്ചു മിനിറ്റ്‌ ആകുന്നതിനു മുന്നേ പ്രീത ടീച്ചര്‍ ഡോറിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ടു.

" ബിബിന്‍ വര്‍ഗീസ്സ് "

" എടാ എന്റെ നമ്പര്‍ എത്തി.. ഞാനും പോയി വരാം മക്കളേ.... "

ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ രാകേഷ്‌ പുറത്തേക്ക് വന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ...? പണിയാണോഅളിയാ...? "

" നീ കേറ് . അപ്പോ അറിയാം..."
ദുഷ്ടന്‍ ഒരു ക്ലൂ പോലും തന്നില്ല.എല്ലാം വന്നിടത്ത് വച്ച് കാണാമെന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ റൂമിലേക്ക്‌ കേറി. ഇന്റര്‍വ്യൂ എങ്ങനേം പാസ്‌ ആവണം. കാരണം, എന്ട്രന്‍സ് എക്സാം ജയിച്ചതുകൊണ്ട് കോഴ്സ് ഫ്രീ ആണെന്നാ പറഞ്ഞേക്കണേ. ഇനി കാശിനു ഓടി നടക്കണ്ടല്ലോ. റൂമില്‍ കയറി സാറിന്റെ ടേബിളിന്റെ മുന്നിലെത്തി.

" ബിബിന്‍ ഇരിക്കൂ..."

" താങ്ക്യൂ സര്‍..."

സാറോന്നു ചിരിച്ചു. ഞാനും..
ചിരിച്ചുകൊണ്ട് അപൂര്‍വമായേ ഞങ്ങള്‍ നാലുപേരുടേം മുന്നില്‍ സാറ് പ്രത്യക്ഷപെട്ടിട്ടുള്ളൂ. മിക്കപോഴും ഞങ്ങളെ മുഖം കാണിക്കാന്‍ വരുന്നത് ബൈക്ക് പിടിക്കാന്‍ വരുന്ന കോണ്‍സ്റ്റബിളിനെ പോലെയാണ്.
ആ ചിരിയില്‍ എന്തോ പന്തികേട് ഇല്ലേ, എന്ന് ആലോചിച്ച എന്നോട് പെട്ടെന്ന് സാര്‍ ചോദിച്ചു..

" ഭക്ഷണം കഴിച്ചോ...?" രാവിലെ മുതല്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇന്റര്‍വ്യൂ കാത്ത് കിടന്നിരുന്ന എന്നോടുള്ള ആദ്യ ചോദ്യം.
" പിന്നേ.. കഴിച്ചു സാര്‍." വിശന്ന് ഊപ്പാട് വന്ന വയറുംതടവി ഞാന്‍ മറുപടി കൊടുത്തു.

" ഓക്കേ. നമുക്ക് കോഴ്സിന്റെ കാര്യം സംസാരിക്കാം."
ഞാന്‍ ഒന്ന് കസേരയില്‍ നിവര്‍നിരുന്നു. ഷര്‍ട്ട്‌ നേരെയാക്കി ടിപ് ടോപ്‌ ആയി ഇരുന്നു.

" ബിബിന്‍, കോഴ്സ് ആറു സെമെസ്റ്റര്‍ ആണ്. അവസാനത്തെ സെം ജോബ്‌ ട്രെയിനിംഗ് ആണ്. മനസ്സിലായോ? "

" ഉവ്വ് സര്‍."

" ഒരു സെമെസ്റ്റര്‍ ഫീസ്‌ മുപ്പതിനായിരം രൂപ ആണ്. അത് ഓരോ സെമെസ്റ്റര്‍ തുടങ്ങുമ്പോഴും ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ അത് അടക്കണം.."

ഇത് കേട്ടപ്പോള്‍ത്തന്നെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. ഞാന്‍ ഫുള്‍ കൈ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചു.

" അങ്ങനെ 6 സെം ആകുമ്പോള്‍ മൊത്തം തുക ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ആകും. പിന്നെ ബാങ്ക് ലോണ്‍ വേണമെങ്കില്‍ റെഡി ആക്കാം."

അത് ശരി. കാശ് കളയുകമാത്രമല്ല കെടപ്പാടം കൂടി കൊളമാക്കാനാ കെളവന്റെ പ്ലാന്‍.
" എന്താ ആലോചിക്കണേ... ചേരുന്നില്ലേ...? ഏറ്റവും ബെറ്റര്‍ ചാന്‍സ് ആണ് ഉള്ളത്. "

' അതെടോ, നല്ല ചാന്‍സ് ആണ്.' ഇന്‍ഷര്‍ട്ട്‌ ചെയ്ത ഷര്‍ട്ട്‌ വാരി പാന്റിന്റെ പുറത്തിട്ടിട്ടു മനസ്സില്‍ പറഞ്ഞു.

"ഞാന്‍ പറയാം സര്‍."

" ബിബിന്‍, ഒരു കാര്യം കൂടി ഉണ്ട്. "

കര്‍ത്താവേ ഇനി എന്നാ കുരിശാ എന്നോര്‍ത്ത് നോക്കിയ എന്റടുത്തു ഒരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് പുള്ളി അരുളി...

" ഓരോ സെമെസ്റ്റര്‍ കഴിയുമ്പോഴും എക്സാം ഉണ്ടാകും. അതില്‍ തോല്‍ക്കുകയാണെങ്കില്‍ രണ്ടാമത് എക്സാം എഴുതി ജയിക്കണം.എന്നാലെ അടുത്ത സെമെസ്റ്റര്‍ എടുക്കൂ. തോറ്റിട്ടു എഴുതുമ്പോള്‍ പന്ത്രണ്ടായിരം രൂപ എക്സ്ട്രാ അടക്കണം. "

ഇത് കേട്ടപ്പോള്‍ തന്നെ മനസിലായി. ഞാന്‍ ഇവിടെ വന്നതാണ്‌ പൊറുക്കാനാകാത്ത തെറ്റ്. ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി.

അവന്മാര്‍ വര്‍ത്തമാനം പറഞ്ഞു നിക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ..." രാകേഷിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യം.

"സൂപ്പര്‍ ആയിരുന്നളിയാ... അടുത്തത് ആരാ..."

" മിക്കവാറും എനിക്കായിരികുമെടാ " ജഗ്ഗു പറഞ്ഞു.

" അങ്ങോട്ട്‌ പോയപ്പോള്‍ ടിപ് ടോപ്‌ ആയി പോയ ആള്‍ എന്താടാ ഇങ്ങോട്ട് വന്നപ്പോള്‍ അലമ്പായി വന്നെക്കണേ...?"

ആ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല. പക്ഷേ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

" പാന്റ് ഇടാതെ ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു.................... "

Saturday, November 6, 2010

സ്പെഷ്യല്‍ ഗിഫ്റ്റ്‌

ഓഫീസില്‍നിന്ന് തളര്‍ന്നൊടിഞ്ഞു വന്ന് ഷൂസെല്ലാം അച്ചടക്കത്തോടെ രണ്ടു ദിക്കിലുമായി ഇട്ടിട്ട് റൂമിലേക്ക്‌ കേറി. ഡ്രസ്സ്‌ മാറുന്നതിന്റെ ഇടയില്‍ ഞാന്‍ കണ്ടു ഒരുത്തന്‍ ലാപ് ടോപിന്റെ മുന്നില്‍ എന്തോ പോയ ആരൊക്കെയോ പോലെ ഇരിക്കുന്നു.

"എന്താടാ..... ഡാ ജഗ്ഗൂ...എന്തു പറ്റി.....?"

വിളിച്ചു ചോദിച്ചിട്ട് ഒരനക്കവും ഇല്ല. അടുത്ത് ചെന്ന് നോക്കിപ്പോള്‍ മച്ചാന്‍ ഓര്‍ക്കുട്ടിലെ സ്ക്രാപ്‌ ബുക്ക്‌ തപ്പികൊണ്ടിരിക്കുന്നു. ഒന്ന് റിഫ്രെഷ് അടിച്ചിട്ട് ആത്മഗതം പറഞ്ഞു.

" മാങ്ങാത്തൊലി...! ഒന്നുപോലുമില്ലല്ലോ ദൈവമേ.... ഹൊ!!! "

"നീ കാര്യം പറ...." ഞാന്‍ അവന്റെ അടുത്തിരുന്നു.

" എടാ, ഇന്നലെ അവളുമായിട്ട് ഞാന്‍ സ്ക്രാപ്പിംഗ് ആയിരുന്നു. ഇന്നും സോള്ളാം എന്നുവിചാരിച്ച് ഇരുന്നതാ..... ഞാന്‍ ഒന്നുരണ്ടു സ്ക്രാപ്‌ അയച്ചു... " അവന്‍ എന്നോട് സോള്ളി.

"എന്നിട്ട്...?" ഞാന്‍ ഉഷാറായി.

" എന്നിട്ടെന്താ....ഇതിപ്പോ കാത്തിരുന്നിട്ട് മണിക്കൂര്‍ ഒന്നായി...നൊ റിപ്ലേ...." അവന്റെ വിഷമങ്ങള്‍ ഉഷാറായി നിന്ന എന്റെ നേര്‍ക്ക്‌ കൊട്ടി.

" അതിനിപ്പോ ഇങ്ങനെ ഇരുന്നിട്ട് എന്ത് കാര്യം...? നീ വാ....." ഞാന്‍ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

"അളിയാ... എന്ത് ചെയ്യും..? ഒരു സൊല്യൂഷന്‍ പ്ലീസ്‌....." അവന്‍ അത് വിടാനുള്ള ഭാവമില്ല.

അത് മനസിലായപ്പോള്‍ ഞാന്‍ ചുമ്മാ ഒരു സൊല്യൂഷന്‍ കൊടുത്തു.

" ഒരു കവിത എഴുതി അയക്കളിയാ.... നമുക്ക് നോക്കാലോ എന്താകൂന്ന്.... "

അപ്പൊത്തന്നെ എനിക്കുള്ളത് കിട്ടി. ഒരു കവിത ഞാന്‍ കൊടുക്കണം പോലും. കവിയേതാ തവിയേതാ എന്ന് തിരിച്ചറിയാത്ത ഞാന്‍...!!

നെറ്റില്‍ എവിടെയോ തപ്പി നാല് വരി കവിത അവനു കൊടുത്തു. അത് അവന്‍ അവന്റെ വാക്കുകള്‍ വച്ച് എഡിറ്റ്‌ ചെയ്ത് സ്ക്രാപ്‌ അയച്ചു. അവന്റെ ഉള്ളിലെ കവിയെ ആ കൊച്ച് അറിയട്ടെ എന്ന് കരുതിയാകണം.

അവന്‍ ലാപ്പില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി. പെട്ടന്ന് തന്നെ അവന്റെ വിളി വന്നു. സൊല്യൂഷന്‍ ഓക്കേ ആയല്ലോ എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ ചെന്നു.

" ഇപ്പോള്‍ എങ്ങനെ ഉണ്ടടാ..... ചേട്ടന്മാര്‍ പറഞ്ഞു തന്നപോലെ ചെയ്തപ്പോള്‍ റിപ്ലേ കിട്ടിയല്ലേ.....? " ഞാന്‍ ഉറക്കെ ചോദിച്ചു. ഒന്നുരണ്ടുതവണ ലാപ്പിലെക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കിട്ടു പറഞ്ഞു..
" ആ സ്ക്രാപ്‌ കാണാനില്ലാടാ...... "

" ഞാനും ലാപ്പില്‍ നോക്കി. ശരിയാ...അത് കാണാനില്ല. വിവരമുള്ള ആ കൊച്ച് അത് സ്ക്രാപ്‌ വിലയ്ക്ക് പോലും കണക്കാക്കാന്‍ പറ്റാത്തതുകൊണ്ട് ഡിലീറ്റ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി. താടിക്ക് കയ്യും കൊടുത്ത് കസേരയില്‍ ഇരിക്കുന്നു. അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ഇപ്പോഴാ നീ കവിയായെ എന്ന് മനസ്സില്‍ പറഞ്ഞു.

" നേരത്തെ സ്ക്രാപിനു റിപ്ലേ ഉണ്ടായില്ലന്നേ ഒള്ളു...... നീ പറഞ്ഞത് കേട്ടു ഇട്ടപ്പോള്‍ അവള്‍ അത് ഡിലീറ്റ്‌ ചെയ്തിരിക്കുന്നെടാ ദുഷ്ടാ...." എന്നുള്ള അവന്റെ ഡയലോഗ് കേട്ടപ്പോള്‍ എന്റെ ചിരിയുടെ ലെവല്‍ ഒന്ന് ഉയര്‍ന്നു...ഞാന്‍ റൂമിന്റെ പുറത്തേക്ക് ഓടിയതിന്റൊപ്പം എന്റെ മനസും കുറച്ചു വര്‍ഷങ്ങളുടെ പുറകിലേക്ക് ഓടി......

എട്ടാംക്ലാസ്‌ തുറന്നതിന്റെ ആദ്യ ആഴ്ച്ച, വിദ്യാ ട്യുഷന്‍ സെന്റെറിലെ ക്ലാസ്സ്‌ റൂമില്‍ മഴയില്‍ നനഞ്ഞ് തണുപ്പത്ത് ഒരു ബഞ്ചില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്ന് ഒരുപോലെ വിറച്ചു. ക്ലാസ്സ്‌ തുടങ്ങാറായപ്പോള്‍ ഞങ്ങളുടെ ഇടയിലേക്ക് ചുരിദാര്‍ ഇട്ട ഒരു മെലിഞ്ഞ സുന്ദരിക്കുട്ടി കടന്നുവന്നു. അവള്‍ സ്കൂള്‍ യൂണിഫോമിലല്ലാതെ ചുരിദാര്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചു,

ഒന്നുകില്‍ ഇവള്‍ പുതിയ കുട്ടി, അല്ലേല്‍ പ്രൈവറ്റ് ആയി പഠിക്കാന്‍ വന്നിരിക്കുന്നത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ പേരുപോലും ഒന്ന് പറയാതെ ആദ്യത്തെ ബഞ്ചില്‍ പോയിരുന്നു.

" ഇവള്‍ എവിടന്നു വരുന്നെടാ.....? " പേര് പറയത്തതിലുള്ള അമര്‍ഷം ദില്‍ജിത്ത് അടക്കിവച്ചില്ല.

ഞങ്ങള്‍ അഞ്ചുപേരുടെയും നോട്ടം അവളിലേക്കായി. ട്യൂഷന്‍ കഴിഞ്ഞ് സ്കൂളില്‍ ചെന്നു. ഇന്റര്‍വെല്‍ ആയപ്പോള്‍ എട്ട് A യിലെ ദീപു എന്റെ ക്ലാസ്സ്‌ ആയ എട്ട് B യിലേക്ക് ഓടി വന്നു.അവന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു.

" എടാ ആ പെങ്കൊച്ച് എന്റെ ക്ലാസ്സിലുണ്ട് , പുതിയ അഡ്മിഷന്‍ ആണ്. "

" പേരെന്താടാ ....??? "
ഞങ്ങള്‍ ബാക്കി നാലും ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍, വളരെ ഒത്തൊരുമയോടെ ചോദിച്ചു.

" ഞാന്‍ ക്ലൂ തരാം പറ്റുമെങ്കില്‍ കണ്ടു പിടിച്ചോ..." എന്നും പറഞ്ഞ് രണ്ടുവരി നിമിഷ കടങ്കഥയും ചൊല്ലിക്കൊണ്ട് അവന്‍ പോയി.

" വാഴയിലുണ്ട് തേക്കിലില്ല
ആണിയിലുണ്ട് സ്ക്രൂവിലില്ല "

" വാണി !!!"

ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അപ്പോള്‍ എവിടെയോ ഒരു മിന്നായം.... കാതല്‍ അമ്പ് കൊണ്ടാച്ച്.....പിന്നെ അവളുടെ പുറകേ നടക്കല്‍ ആരംഭിച്ചു. അവള്‍ ഒന്ന് നോക്കുന്നത് തന്നെ, ഓണത്തിന് വിഷുകൈനീട്ടവും ക്രിസ്മസ് കേക്കും ഒരുമിച്ചു കിട്ടുന്ന പ്രതീതി ആയി.

അങ്ങനെ വാണിയുടെ ശ്രദ്ധ കിട്ടുന്നതിനായി പല അഭ്യാസങ്ങളും കാണിക്കാന്‍ തുടങ്ങി. സൈക്കിള്‍ ഒരു കൈ വിട്ടുചവിട്ടി , മുന്‍ചക്രം പൊക്കി ചവിട്ടി, രണ്ടു കൈയ്യും വിട്ടു ചവിട്ടി. അവസാനം നാലുകാലില്‍ റോഡില്‍ നിന്നും എഴുന്നേറ്റ് വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നു.

" എടാ... ഇങ്ങനെ പോയാല്‍ ശരിയാകില്ല...നിന്റെ ഇഷ്ടം അവളെ അറിയിക്കണം." ദില്‍ജിത്ത് മൊഴിഞ്ഞു.

" അത് ഓക്കേ...ബട്ട്‌..... ആര് പോയി പറയും..? " പൊതുവേ ഇങ്ങനത്തെ കാര്യങ്ങള്‍ നേരിട്ട് പറഞ്ഞാല്‍ അതിലെ ത്രില്ല് പോകുമെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ചോദിച്ചു..

അങ്ങനെ ആ ദൗത്യം രാജീവ് ഏറ്റെടുത്തു.

" എന്ന് പറയണം...? " അവനു തിടുക്കമായി. " നാളെത്തന്നെ ആയിക്കോട്ടെ...അല്ലേ...."

പിറ്റേന്ന് രാവിലെ തന്നെ രാജീവ്‌ അവന്റെ ചുമതല ഭംഗിയായി തീര്‍ത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആകാംഷയോടെ നിന്നിരുന്ന ഞങ്ങള്‍ അവനോടു ചോദിച്ചു.

" കാര്യമെന്തായെടാ.....? "

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഞാന്‍ അവളോട്‌ നിന്റെ കാര്യം പറഞ്ഞു.അവള്‍ ഒന്നും മിണ്ടിയില്ല. ഡാ... മൗനം സമ്മതം എന്നല്ലേ...? ചെലവ് ഉണ്ടട്ടോ..... "

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ബെല്‍ അടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക് പോയി. ഓരോന്ന് സ്വപ്നം കണ്ട് ഞാനും പോയി എന്റെ ബഞ്ചില്‍ ഇരുന്നു....

ടീച്ചര്‍ വന്നപാടെ പറഞ്ഞു.

" ഇന്ന് ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നു."

ആദ്യം തന്നെ ഇരിക്കുന്ന കുട്ടി ഞാന്‍ ആയതുകൊണ്ട് ടീച്ചര്‍ എന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

" നീ ഇന്നുമുതല്‍ ക്ലാസ്സ്‌ ലീഡര്‍..."

ഹായ്....! ലോട്ടറി അടിച്ചവന് സ്വര്‍ണമാല വഴിയില്‍ കിടന്നു കിട്ടിയ പോലെ ആയി. ഷൈന്‍ ചെയ്യാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം...

ഉച്ചക്ക് ക്ലാസ്സ്‌ വിട്ടപ്പോള്‍ തന്നെ നേരെ ബാബു ചേട്ടന്റെ കടയിലേക്ക് ഓടി..കൂട്ടുകാര്‍ക്കൊക്കെ അമ്പതു പൈസയുടെ മിട്ടായി വാങ്ങി. സ്പെഷ്യല്‍ ആയി ഒരു മഞ്ച് എക്സ്ട്രാ വാങ്ങി.

ബട്ട്‌ ഒരു ഡൌട്ട്...!

" മഞ്ച് കൊടുത്താല്‍ അവള്‍ വാങ്ങിക്കോ..?"

അവരോട് ഞാന്‍ എന്റെ സംശയം അറിയിച്ചു. വാങ്ങുമോ ഇല്ലയോ എന്ന് അറിയാനുള്ള ചാന്‍സ് ദില്‍ജിത്തിന് കൊടുത്തു. അവന്‍ ചോദിയ്ക്കാന്‍ പോയി ചിരിച്ചുല്ലസിച്ചുകൊണ്ട്‌ തിരിച്ചു വരുന്നു.....

" എന്ത് പറഞ്ഞെടാ....? " ആകാംഷ അടക്കാനാകാതെ വിളിച്ചു ചോദിച്ചു.

അവന്‍ എല്ലാവരുടേം മുന്നില്‍ വച്ച് വിളിച്ചു പറഞ്ഞു...

" അളിയാ...ഞാന്‍ ചോദിച്ചപ്പോതന്നെ അവള്‍ മറുപടി തന്നടാ.... നിന്റെ അച്ഛനു കൊണ്ടുപോയി കൊടുക്കനാടാ അവള്‍ പറഞ്ഞെ...."

എന്റെ എല്ലാ സ്വപ്ന കോട്ടകളും തകരുന്നത് ഞാന്‍ അറിഞ്ഞു. കണ്ണിനു മുന്നിലെ വെള്ളത്തുള്ളിക്കിടയിലൂടെ ഞാന്‍ എല്ലാവരെയും നോക്കി. എല്ലാവരും ഉറക്കെ ചിരിക്കുന്നു...

" ഡാ... നീ ഏതു ലോകത്താ..... ഇതിനൊരു പരിഹാരം പറഞ്ഞു താടാ...... " ജഗ്ഗുന്റെ ചോദ്യം എന്നെ പ്രസെന്റിലേക്ക് കൊണ്ടുവന്നു..

പെട്ടന്ന് അവന്റെ കാര്യം ഓര്‍ത്തപ്പോ ഞാന്‍ ചിരിച്ചു...അന്ന് ചിരിച്ച് ചിരിച്ച് താഴെ വരെ വീണ അവന്റെ മുഖത്ത് നോക്കി പൊട്ടി പൊട്ടി ചിരിച്ചു.........

Wednesday, October 20, 2010

മാലാഖ

ഞാന്‍ എട്ടില്‍ പഠിക്കുന്ന കാലം, ക്ലാസ്സ്‌ കട്ട്‌ ചെയ്യണത് എങ്ങനെ എന്നും കറങ്ങാന്‍ പോകണ്ടത് എങ്ങനെ എന്നും ഗവേഷണം നടത്തുന്ന സമയം. അങ്ങനെ നടക്കുന്ന സമയത്ത് കൂട്ടുകാര്‍ പറഞ്ഞു,

"ഈ വരുന്ന ബുധനാഴ്ച്ച നമുക്ക് മുണ്ട് ഉടുക്കാം.... ഒരു വെറൈറ്റി ആയിക്കോട്ടെ....."

എല്ലാവരോടും അഭിപ്രായം ചോദിച്ചു. ബുധനാഴ്ച്ച ആണ് ഞങ്ങളുടെ സ്കൂള്‍ കളര്‍ഫുള്‍ ആകുന്നത്. ആഴ്ചയിലെ ആ ദിവസം മാത്രം ഞങ്ങള്‍ തടവുകാരല്ല. അന്ന് യൂണിഫോം നിര്‍ബന്ധമില്ല. പിന്നെ എന്നും മലയാളിയുടെ അഭിമാനമായ ലുങ്കി വീട്ടില്‍ ഉടുക്കുന്നതിന്‍റെ ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

" ഓക്കേ.....മുണ്ടുടുക്കാം...അപ്പോള്‍ ഈ വരുന്ന ബുധനാഴ്ച്ച നമ്മളെല്ലാം മുണ്ടന്മാരാകും....."

അങ്ങനെ ആ ശുഭദിനം വന്നെത്തി. രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റ് റെഡി ആയിതുടങ്ങി. മുണ്ട് എടുത്ത് ഉടുത്തു. ശരിയാകുന്നില്ല...! കാരണം കസവ് മുണ്ട് ഉടുക്കുമ്പോള്‍ കാര്‍ന്നോമാര്‍ പറയണത് കസവെന്നു പറയുന്ന ആ വര വലതു തുടയില്‍ നേരെ കിടക്കണമെന്നാണല്ലോ..........?

രക്ഷയില്ലാ....എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല...

അപ്പോള്‍ ഞാന്‍ ആ മഹത് സത്യം ഞാന്‍ മനസിലാക്കി. എനിക്ക് മുണ്ട് ഉടുക്കാന്‍ അറിയില്ല....!

ലുങ്കി ഉടുക്കുന്നതാണേല്‍ അറയില്‍ ചുറ്റിക്കെട്ടി വെയ്ക്കാറാ പതിവ്. അതാണെങ്കില്‍ പുറത്തെങ്ങും പോകാറുമില്ല. അനുസരണ ഉള്ളതുകൊണ്ട് എന്നേം കെട്ടിപിടിച്ച് കിടന്നോളും.പിന്നെ ഈ പറയുന്ന സാധനത്തിന് വരയും കുറിയും ഒന്നും ഇല്ലല്ലോ.......

എന്‍റെ വിഷമവൃത്തോം ചതുരോം കണ്ട് പേപ്പന്‍ സഹായിച്ചു. ഞാന്‍ മുണ്ടുടുത്ത് സ്കൂളില്‍ ചെന്നു. കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അവരും മുണ്ട് ഉടുത്തിട്ടുണ്ട്. നേരെ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ തുമ്പി ഏതാ തൂമ്പ ഏതാ എന്നറിയാത്തവന് കര്‍ഷകശ്രീ അവാര്‍ഡ്‌ കിട്ടുമ്പോള്‍ നോക്കുന്നതുപോലെ എല്ലാവരും എന്നെ മൊത്തമൊന്നു നോക്കി.

ഞാന്‍ മുണ്ട് ഉടുത്തതിലല്ല മുണ്ടിന്‍റെ വലുപ്പം കണ്ടിട്ടാണ് എന്നെ അതിശയത്തോടെ നോക്കിയതെന്ന് പെട്ടന്ന് തന്നെ മനസിലായി.

" തോര്‍ത്തു വലുപ്പമുള്ള കസവ് മുണ്ട് കടകളില്‍ വില്‍ക്കുന്നുണ്ടോടാ.....?"

ചോദിച്ചവന്‍റെ മുഖത്തുനോക്കി " അല്ലഡാ ടവല്‍ വലുപ്പത്തിലുള്ളതും ഇപ്പോള്‍ കിട്ടും... "

എന്ന് പറയണമെന്ന് ആഗ്രഹമുണ്ടായെങ്കിലും പറഞ്ഞില്ല.അത് വേള്‍ഡ് കപ്പില്‍ ക്യാച്ച് വിട്ട ഇന്ത്യന്‍ കീപ്പറുടെ ചിരിപോലത്തെ ഒരണ്ണത്തില്‍ ഒതുക്കി.

ബെല്‍ അടിച്ചു. ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു. വന്നപാടെ എന്‍റെ നേര്‍ക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു..

" സ്റ്റാഫ്‌ റൂമില്‍ പോയി രജിസ്റ്റര്‍ എടുത്തുകൊണ്ട് വാ...., ഞാന്‍ അതെടുക്കാന്‍ മറന്നുപോയി..... "

ഏറ്റവും ആദ്യം ഇരിക്കുന്നതു ഞാന്‍ ആയതുകൊണ്ടാണ് എനിക്ക് നറുക്ക് വീണത്‌. പോക്കക്കൂടുതല്‍ കൊണ്ടും പഠിക്കാന്‍ വളരെ അധികം താല്പര്യം ഉള്ളതുകൊണ്ടും മിക്ക ടീച്ചര്‍മാരും എന്നെ ഇരുത്തിയിരിക്കുന്നത് ഫസ്റ്റ് ബഞ്ചില്‍ ഫസ്റ്റ് സീറ്റില്‍ ആണ്.

ഞാന്‍ അഭിമാനത്തോടെ എഴുന്നേറ്റു. മനസ്സില്‍ പറഞ്ഞു..
"ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ നോക്കും. മുണ്ട് ഉടുക്കാത്ത പയ്യന്‍മാര്‍ നിരാശയോടെ മനസ്സില്‍ പറയും..."

" ഇനി എന്നാണാവോ ഞങ്ങള്‍ക്കൊക്കെ ഇത് ഉടുക്കുവാനുള്ള ഭാഗ്യം ഉണ്ടാകണത് ......"

ക്ലാസ്സ്‌ കഴിഞ്ഞിട്ടു വേണം ഇ പ്ലാന്‍ ഉണ്ടാക്കിയവന് ഒരു ഉമ്മേം ഒരു മിട്ടായിം കൊടുക്കണമെന്ന് വിചാരിച്ചു ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. അവിടെ ചെന്ന് രജിസ്റ്റര്‍ എടുത്തു പോരാന്‍ തുടങ്ങിയപ്പോഴാണ് ക്ലാസ്സില്‍ വക്കാനുള്ള ഒരു ചാര്‍ട്ടും പത്മ ടീച്ചര്‍ തരുന്നത്.

അങ്ങനെ ഒരു കയ്യില്‍ രജിസ്റ്റര്‍ മറു കയ്യില്‍ ചാര്‍ട്ട് എന്ന രീതിയില്‍ ഞാന്‍ നടന്നു. ക്ലാസ്സിന്‍റെ അടുത്ത് എത്താറായപ്പോള്‍ എന്‍റെ അഭിമാനം മൊത്തം കവരാന്‍ ഒരു കാറ്റ് വീശി. എന്താ അവിടെ നടന്നത് എന്നെ ഒരു പിടിം കിട്ടിയില്ല. മൊത്തത്തില്‍ ചിരി മയം.

ആ വീശിയ കാറ്റ് എന്നെ ഒരു മാലാഖ ആക്കി മാറ്റി. എല്ലാവരും എന്നെ കാണുന്നത് സ്വര്‍ഗ്ഗലോകത്തില്‍നിന്നും വെള്ളിമേഘത്തിലേറി വെള്ള ചിറകുകള്‍ വീശി ക്ലാസ്സിലേക്ക് വരുന്ന ഒരു മാലാഖ ആയിട്ടാണ് എന്ന സത്യം ഞാന്‍ മനസിലാക്കി.

ചിരി....ഇത്രേം ചിരി അവിടെ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എന്‍റെ അറിവിലില്ല..

ഒരു സെക്കന്ടിനുള്ളില്‍ ശരീരം തീ പോലെ ചൂടാകുന്നതും ഐസ് പോലെ തണുക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ഈ മുണ്ട് പ്ലാന്‍ ഇട്ടവനെ അപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ആ മുണ്ടുകൊണ്ട് തന്നെ അവനെ തൂക്കി കൊന്നേനെ.

നേരെ ക്ലാസ്സില്‍ കയറി രജിസ്റ്റര്‍ ടീച്ചര്‍ക്ക് കൊടുത്ത് എന്‍റെ സീറ്റില്‍ പോയിരുന്നു. ടീച്ചര്‍ പേര് വിളിച്ചു തീര്‍ത്തു.

ബട്ട്‌. എന്‍റെ പേര് വിളിച്ചില്ല. അത് ചോദിച്ച എന്നോട് അപ്പൊത്തന്നെ ഉത്തരവും തന്നു..

" ഞാന്‍ അത് മാര്‍ക്ക് ചെയ്തെടാ...... ഇനി ഇപ്പൊ അത് ഞാന്‍ മാര്‍ക്ക് ചെയ്തില്ലേലും ഈ ദിവസം നീ വന്നിരുന്നെന്നു എല്ലാവര്‍ക്കും അറിയാം....ഇനി അത് മറക്കേം ഇല്ല......പോരെ....? "

Wednesday, September 1, 2010

പരീക്ഷാക്കാലം

മാതാവിനെ മനസ്സില്‍ വിചാരിച്ച് അനുഗ്രഹം വാങ്ങി ഞാന്‍ എന്‍റെ ആദ്യ ബ്ലോഗ്‌ ( സ്വന്തമായി എഴുതുന്നത്‌ ) തുടങ്ങുന്നു. ഇത്രേം എഴുതിയിരുന്നത് വെല്ലവരുടെം ആണ്. എക്സ്ട്രാ കടപ്പാട് എന്ന് എഴുതി ചേര്‍ക്കും. ദാട്സ് ഓള്‍.....അല്ലാതെ നമ്മള്‍ എന്തെഴുതാന്‍.

കഴിഞ്ഞ ദിവസം വെറുതെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ (ഒറ്റക്കല്ല) വന്ന വിഷയമാണ്‌.ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഞങ്ങളുടെ പരീക്ഷ എഴുത്ത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ജഗ്ഗു, രാകേഷ്‌, പിന്നെ സഞ്ജയ്‌. കഥാപാത്രങ്ങളെ കുറിച്ച് പിന്നെ പറയാം.

ഞങ്ങള്‍ NIIT ഇല്‍ കമ്പ്യൂട്ടര്‍ പഠിക്കുന്ന കാലം.!!!!!!
വെക്കേഷന്‍ ആയതിനാല്‍ വിട്ടില്‍ നിന്നാലുള്ള ചിലവ് ഓര്‍ത്ത് വീട്ടുകാര്‍ ഫീസും തന്ന്‌ പറഞ്ഞു വിട്ടതാണ്.... അതിന്‍റെ പേരും പറഞ്ഞ് കറങ്ങി നടന്ന് അവസാനം ഒരു പരീക്ഷ വന്നു.

ഒരു എന്ട്രന്‍സ് പരീക്ഷ.!

എല്ലാരും പരീക്ഷക്ക്‌ പേര് കൊടുത്തു.

ഞങ്ങളും കൊടുത്തു..

ഒരു വാക്ദാനം കേട്ടാണ് കൊടുത്തത്....

" ഇത് പഠിച്ചാല്‍ ജോലി ഉറപ്പ്....മാത്രമല്ല പടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാന ആറുമാസം ഒരു കമ്പനിയില്‍ ട്രെയിനിംഗ്...."

പോരെ... ഞങ്ങള്‍ എപ്പോ എക്സാം ഫീ അടചെന്നു ചോദിച്ചാ മതി.
(ഫീസ്‌ അടച്ച് പരീക്ഷ എഴുതാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. ആ പേരില്‍ വേറെ കാശ് വീട്ടിന്‌ മുക്കാലോ..?)

അങ്ങനെ പരീക്ഷ ദിവസം വന്നു.ഉച്ചക്ക് രണ്ടുമണിക്ക് പരീക്ഷ.

രാവിലെതന്നെ ഞങ്ങള്‍ വന്നു. ഞങ്ങള്‍ പണി തുടങ്ങി...ഓരോരുത്തര്‍ അമ്പതു രൂപ വച്ച് ഷെയര്‍.
കാശ് വാങ്ങി നേരെ കേരളാ ബീവറേജ് ഷോപ്പിലെ നീണ്ട ക്യൂ ലക്‌ഷ്യം ആക്കി നടന്നു. അറ്റത്ത്‌ പോയി നിന്നു ക്ഷമയോടെ....
ഇത് ആയത് കൊണ്ടാ വേറെ എന്തേലും ആയിരുന്നേല്‍ ക്ഷമ കിട്ടോ....................?

അങ്ങനെ നിന്ന് അവസാനം നാല് ബിയര്‍ വാങ്ങി..... അതുംകൊണ്ട് ഞങ്ങള്‍ സ്ഥിരം പോകാറുള്ള ഗ്രൌണ്ടിന്റെ പുറകില്‍ പോയി. അപ്പോള്‍ ദേ വരുന്നു ഒരു ജീപ്പ്, കരഞ്ഞു ബഹളമുണ്ടാക്കികൊണ്ട് ..
പോലീസ്!!!

പിന്നെ അവിടെ നിന്നില്ല..ചോദിച്ചാല്‍ അവര്‍ക്ക് കൊടുക്കാനുള്ള മടി ഉണ്ടായിട്ടല്ല.. പിന്നെ അവര്‍ തരുന്നത് വാങ്ങാനുള്ള ആരോഗ്യം ഇല്ല....

എവിടെ ഇരുന്ന് കഴിക്കും എന്ന് ചിന്തിച്ചു അലഞ്ഞു നടന്നപോള്‍ രാകേഷ്‌ ഒരു വഴി പറഞ്ഞു.

കഫെ.....ഇന്റര്‍നെറ്റ്‌ കഫെ....

അങ്ങനെ കഫേയില്‍ കേറാന്‍ പോയി.അപ്പോള്‍ പുതിയ പ്രശ്നം. ഇതെങ്ങനെ കുടിക്കും? ആരെങ്കിലും കണ്ടാലോ?
പണി ആകും.
അത് ആലോചിച്ചു ഇരിക്കുമ്പോള്‍ ജഗ്ഗുവിന് ഒരു ഐഡിയ.

"സ്ട്രോ ഇട്ടു കുടിക്കാം.............."

അതാകുമ്പോള്‍ കുപ്പി ബാഗില്‍ വച്ചാല്‍ മതി.... ഹോ അവനെ സമ്മതിക്കണം.....

എല്ലാവരും ആ അഭിപ്രായം പാസ്സാക്കി.

ബട്ട്‌!! ഒരു ഡൌട്ട് ... സ്ട്രോ ചെരുതല്ലേ.എങ്ങനെ താഴെ വയ്ക്കുന്ന ബാഗില്‍നിന്നും കുടിക്കും?

പിന്നേം ടെന്‍ഷന്‍.... ജഗ്ഗു വിളിച്ചു പറഞ്ഞു.

" ലെവല്‍ ഓസ്."

കല്പനിക്കാര്‍ ഉപയോഗിക്കുന്ന സാദനം...

ഹംബ്ബട ഭയങ്കരാ..... നീ ഇവിടെ എങ്ങും ജനിക്കണ്ടാവനല്ലാ.... ഹോ പിന്നേം സമ്മതിക്കണം..

അങ്ങനെ അത് വാങ്ങി. ഇനി കുപ്പി തുറക്കണം....അതിനു സഞ്ജയ്‌ ഉണ്ടല്ലോ..

ഒരണ്ണം എടുത്ത് തുറന്നു.
പെട്ടന്ന് അപകടം മണത്തു. അതെ. നല്ല മണം , ബിയറിന്റെ.. നിന്നാല്‍ പന്തികേടാണ് . ഞങ്ങള്‍ മുങ്ങി.

"എവിടെ പോകും.?"
പരസ്പരം ചോദിച്ചു..ഒരു പിടിം ഇല്ല സമയം ഒന്നേമുക്കാല്‍...
ഇപ്പൊ ഒരു തീരുമാനമായി...പരീക്ഷ എഴുതാന്‍ പോണം.

ഹാളില്‍ കയറി. ദൈവത്തിന്റെയോ ചെകുത്താന്റെയോ തീരുമാനം കൊണ്ട് ബാഗ്‌ എന്റെ കയ്യില്‍ വന്നു.
ഇനി അത് നോക്കണം. മറയാണോ ചരിയാണോ പാടില്ല.

പരീക്ഷ തുടങ്ങി.

ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. വായിച്ചു നോക്കാന്‍ ഒരു ശ്രമം നടത്തി. എവട... ഒരു ചുക്കും ചുണ്ണാമ്പും മനസിലായില്ല..ഇതൊക്കെ അറിയാമെങ്കില്‍ ഞാന്‍ എന്‍ട്രന്‍സ് എഴുതാന്‍ വരുമോ എന്നുള്ള സ്വാഭാവിക സംശയത്തോടെ ഞാന്‍ എല്ലാരേം നോക്കി. പിന്നെ വെറുതെ ഇരിക്കുമ്പോള്‍ ഓരോ വിളികള്‍...

"അളിയാ.. ഡാ..."

ടീച്ചര്‍മാര്‍ ശ്രദ്ധിച്ചു. ചത്താലും കോപ്പി അടിക്കാന്‍ സമ്മതിക്കില്ലാനു രാവിലെ ഉഗ്രശപഥം എടുത്തിട്ടു വന്നിട്ടുള്ള ടീച്ചര്‍മാര്‍ ആണെന്ന് തോന്നുന്നു..എല്ലാവരെയും സൂക്ഷിച്ചു നോക്കി..

ഞാന്‍ ചുമ്മാ പേനയിലെ മഷിയുടെ അളവ് നോക്കികൊണ്ടിരുന്നു..

ബട്ട്‌ പിന്നേം!!!

" ഡാ...."

രാകേഷ്‌ വിളിക്കുന്നു...

" എന്താടാ...?"

" അളിയാ.. ബാഗില്‍ കുപ്പി ഉണ്ട്..മറിയാതെ നോക്കണം.."

അപ്പൊ അതുശരി ഉത്തരത്തിന് വേണ്ടി അല്ല വിളിച്ചത്.. അല്ലേലും എന്നെ വിളിച്ചട്ടു കാര്യമില്ലാനു അവനറിയാം.

"ങാ ശരി.."

അതും ശ്രദ്ധിച്ചു ഞാന്‍ ഇരിക്കുമ്പോള്‍ അടുത്ത ആള്‍ വിളിക്കുന്നു... അവനും പറഞ്ഞു
" ബാഗ്‌ ചരിയരുത് സൂക്ഷിക്കണം.."

മൂന്നാമത്തവന്‍ എന്താ ഒന്നും പറയാനില്ലേ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് അവനെ നോക്കി..

പൂര്‍ത്തിയായി........... അവനും പറഞ്ഞു.
" സൂക്ഷിക്കണം.."

ശരിയാണ് ഞാന്‍ സൂക്ഷിക്കണം. കാരണം എന്തേലും കുപ്പിക്ക് പറ്റിയാല്‍ എന്‍റെ കാര്യം തീര്‍ന്നു ...

പരീക്ഷാസമയം തീര്‍ന്നു . ടീച്ചര്‍മാര്‍ ആന്‍സര്‍ പേപ്പര്‍ വാങ്ങി. പെട്ടന്ന് മൂന്നുപേരും വന്ന് ചെവിയില്‍ പറഞ്ഞു.

"നോക്കി എടുക്കണം.ഓക്കേ..?"

എന്തൊരു ശ്രദ്ധ...ഹോ... വേറെ ഒന്നിലും ഇതുപോലെ കാണാന്‍ സാധിക്കില്ല.. എല്ലാരും പുറത്തിറങ്ങി...ഞാന്‍ ബാഗും എടുത്ത് പുറത്തിറങ്ങാന്‍ പോകുമ്പോള്‍ പുറകീന് ഒരു വിളി...

ഞാന്‍ നോക്കി. സുമിത്‌ സര്‍.!

സാര്‍ ഞങ്ങളെ നോക്കിയിട്ട് വിളിച്ചു പറഞ്ഞു..............

" സൂക്ഷിച്ച് കൊണ്ടുപോണം .... മറിയരുത്...............

Wednesday, July 28, 2010

ഇന്ത്യയിലെ വിലയേറിയ അഞ്ചു കാറുകള്‍ (കടപ്പാട് : മാതൃഭൂമി)

മേബാക്ക്: അഞ്ചരക്കോടിയാണ് മേബാക്കിന്റെ വില. മനംകവരുന്ന ഭംഗി, സുഖ സൗകര്യം, ഉടമയ്ക്ക് തോന്നുന്ന അഭിമാനം എന്നിവയൊക്കെയാണ് മേബാക്കിന്റെ സവിശേഷതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഉടമകളുടെ ആവശ്യാനുസരണം മേബാക്ക് രൂപമാറ്റം വരുത്തിത്തരും. വേണ്ട സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ പരിഷ്‌കരിക്കുകയോ ഒക്കെ വേണമെങ്കില്‍ ഉപഭോക്താവിന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടാം.

57, 62 എന്നീ രണ്ടു വേരിയന്റുകളിലാണ് മേബാക്ക് ഇന്ത്യയില്‍ ലഭിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള തുകല്‍കൊണ്ടാണ് ഉള്‍വശം മുഴുവന്‍ അലങ്കരിച്ചിരിക്കുന്നത്. ക്രോം ഫിനിഷുള്ളതാണ് ഉള്‍വശത്തെ പല ഘടകങ്ങളും. 5.5 ലിറ്റര്‍ വി 12 ട്വിന്‍ ടോര്‍ബോ എന്‍ജിനാണ് മേബാക്കിന് കരുത്ത് പകരുന്നത്. അഞ്ചു സ്​പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 550 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധിവേഗം.


ബെന്റ്‌ലി അഷ്യൂര്‍: രണ്ടു സീറ്റര്‍ കൂപെയാണ് ബെന്റ്‌ലി അഷ്യൂര്‍. 3.99 കോടിയാണ് വില. സുഖസൗകര്യവും യാത്രാസുഖവും മികച്ച പ്രകടനവും ഒക്കെയാണ് അഷ്യൂറും വാഗ്ദാനം ചെയ്യുന്നത്. 5.9 ലിറ്റര്‍ എന്‍ജിനും ആറു സ്​പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഈ കാറിലുള്ളത്. 552 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗം. മറ്റൊരു കാറിലും ഇല്ലാത്ത സുരക്ഷാ സംവിധാനങ്ങളും ഈ ആഡംബര വാഹനത്തിന്റെ പ്രത്യേകതയാണ്. ഡി പ്ലസ് സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന കാറിന്റെ ഇന്ധനക്ഷമത ലിറ്ററിന് അഞ്ചു കിലോമീറ്ററാണ്.


റോള്‍സ് റോയ്‌സ് ഫാന്റം: ആഡംബര സെഡാന്‍ വിഭാഗത്തില്‍പ്പെട്ട ഫാന്റത്തിന്റെ വില 3.5 കോടിയാണ്. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗം. നഗരത്തില്‍ ലിറ്ററിന് നാലു കിലോമീറ്ററും ഗ്രാമീണ റോഡുകളില്‍ ലിറ്ററിന് ആറു കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 6749 സി.സിയാണ് എന്‍ജിന്‍. 453 ബി.എച്ച്.പി കരുത്തും 724 എന്‍.എം ടോര്‍ക്കും വി 12 ഡി.ഒ.എച്ച്.സി എന്‍ജിന്‍ നല്‍കും.


ലാംബൊര്‍ഗിനി മര്‍ഷ്യലാഗോ: നൂതന സാങ്കേതിക വിദ്യയും നവീന രൂപഭംഗിയുമാണ് ലാംബോര്‍ഗിനി മാര്‍ഷ്യലാഗോയുടെ സവിശേഷതകള്‍. 2.6 കോടിയാണ് ഇന്ത്യയിലെ വില. ബെന്‍ലി കാറുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളുടെ മനം കവരുന്നതാണ് മാര്‍ഷ്യലാഗോയുടെ രൂപഭംഗി. സ്റ്റീല്‍ അലോയ്, കാര്‍ബണ്‍ ഫൈബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച കരുത്തേറിയ ട്യൂബുലര്‍ ഫ്രെയിമാണ് മാര്‍ഷ്യലാഗോയുടെ മറ്റൊരു സവിശേഷത. 6.5 ലിറ്റര്‍ 12 സിലിണ്ടര്‍ എന്‍ജിനാണ് ഇതിന്റെ ഹൃദയം. 631 ബി.എച്ച.പി കരുത്ത് നല്‍കാന്‍ എന്‍ജിന്കഴിയും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധിവേഗം.


ബെന്‍ലി മുള്‍സാന്‍: ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നായ ബെന്റ്‌ലി മുള്‍സാന്‍ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. 2.9 കോടിയാണ് വില. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നല്‍കുന്ന മുള്‍സാന്‍ 625 നിറങ്ങളില്‍ തിരഞ്ഞെടുക്കാം. ഓരോ ഘടകങ്ങളും കൈകൊണ്ട് കൂട്ടിയിണക്കിയാണ് മുള്‍സാന്‍ നിരത്തിലിറങ്ങുന്നത്. 6.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കരുത്ത് പകരുന്നത്. ഐ പോഡ്- ബ്ലൂടൂത്ത് കണക്ടിവിറ്റി, സിം കാര്‍ഡ റീഡര്‍ എന്നിവ പ്രത്യേകതകളാണ്.

Sunday, July 25, 2010

ആലുവ പാലം

ഒരുപാടു തവണ വെയില് കൊണ്ടും മഴ കൊണ്ടും ഞങ്ങളെ എല്ലാവരേയും താങ്ങി നില്‍ക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ആലുവ പാലം....
ഞാന്‍ ബിബിന്‍. ഇതില്‍ ഞാന്‍ ഒരു തുടകക്കാരന്‍ ആണ്. ഞാന്‍ ഈ ബ്ലോഗിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദേശിക്കുന്നത് എന്നെ ആകര്‍ഷിക്കുന്ന വാര്‍ത്തകളും ഞാന്‍ സ്വന്തമായി എഴുതുന്നവയും ആണ്. രാകേഷും ജഗദീഷും ബ്ലോഗ്‌ ചെയ്യുന്നു.അത് കണ്ടപ്പോള്‍ എനിക്കും ഒരു ആഗ്രഹം.അങ്ങനെ ഞാനും തുടങ്ങി. അപ്പോള്‍ ഞാന്‍ ഈ ബ്ലോഗ്‌ ഉത്ഗാടനം ചെയ്യുന്നു...............................................................................................................................................

.....................................................ഇത് ഒരു വമ്പിച്ച വിജയം ആക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.