Wednesday, October 20, 2010

മാലാഖ

ഞാന്‍ എട്ടില്‍ പഠിക്കുന്ന കാലം, ക്ലാസ്സ്‌ കട്ട്‌ ചെയ്യണത് എങ്ങനെ എന്നും കറങ്ങാന്‍ പോകണ്ടത് എങ്ങനെ എന്നും ഗവേഷണം നടത്തുന്ന സമയം. അങ്ങനെ നടക്കുന്ന സമയത്ത് കൂട്ടുകാര്‍ പറഞ്ഞു,

"ഈ വരുന്ന ബുധനാഴ്ച്ച നമുക്ക് മുണ്ട് ഉടുക്കാം.... ഒരു വെറൈറ്റി ആയിക്കോട്ടെ....."

എല്ലാവരോടും അഭിപ്രായം ചോദിച്ചു. ബുധനാഴ്ച്ച ആണ് ഞങ്ങളുടെ സ്കൂള്‍ കളര്‍ഫുള്‍ ആകുന്നത്. ആഴ്ചയിലെ ആ ദിവസം മാത്രം ഞങ്ങള്‍ തടവുകാരല്ല. അന്ന് യൂണിഫോം നിര്‍ബന്ധമില്ല. പിന്നെ എന്നും മലയാളിയുടെ അഭിമാനമായ ലുങ്കി വീട്ടില്‍ ഉടുക്കുന്നതിന്‍റെ ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

" ഓക്കേ.....മുണ്ടുടുക്കാം...അപ്പോള്‍ ഈ വരുന്ന ബുധനാഴ്ച്ച നമ്മളെല്ലാം മുണ്ടന്മാരാകും....."

അങ്ങനെ ആ ശുഭദിനം വന്നെത്തി. രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റ് റെഡി ആയിതുടങ്ങി. മുണ്ട് എടുത്ത് ഉടുത്തു. ശരിയാകുന്നില്ല...! കാരണം കസവ് മുണ്ട് ഉടുക്കുമ്പോള്‍ കാര്‍ന്നോമാര്‍ പറയണത് കസവെന്നു പറയുന്ന ആ വര വലതു തുടയില്‍ നേരെ കിടക്കണമെന്നാണല്ലോ..........?

രക്ഷയില്ലാ....എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല...

അപ്പോള്‍ ഞാന്‍ ആ മഹത് സത്യം ഞാന്‍ മനസിലാക്കി. എനിക്ക് മുണ്ട് ഉടുക്കാന്‍ അറിയില്ല....!

ലുങ്കി ഉടുക്കുന്നതാണേല്‍ അറയില്‍ ചുറ്റിക്കെട്ടി വെയ്ക്കാറാ പതിവ്. അതാണെങ്കില്‍ പുറത്തെങ്ങും പോകാറുമില്ല. അനുസരണ ഉള്ളതുകൊണ്ട് എന്നേം കെട്ടിപിടിച്ച് കിടന്നോളും.പിന്നെ ഈ പറയുന്ന സാധനത്തിന് വരയും കുറിയും ഒന്നും ഇല്ലല്ലോ.......

എന്‍റെ വിഷമവൃത്തോം ചതുരോം കണ്ട് പേപ്പന്‍ സഹായിച്ചു. ഞാന്‍ മുണ്ടുടുത്ത് സ്കൂളില്‍ ചെന്നു. കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അവരും മുണ്ട് ഉടുത്തിട്ടുണ്ട്. നേരെ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ തുമ്പി ഏതാ തൂമ്പ ഏതാ എന്നറിയാത്തവന് കര്‍ഷകശ്രീ അവാര്‍ഡ്‌ കിട്ടുമ്പോള്‍ നോക്കുന്നതുപോലെ എല്ലാവരും എന്നെ മൊത്തമൊന്നു നോക്കി.

ഞാന്‍ മുണ്ട് ഉടുത്തതിലല്ല മുണ്ടിന്‍റെ വലുപ്പം കണ്ടിട്ടാണ് എന്നെ അതിശയത്തോടെ നോക്കിയതെന്ന് പെട്ടന്ന് തന്നെ മനസിലായി.

" തോര്‍ത്തു വലുപ്പമുള്ള കസവ് മുണ്ട് കടകളില്‍ വില്‍ക്കുന്നുണ്ടോടാ.....?"

ചോദിച്ചവന്‍റെ മുഖത്തുനോക്കി " അല്ലഡാ ടവല്‍ വലുപ്പത്തിലുള്ളതും ഇപ്പോള്‍ കിട്ടും... "

എന്ന് പറയണമെന്ന് ആഗ്രഹമുണ്ടായെങ്കിലും പറഞ്ഞില്ല.അത് വേള്‍ഡ് കപ്പില്‍ ക്യാച്ച് വിട്ട ഇന്ത്യന്‍ കീപ്പറുടെ ചിരിപോലത്തെ ഒരണ്ണത്തില്‍ ഒതുക്കി.

ബെല്‍ അടിച്ചു. ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു. വന്നപാടെ എന്‍റെ നേര്‍ക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു..

" സ്റ്റാഫ്‌ റൂമില്‍ പോയി രജിസ്റ്റര്‍ എടുത്തുകൊണ്ട് വാ...., ഞാന്‍ അതെടുക്കാന്‍ മറന്നുപോയി..... "

ഏറ്റവും ആദ്യം ഇരിക്കുന്നതു ഞാന്‍ ആയതുകൊണ്ടാണ് എനിക്ക് നറുക്ക് വീണത്‌. പോക്കക്കൂടുതല്‍ കൊണ്ടും പഠിക്കാന്‍ വളരെ അധികം താല്പര്യം ഉള്ളതുകൊണ്ടും മിക്ക ടീച്ചര്‍മാരും എന്നെ ഇരുത്തിയിരിക്കുന്നത് ഫസ്റ്റ് ബഞ്ചില്‍ ഫസ്റ്റ് സീറ്റില്‍ ആണ്.

ഞാന്‍ അഭിമാനത്തോടെ എഴുന്നേറ്റു. മനസ്സില്‍ പറഞ്ഞു..
"ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ നോക്കും. മുണ്ട് ഉടുക്കാത്ത പയ്യന്‍മാര്‍ നിരാശയോടെ മനസ്സില്‍ പറയും..."

" ഇനി എന്നാണാവോ ഞങ്ങള്‍ക്കൊക്കെ ഇത് ഉടുക്കുവാനുള്ള ഭാഗ്യം ഉണ്ടാകണത് ......"

ക്ലാസ്സ്‌ കഴിഞ്ഞിട്ടു വേണം ഇ പ്ലാന്‍ ഉണ്ടാക്കിയവന് ഒരു ഉമ്മേം ഒരു മിട്ടായിം കൊടുക്കണമെന്ന് വിചാരിച്ചു ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. അവിടെ ചെന്ന് രജിസ്റ്റര്‍ എടുത്തു പോരാന്‍ തുടങ്ങിയപ്പോഴാണ് ക്ലാസ്സില്‍ വക്കാനുള്ള ഒരു ചാര്‍ട്ടും പത്മ ടീച്ചര്‍ തരുന്നത്.

അങ്ങനെ ഒരു കയ്യില്‍ രജിസ്റ്റര്‍ മറു കയ്യില്‍ ചാര്‍ട്ട് എന്ന രീതിയില്‍ ഞാന്‍ നടന്നു. ക്ലാസ്സിന്‍റെ അടുത്ത് എത്താറായപ്പോള്‍ എന്‍റെ അഭിമാനം മൊത്തം കവരാന്‍ ഒരു കാറ്റ് വീശി. എന്താ അവിടെ നടന്നത് എന്നെ ഒരു പിടിം കിട്ടിയില്ല. മൊത്തത്തില്‍ ചിരി മയം.

ആ വീശിയ കാറ്റ് എന്നെ ഒരു മാലാഖ ആക്കി മാറ്റി. എല്ലാവരും എന്നെ കാണുന്നത് സ്വര്‍ഗ്ഗലോകത്തില്‍നിന്നും വെള്ളിമേഘത്തിലേറി വെള്ള ചിറകുകള്‍ വീശി ക്ലാസ്സിലേക്ക് വരുന്ന ഒരു മാലാഖ ആയിട്ടാണ് എന്ന സത്യം ഞാന്‍ മനസിലാക്കി.

ചിരി....ഇത്രേം ചിരി അവിടെ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എന്‍റെ അറിവിലില്ല..

ഒരു സെക്കന്ടിനുള്ളില്‍ ശരീരം തീ പോലെ ചൂടാകുന്നതും ഐസ് പോലെ തണുക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ഈ മുണ്ട് പ്ലാന്‍ ഇട്ടവനെ അപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ആ മുണ്ടുകൊണ്ട് തന്നെ അവനെ തൂക്കി കൊന്നേനെ.

നേരെ ക്ലാസ്സില്‍ കയറി രജിസ്റ്റര്‍ ടീച്ചര്‍ക്ക് കൊടുത്ത് എന്‍റെ സീറ്റില്‍ പോയിരുന്നു. ടീച്ചര്‍ പേര് വിളിച്ചു തീര്‍ത്തു.

ബട്ട്‌. എന്‍റെ പേര് വിളിച്ചില്ല. അത് ചോദിച്ച എന്നോട് അപ്പൊത്തന്നെ ഉത്തരവും തന്നു..

" ഞാന്‍ അത് മാര്‍ക്ക് ചെയ്തെടാ...... ഇനി ഇപ്പൊ അത് ഞാന്‍ മാര്‍ക്ക് ചെയ്തില്ലേലും ഈ ദിവസം നീ വന്നിരുന്നെന്നു എല്ലാവര്‍ക്കും അറിയാം....ഇനി അത് മറക്കേം ഇല്ല......പോരെ....? "