Wednesday, December 8, 2010

ആറുമണി പൂവ്

"കൊത്തുണ്ടോ ഡാ....? "
ചൂണ്ട കോലുകൊണ്ട് വെള്ളത്തില്‍ ഒന്നു തട്ടിയിട്ട് രാകേഷ്‌ ഉറക്കെ ചോദിച്ചു.

" പയ്യെ സംസാരിക്ക് ചെക്കാ...... മീന്‍ കിട്ടില്ല...." ദാനം കൊടുക്കുവാനുള്ള ഇരയെ കൊളുത്തില്‍ ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

" പിന്നേ... ഈ തോട്ടില്‍ ചൂണ്ട ഇട്ടാല്‍ സ്രാവിനെ കിട്ടുമല്ലോ....... പോട വേ.... " രാകേഷ്‌ സൗണ്ട് ഒന്നുകൂടെ കൂട്ടി.

" എടാ.... "

" ങാ.."

" എടാ ബിബിയേ........ "

" എന്ത്യേടാ ചെര്‍കാ.....? " എനിക്ക് അരിശം വന്നുതുടങ്ങി.

" എന്റെ മനസ്സില്‍ ആ സ്വപ്നം നിറഞ്ഞു നില്‍ക്കുന്നു. " ബുജി നാടകക്കാരെപോലെ മാനത്തെക്കും നോക്കികൊണ്ട് ഒരുത്തന്‍ ഡയലോഗ് അടിക്കുന്നു.

" സെന്റ കോര്‍പറെഷന്‍ എന്ന സാധനമല്ലേ..... " ചൂണ്ട നീട്ടി ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

"പോടാ പോടാ... എന്റെ സ്വപ്നമാണ് സെന്റ കോര്‍പറെഷന്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി. "

" ഇതു ഞാന്‍ നിന്നെ പരിച്ചയപെട്ടപ്പോള്‍ മുതല്‍ കേള്‍ക്കുന്നതല്ലേ.... ഈ പേരിട്ടു നമ്മള്‍ വിളിച്ച സ്ഥലം ഇപ്പോ കാടും പിടിച്ചു കിടക്കാ... സ്റ്റാഫ്‌ ഒക്കെ പാമ്പും പഴുതാരേം..... "

"മതി... എഴുന്നേക്ക് മോനെ...എനിക്ക് വയ്യ ഇനി മീനെ നോക്കി കുത്തിയിരിക്കാന്‍...." ചൂണ്ട കോല് മാറ്റി ഇട്ടിട്ടു രാകേഷ്‌ പറഞ്ഞു.

" എങ്കില്‍ ശരി... വാ... പോവാം...." ഞാനും സമ്മതിച്ചു.

പയ്യെ അവിടെ നിന്നും ഞങ്ങള്‍ രാകേഷിന്റെ വീട്ടിലേക്കു നടന്നു.

" സമയമെന്തായടാ .....?" ഒരു അനക്കോം ഇല്ലാത്ത വാച്ച് നോക്കി ഞാന്‍ ചോദിച്ചു.

" അളിയാ...പണിയായി......"

" എന്ത് പറ്റിയെടാ...." എനിക്കൊന്നും മനസിലായില്ല.

" റോഡില്‍ സൂക്ഷിച്ചു നടക്കണം.. മാക്സിമം അറ്റം പറ്റി നടന്നോ...."

" കോപ്പ്....നീ ഒന്ന് തെളിച്ചു പറ...." തലയും വാലും ഇല്ലാത്ത വര്‍ത്തമാനം കേട്ടിട്ട് എനിക്കു കലിവന്നു.

" എടാ....ഇപ്പോ സമയം ആറു മണി ആകാന്‍ അഞ്ച് മിനിറ്റ്‌... ഇനി എപ്പോ വേണമെങ്കിലും ഒരു ബൈക്ക് ഇതുവഴി ചീറിപാഞ്ഞു വരാം.....നോക്കി നടന്നാല്‍ അവനവനു കൊള്ളാം...." രാകേഷ്‌ തിടുക്കത്തില്‍ നടന്നുകൊണ്ട് പറഞ്ഞു.

" എന്താ സംഭവം....? ആരാ ബൈക്കിനു പോണേ....? " രാകേഷിന്റെ വീടിനു മുന്നില്‍ കൂട്ടിയിട്ട മണലില്‍ ഇരുന്നുകൊണ്ട് ഞാന്‍ ചോദിച്ചു..

" അളിയാ സംഭവം ഞാന്‍ പറയാം... എന്നിട്ടു ആളെ പറയാം....നീ ക്ഷമയോടെ കേക്കണം...." അടുത്ത് കിടന്ന കരിങ്കല്ലില്‍ ഇരുന്നുകൊണ്ട് രാകേഷ്‌ വിവരണം തുടങ്ങി.
അവിടെ കുറച്ചു മാറി പുതിയതായി താമസക്കാര്‍ എത്തിയെന്നും, അവിടെ ഒരു പയ്യനുണ്ടെന്നും, ആ പയ്യനാണ് ഇതുവഴി ഇങ്ങനെ മരണവെപ്രാളത്തില്‍ പോകുന്നതെന്നും ചൂണ്ടഇരയായ ഞാഞ്ഞൂലിന്റെ ഉളുംപ് വിരലില്‍ നിന്നും കല്ലിലേക്ക് ഉറച്ചുകൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയില്‍ കേട്ടു.

" നീ എന്താ അവിടെ സ്വര്‍ണം ഉരക്കുവാണോ ...? " രാകേഷിന്റെ ചോദ്യം കേട്ട് കല്ല്‌ എറിഞ്ഞുകളഞ്ഞു .

" എന്ത് വൃത്തികെട്ട നാറ്റമാടാ...." മണം പോയോന്നു അറിയാന്‍ വേണ്ടി മാത്രം കൈ മണത്തുനോക്കി നെറ്റി ചുളിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ ഒരു ബൈക്ക് നല്ല വേഗത്തില്‍ ആ വഴി പോയി.

" ആര്‍ക്കു വായുഗുളിക വാങ്ങാന്‍ പോവേടാ....." പൊടി കണ്ണിലും മൂക്കിലും എല്ലാം കേറീതുകൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..

"അളിയാ...ഇതാണ് ഞാന്‍ പറഞ്ഞ പയ്യന്‍... കാര്യം അറിയാതെ നീ തെറി വിളിക്കല്ലേ...." രാകേഷ്‌ എന്നെ കൂള്‍ ആക്കി.

" അവന്‍ എന്തിനാ ഈ ഇടുങ്ങിയ വഴിയിലൂടെ ഇങ്ങനെ പോകുന്നേ.... അതും ഇപ്പോഴും ഈ സമയത്ത്.....?"

ഉത്തരത്തിന് വേണ്ടി അവനെ നോക്കിയപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
ഇപ്പോ തെറി കേള്‍ക്കേണ്ടത് ഇവനാണോ എന്ന് ചിന്തിച്ചു നില്‍ക്കുന്ന എന്നോടായി മതിലില്‍ ചാടികയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.

" ഇവിടെ അവര്‍ വന്ന നാളുമുതല്‍ ഇവിടുത്തുകാര്‍ക്ക് അറിയാവുന്ന കാര്യമാണ്.... നീ മിക്കപോഴും ഇവിടെ വരാറുള്ളതല്ലേ എന്നിട്ടും കണ്ടിട്ടില്ലേ....? "

" ഇല്ലല്ലോടാ......" അവനു കൂട്ടായി മതിലിലേക്ക് കയറികൊണ്ട് ഞാന്‍ പറഞ്ഞു.

" ഛെ.....!!! ഈ കാര്യം ഇവിടത്തെ കട്ടിലില്‍ കിടക്കുന്ന കിളവന്മാര്‍ തൊട്ട് തൊട്ടിലില്‍ കിടക്കുന്ന കുട്ടികള്‍ക്ക് പോലും അറിയാം..... എന്തിനു കൂടുതല്‍ പറയുന്നു ആ പട്ടിക്ക് വരെ അറിയാം......."
കേബിള്‍ ഒന്നും ഇല്ലാതെ ചരിഞ്ഞു നിക്കുന്ന ടെലിഫോണ്‍ പോസ്റ്റില്‍ ഒപോസിറ്റ്‌ ആംഗിളില്‍ ചരിഞ്ഞുനിന്നുകൊണ്ട് ഇതു താന്‍ ഡാ എന്‍ സ്റ്റൈല്‍ എന്നു ഉറപ്പിച്ചുകൊണ്ട് ഒന്നിനു പോകുന്ന ഒരു പട്ടിയെ ചൂണ്ടികാട്ടികൊണ്ട് രാകേഷ്‌ പ്രസംഗം തുടങ്ങി.

" ഡാ... ആ പയ്യന് ഒരു ചേച്ചി ഉണ്ട്..വളരെ സ്ട്രിക്ടായ ചേച്ചി.... അവനോടു പറഞ്ഞിരിക്കുന്നത് എവിടെ പോയാലും വൈകുന്നേരം ആറുമണിക്ക് വീട്ടില്‍ എത്തണമെന്നാ...."

" എടാ എന്നാലും ഇത്രയ്ക്കു മരിച്ചു വണ്ടിയോടിച്ചു ചെല്ലണോ...?" ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.

" നിനക്കറിയില്ല മോനേ ആ ചേച്ചിയെ....അറിയുമാര്‍നെങ്കില്‍ ഈ ചോദ്യം നിന്റെ ഉള്ളില്‍ പോലും വരില്ലായിരുന്നു.... ചേച്ചി ഒന്ന് ഉടക്കിയാല്‍ ഈ പ്രപഞ്ചം പോലും നിശ്ചലം.... കാക്ക മലന്നോ ചരിഞ്ഞോ പറക്കും...കേരളത്തിലെ റോഡിലെ കുഴികള്‍ അപ്രത്യക്ഷമാകും.... ഐസക്‌ ന്യുട്ടന്റെ കണ്ടുപിടുത്തം ശരിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ആപ്പിള്‍ പോലും താഴേക്കു വീഴാന്‍ നേരം ഒരു നിമിഷം ചിന്തിക്കും...എന്തിന് കിഴക്ക് ഉദിക്കുന്ന സൂര്യന്‍ പോലും ചേച്ചി ഒന്ന് നോക്കിയാല്‍ ഓടിപോയി കിഴക്കുതന്നെ അസ്തമിക്കും... അതാണളിയാ ചേച്ചി....."

അവന്‍ പറയുന്നതിനിടയില്‍ അവന്റെ സംസാരം ആരേലും കേള്‍ക്കുന്നുണ്ടോയെന്നു ഞാന്‍ ചുറ്റുമൊന്നു നോക്കി. ഇനി ഇതെങ്ങാന്‍ ചേച്ചി കേട്ടാല്‍ എന്താകും....എന്നു വിചാരിച്ചിരുന്ന എന്നെ തോണ്ടി വിചാരത്തീനു ഉണര്‍ത്തിക്കൊണ്ട് രാകേഷ്‌ തുടര്‍ന്നു.

" ഇപ്പോഴും ഈ സമയത്ത് അവന്‍ പോകുന്നതല്ല... ആള് എവിടെയെങ്കിലും പോയിരിക്കാണേല്‍ സമയം ആകുമ്പോള്‍ താനെ ചീറിപാഞ്ഞു ഈ വഴി പോകും..ഡാ അവന്‍ ഉപയോഗിക്കണ ബൈക്ക്‌ കമ്പനിക്കാര്‍ക്ക് പോലും പിടി കിട്ടാത്ത കാര്യമാ ആ ബൈക്ക് എങ്ങനെ ഇത്രേം സ്പീഡില്‍ പോകുന്നെന്ന്......"

" ഇതുപോലുള്ള ചേച്ചി ഉണ്ടേല്‍ സൈക്കിളില്‍ ആണെങ്കില്‍ പോലും പറന്നു നമ്മള്‍ വരും..... അത് അന്റാര്‍ട്ടിക്കയിലല്ലാ ആലങ്ങാട്ടു നിന്നായാല്‍ പോലും..... അല്ലെ....? " ബാക്കി ഞാന്‍ പൂര്‍ത്തിയാക്കി.

" അതെ അളിയാ..... ഞാന്‍ നിനക്ക് ആളുടെ ഫോട്ടോ കാണിച്ചു തരാം..നീ കണ്ടിരുന്നോ..." എന്നുംപറഞ്ഞു രാകേഷ്‌ മൊബൈലില്‍ എടുത്ത ഫോട്ടോ കാണിച്ചുതന്നു...

'ശെടാ...! നല്ല പരിചയം ഉള്ള മുഖം....എവിടെയോ കണ്ടിട്ടുള്ളപോലെ.... ഓര്‍ത്തിട്ടു കിട്ടുന്നില്ല...'

കൂടുതല്‍ ഓര്‍ക്കാന്‍ നിക്കാതെ ഞാന്‍ വീട്ടിലെക്കു പോയി.

***************

പിറ്റേന്ന് കോളേജില്‍ വച്ചു ഞാന്‍ കണ്ടു, ആ പയ്യനെ....വൈകുന്നേരങ്ങളില്‍ സൂപ്പര്‍മാന്‍ പോലും മത്സരിക്കാന്‍ പേടിക്കുന്ന ആ പയ്യനെ.............................