Wednesday, July 20, 2011

ഒന്നാം പിറന്നാള്‍

അങ്ങനെ വന്ന് വന്ന് ഈ ജൂലൈയില്‍ എന്റെ ദ്രോഹങ്ങള്‍ക്ക് ഒരു വയസ്സ് തികഞ്ഞു....

ഇവിടെ വന്ന് എന്റെ വകകള്‍ വായിച്ചവര്‍ക്കും, വായിച്ചും വായിക്കാതെയും ഓടി പോയവര്‍ക്കും, വന്ന് കമന്റ്‌ ഇട്ടു ധന്യമാക്കിയവര്‍ക്കും, മനസ്സാ അനുഗ്രഹിച്ചവര്‍ക്കും, വിമര്‍ശനങ്ങള്‍ മറ്റുള്ളവരോട് പങ്കുവച്ചവര്‍ക്കും ഞാന്‍ ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു....................
ഹോ.... നന്ദി പ്രകടനം കഴിഞ്ഞു... ഇനി ആര്‍ക്കെങ്കിലും നന്ദി പറയാന്‍ വിട്ടിട്ടുണ്ടേല്‍ ഷമി.....

എല്ലാവരും ഇടുന്നുണ്ട് പിറന്നാള്‍ പോസ്റ്റ്‌.
ബ്ലോഗിന്റെ പിറന്നാള്‍............
കമന്റ്‌ ആദ്യം വന്നതിന്റെ പിറന്നാള്‍......
പബ്ലിഷ് ചെയ്തതിന്റെ പിറന്നാള്‍.........

എല്ലാം പിറന്നാള്‍ മയം..

പിന്നെ എനിക്കും ഇടാലോ.... ഒരു കൊച്ചു പിറന്നാള്‍ പോസ്റ്റ്‌............!!!


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈഉള്ളവന്‍ ദ്രോഹങ്ങള്‍ തുടരട്ടേ.............???

കല്യാണത്തലേന്നത്തെ ആദ്യരാത്രി 1

TV ഓണ്‍ ചെയ്ത് കസേരയില്‍ ചാരി ഇരുന്നു.

" എടാ, ഇന്നു വൈകുന്നേരമാണ് പോകേണ്ടത്...." അടുക്കളയില്‍ പാത്രം താഴെ വീഴുന്ന സൗണ്ടിനൊപ്പം അമ്മ വിളിച്ചു പറഞ്ഞു.

" എന്താന്ന് ...? "

" നീ ആ കുന്തം ഒന്നില്ലെങ്കില്‍ ഓഫ്‌ ചെയ്യ്‌, അല്ലേല്‍ അതിന്റെ ഒച്ച ഒന്ന് കുറയ്ക്ക്‌ .... " താഴെ വീണ പാത്രം എടുത്തുകൊണ്ട് അമ്മ ഹാളിലേക്ക് വന്നു.

" എന്താണെന്ന് പറ... എവിടെ പോണ കാര്യമാ...? " ടിവിയുടെ സൗണ്ട് കുറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
" ഇന്ന് പോയി ഡ്രസ്സ്‌ എടുക്കണം. വരുന്ന ഞായറാഴ്ചയാണ് കല്യാണം."

"ശരി, ഇന്നുപോയി എടുക്കാം.... അമ്മ അടുക്കളയിലേക്ക് ചെല്ല് . ഞാന്‍ ഈ പരിപാടി കണ്ടുതീര്‍ക്കട്ടെ..." കസേരയിലെ ഇരുപ്പിനു ഒരു സാറ്റിസ്ഫാക്ഷന്‍ തോന്നാത്തതുകൊണ്ട് എണീറ്റു താഴെ കിടന്നുകൊണ്ട് അമ്മയോട് പറഞ്ഞു.

" ആ സമയത്ത്‌ നീ വേറെ എങ്ങും പോകരുത് .... അതാ ഒന്നുകൂടെ ഓര്‍മിപ്പിച്ചേ...."
നിന്നെ എനിക്ക് അറിഞ്ഞൂടെ മോനേ. എന്നുള്ള ഭാവത്തോടെ പറഞ്ഞിട്ട് അമ്മ അടുക്കളയിലേക്ക് പോയി.

'അപ്പന്റെ ഏതോ കൂട്ടുകാരന്റെ മോളുടെ കല്യാണത്തിന് ഗിഫ്റ്റ്‌ ആയി സാരി വാങ്ങാന്‍ ഞാന്‍ കൂടെ പോണമത്രേ..!!! ഒരു ഷര്‍ട്ടിനു വേണ്ടി പുറകേനടന്നാല്‍ ആ നടപ്പ് രണ്ടുമൂന്ന് തവണ നടത്തി '' അടുത്ത ക്രിസ്തുമസ്സിനു വാങ്ങാം '' എന്ന് പറയുന്ന ആളാ....' എന്നും ആലോചിച്ചുകൊണ്ട് ടിവിയുടെ സൗണ്ട് കൂട്ടി.

" ഈ പരിപാടി നിങ്ങള്‍ക്കായ്‌ അവതരിപ്പിച്ചത് ......"

" മാതാവേ... അതും തീര്‍ന്നോ.....? ഇന്നെല്ലാം എനിക്കു പണിയാണല്ലോ....." ടി.വി ഓഫ്‌ ചെയ്ത് വെറുതേ പായയില്‍ കിടന്നു.

' കിണികിണിം കിണികിണിം.... കിണികിണിം കിണികിണിം' ഫോണിന്റെ വക അതും അലറിതുടങ്ങി.
എന്തായാലും ഇന്ന് ഇനി മനസ്സമാധാനം ഇല്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ഫോണ്‍ എടുത്തു.

" വൈകുന്നേരമാണ് പോകുന്നത്. നീ റെഡി ആയി നിക്കണം..." എടുത്തപ്പോള്‍ തന്നെ ഫോണ്‍ മൊഴിഞ്ഞു.

അതുശരി വൈകുന്നേരം പോകുന്നത് എന്നെ ഓര്‍മിപ്പിക്കാന്‍ അമ്മ ആളുകളെയും പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ടോ....!!
" എടാ ജഗ്ഗുവാ.... വൈകുന്നേരം മൂന്ന് മണിക്ക് കല്യാണവീട്ടില്‍ പോകണം. രാകേഷ്‌ ഇപ്പോള്‍ വിളിച്ചിരുന്നു. നിന്നെ വിളിച്ച് ഓര്‍മിപ്പിക്കാന്‍ പറഞ്ഞു." വിളിച്ച ആള്‍ അവന്റെ ദൗത്യം പൂര്‍ത്തിയാക്കി.

" ഓക്കേ ഞാന്‍ റെഡി ആയി നിക്കാം.... " ഞാന്‍ റിസീവര്‍ താഴെ വച്ചു.

പെട്ടന്നാണ് ഓര്‍മവന്നത്, വൈകുന്നേരം അമ്മയുടെ കൂടെ പോവണ്ടേ....? കര്‍ത്താവേ കുരിശായല്ലോ .... ചെകുത്താന്റെം കടലിന്റെം നടുക്കായ അവസ്ഥ..! സ്വഭാവം കൊണ്ടും കയ്യിലിരിപ്പ് കൊണ്ടും ചെകുത്താന്‍ പട്ടത്തിന് അര്‍ഹനായ അവന് ആ സ്ഥാനം കൊടുത്തിട്ട് ഞാന്‍ അടുക്കളയിലേക്ക് ചെന്നു...

" അമ്മേ... ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഞാന്‍ സഞ്ജയ്‌യുടെ വീട്ടില്‍ പോകും. നാളെ അവന്റെ ചേച്ചിയുടെ കല്യാണമാണ്. ഇപ്പോള്‍ ജഗ്ഗു വിളിച്ചിരുന്നു..." ഞാന്‍ എന്റെ അവസ്ഥ ബോധിപ്പിച്ചു.

" എടാ അപ്പോള്‍ ഡ്രസ്സ്‌ വാങ്ങാന്‍ എങ്ങനെ പോകും...? അമ്മ അമ്മയുടെ അവസ്ഥയും ബോധിപ്പിച്ചു.

" ഇവളേം കൂട്ടികൊണ്ടു പോ..... വേറെ പണിയോന്നുമില്ലല്ലോ ഇവള്‍ക്കിവിടെ....... " ഇമ്പോസിഷന്‍ എഴുതുന്ന മുഖഭാവത്തില്‍ ഹോംവര്‍ക്ക്‌ ചെയ്യുന്ന അനിയത്തിയെ ചൂണ്ടിക്കൊണ്ട് പ്രശ്നപരിഹാരം നിര്‍ദേശിച്ചു.

" എങ്കില്‍ ശരി. അപ്പനോടും പറഞ്ഞേക്ക് പോകുന്ന കാര്യം." അമ്മ അടുക്കളപ്പണിയിലേക്ക് തിരിഞ്ഞു.

ഞാന്‍ സമയം നോക്കി. മണി രണ്ട്. ജഗ്ഗു മൂന്നു മണിക്ക് വരും. റെഡി ആയി നിന്നില്ലേല്‍ അവനു കൊടുത്ത സ്ഥാനം അവനു മാത്രം ഉള്ളതാണെന്ന് ഞാന്‍ മനസിലാക്കണ്ട വരും. എന്തിനാ വെറുതേ........!

ഡ്രെസ്സിങ്ങിന്റെ ആദ്യ പടിയായി കുളിക്കാന്‍ കയറി. കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവുവന്നാലും കുളിക്കുന്ന വെള്ളത്തിനു പിശുക്ക് കാണിക്കരുതെന്നുള്ള പോളിസിയില്‍ അഞ്ച് മിനിറ്റിനുള്ളില്‍ കുളി കഴിഞ്ഞ് പുറത്തിറങ്ങി.ഡ്രസ്സ്‌ ഇട്ട് നേരെ താഴെ വന്ന് ടി.വി.ക്കു മുന്നിലെ ചാനല്‍ മാറ്റിക്കളി തുടര്‍ന്നു. മണി രണ്ടേമുക്കാല്‍ ആയപ്പോള്‍ പുറത്ത് ബൈകിന്റെ ഒച്ച കേട്ടു. കൂടെ ഒരു അലര്‍ച്ചയും...

" എടാ...നീ റെഡി ആയോ....? വേഗം വന്ന് കേറ്. അവിടെ മൂന്നുമണിക്ക് എത്തണം."

ഞാന്‍ ടി.വി. ഓഫ്‌ ചെയ്ത് എഴുനേറ്റ് അമ്മയുടെ അടുത്തുചെന്നു ചോദിച്ചു.

" അമ്മേ.. കയ്യില്‍ ചേഞ്ച്‌ ഇല്ല. നൂറു രൂപ താ...."
" അഞ്ച് രൂപ ചേഞ്ച്‌ ആക്കിയാല്‍ നൂറുരൂപ ആവില്ലടാ..." അമ്മയുടെ പെട്ടന്നുള്ള മറുപടിയില്‍ ഞാന്‍ ഞെട്ടി.

" അമ്മ എപ്പോള്‍ എന്റെ പേഴ്സ് നോക്കി..? ഇനി അപ്പന്റെ കയ്യില്‍നിന്നും പൈസ കിട്ടാത്തതുകൊണ്ട് എന്റെ പേഴ്സ് തപ്പിയതാണോ....? " അര്‍ജുനന്റെ അമ്പിനേലും മൂര്‍ച്ച സ്വന്തം പെന്‍സിലിനു വേണമെന്നുള്ള വാശിയില്‍ പെന്‍സിലില്‍ അഭ്യാസം കാണിക്കുന്ന അനിയത്തിയോട് ചോദിച്ചു.

" നിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും കിട്ടിയതാ ആ അഞ്ച് രൂപ. അത് ഞാനാ പേഴ്സില്‍ എടുത്തുവച്ചേ... പിന്നേ, നിന്റെ പേഴ്സ് തപ്പിയിട്ടല്ലേ എനിക്ക് കാശ് കിട്ടണേ.... അത് നോക്കിയാല്‍ പേഴ്സിലേക്ക് വല്ല പൈസേം ഇടും നോക്കുന്ന ആള്. നീ പോകാന്‍ നോക്ക്... "

എന്റെ ഡൌട്ട് ക്ലിയര്‍ ആയി. ഇതെങ്ങനെ കേട്ടു, ഞാന്‍ ഒച്ച കുറച്ചു പറഞ്ഞത്...? അവനവനെ ആരേലും കുറ്റം പറയണത് എത്ര ദൂരെ നിന്നായാലും എത്ര പതുക്കെ ആണേലും പെണ്ണുങ്ങള്‍ കേള്‍ക്കും എന്ന് ആരോ പറഞ്ഞത് ശരിയാ... കൂടുതല്‍ കേള്‍ക്കാന്‍ നിക്കാതെ ഞാന്‍ പോയി ജഗ്ഗുന്റെ ബൈകില്‍ കയറി.

അവന്‍ വണ്ടിയെടുത്തു. 'നിന്നെയൊക്കെ പണ്ടാരമടങ്ങാന്‍, ഒന്നു പതുക്കെ പോടാ.....' എന്നുള്ള അനുഗ്രഹവര്‍ഷം കിട്ടിയും 'ആരുടെ തന്തക്ക് വായുഗുളിക വാങ്ങാനാ ഈ കൊലപ്പോക്ക് പോണേ....' എന്ന സുഖാന്വേഷണം കിട്ടിയും ഞങ്ങള്‍ സഞ്ജയ്‌യുടെ വീട്ടിലെത്തി.

അവിടെ ചെന്നപ്പോള്‍ കല്യാണവീടിന്റെ എല്ലാ തിരക്കുകളും കണ്ടു. വീട്ടിലേക്ക് കയറുന്ന വഴിയുടെ അരികത്തുതന്നെ സെന്റര്‍ സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ബൈക്കില്‍ മൂന്നു കുരങ്ങന്മാരുടെ പ്രതിമയിലെ ഒരു കഥാപാത്രത്തെപോലെ താടിക്കും കൈ കൊടുത്ത് ഒരുത്തന്‍ ഇരിക്കുന്നു. അവനെ കണ്ടപാടെ ജഗ്ഗു വിളിച്ചുകൂവി.
"രാഷേ............"
"ങേ ..!! ആര്.....??"

"'ക' വന്നില്ലടാ....."

"എന്റെ വായിനു 'പ' വരുംകോപ്പേ........ " എന്നും പറഞ്ഞുകൊണ്ട് രാകേഷ്‌ വണ്ടിയില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.

" എവിടെ പോയി കിടക്കേര്‍ന്നടാ .............?" വന്നപാടെ സ്ഥിരം ശൈലിയില്‍ ചോദ്യം.

അവനെ സമാധാനിപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ മൂന്നുപേരും കല്യാണപന്തലിലേക്ക് പ്രവേശിച്ചു.

കല്യാണപെണ്ണിനെ കണ്ടു, പെണ്ണിന്റെ അച്ഛനെ കണ്ടു, അമ്മയെ കണ്ടു, അമ്മൂമയെ കണ്ടു, അവിടേം ഇവിടേം ഒക്കെയായി കിടന്നിരുന്ന ബന്ധുക്കള്‍ എന്നിവരേം ഒക്കെ കണ്ടു. എന്തിന് അധികം പറയുന്നു കലവറക്കാരന്‍ അവറാന്‍ ചേട്ടനെ വരെ കണ്ടു. എന്നിട്ടും ഞങ്ങള്‍ അന്വേഷിച്ചു നടന്നവനെ കാണാനില്ല. ഞങ്ങളില്‍ നാലാമന്‍, കല്യാണപെണ്ണിന്റെ ആങ്ങളചെക്കന്‍, സഞ്ജയ്‌.........

കല്യാണ ആവശ്യത്തിന് എവിടേലും പോയതാണെന്ന് കരുതി. ഓരോരുത്തരോടും ചോദിച്ചു. ബട്ട്‌ കിട്ടിയ ഉത്തരം എല്ലാം സെയിം.....
" ആ.... അവിടെ പിള്ളേരുടെ ഒപ്പമെങ്ങാനും കാണും............. "

നിക്കര്‍ഇട്ട് ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ചിട്ട് കടവാവലിനെപ്പോലെ ഓടി വന്ന ഒരു ചെക്കനെ പിടിച്ചുനിര്‍ത്തി ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരം കിട്ടി.

ആങ്ങളചെര്‍ക്കന്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു. അതും അടുത്തുള സ്കൂള്‍ ഗ്രൗണ്ടില്‍ ... കളിയും കാണാം അവനെ വിളിക്കേം ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ കളി നടക്കുന്നിടത്തേക്ക് ചെന്നു...........

(തുടരും.....)