Thursday, August 25, 2011

സ്വപ്നസന്ദേശം

" വണ്ടി ഒതുക്കി വച്ചേക്കു..... " വിവേക്‌ ബൈക്കിന്റെ താക്കോല്‍ രാകേഷിനെ ഏല്‍പിച്ചു.
" നീ വാ.... നമുക്ക് കയറാം. അവന്‍ ബൈക്ക് വച്ചിട്ട് വരും."

ഞങ്ങള്‍ രണ്ടുപേരും കെ ആര്‍ രെസ്റ്റോറന്റിലേക്ക് കയറി. പുറത്ത് മഴ അതിന്റെ എല്ലാ ക്രൂരഭാവത്തോടും കൂടി തകൃതിആയി പെയ്യുന്നു. മഴയെ വെല്ലുവിളിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശുന്നു. രണ്ടു കൂട്ടരും കൂടി മത്സരിച്ചു വഴിയരികിലെ കടക്കാരെയും കാല്‍നട യാത്രക്കാരെയും കഷ്ടപെടുത്തുന്നു. വഴിയരികിലെ ആളുകള്‍ക്ക് ഒരു കുളി ഫ്രീ ആയി ഓഫര്‍ ചെയ്തുകൊണ്ട് പ്രൈവറ്റ് ബസ്‌ പാഞ്ഞു വരുന്നു. കെ ആറിലേക്ക് കടന്ന് വിവേകിന്റെ കൂടെ ഒരു സീറ്റിലേക്ക് ചെന്നു.

" അനീഷ്‌ വന്നിട്ടുണ്ട്. വിളിച്ചിരുന്നു." കയ്യിലിരുന്ന ഹെല്‍മെറ്റ്‌ ഒരു സ്റ്റാന്‍ഡില്‍ വച്ചു.

" എന്തിനാടാ കാണണം എന്ന് പറഞ്ഞേ.....? " കൂടികാഴ്ചയുടെ കാരണം അറിയാന്‍ ചോദിച്ചു.

" നീ വാ.... പറയാം..." അനീഷിന്റെ അടുത്തായി വിവേക്‌ സ്ഥാനം ഉറപ്പിച്ചു.

ഞാന്‍ ഒപ്പോസിറ്റ്‌ സൈഡില്‍ ഇരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദേഷ്യം പോലെ. കോട്ടില്‍ വീണ വെള്ളം കൊട്ടി കളഞ്ഞ് രാകേഷ്‌ വന്നു.

" നീ കാണിച്ചത് എന്തായാലും ശരിയായില്ല." വിവേക്‌ തുടക്കമിട്ടു.

" എന്താ....? " ഒരു പിടിയും കിട്ടിയില്ല.

" ഇങ്ങനെ നീ കാണിക്കുമെന്ന് വിചാരിച്ചില്ല.... " അനീഷും പറഞ്ഞുതുടങ്ങി.

ഇനി രാകേഷിന്റെ വക എന്താണെന്ന് അറിയാന്‍ അവനെ നോക്കി.

" അളിയാ ഇത്രേം കാണിച്ചത് ഓവര്‍ ആയില്ലെടാ...? "

പൂര്‍ത്തിയായി!! കാര്യം എന്താണെന്ന് മാത്രം മനസിലാകുന്നില്ല.

" നീ എങ്കിലും ഒന്ന് പറ വിവേകേ.... " കാര്യം അറിയാതെ ഉള്ള ശാസന സഹിക്കാന്‍ കുറച്ചു കഷ്ടമാ.

" നീ എന്താ അനീഷിനെ പറ്റി ബ്ലോഗില്‍ എഴുതിയെ? " വെയിറ്റര്‍ കൊണ്ടുവന്നുവച്ച ഗ്ലാസ്‌ മേശയുടെ അറ്റത്തേക്ക് മാറ്റിവച്ച് വിവേക്‌ തുടര്‍ന്നു..

" നിനക്കറിയുമോ അവന്‍ ചെറുപ്പത്തിലെ മുതല്‍ F1ഉം Moto GPയും കാണുന്നവന്‍ ആണ്.അങ്ങനെ ഉള്ള ഇവന്‍ അവയെ വെറും കാറോട്ടമാണെന്ന് പറഞ്ഞെന്നു പറയാന്‍ നിനക്കെങ്ങനെ തോന്നി?"

വിവേക്‌ ദേഷ്യത്തില്‍ വിറക്കുന്നു..

ഞാന്‍ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു ബ്ലോഗും മനസ്സില്‍ വരുന്നില്ല. ഇന്നുവരെ അവനെ കുറിച്ച് ഒന്നും ഞാന്‍ എഴുതിയിട്ടില്ല. ഉടക്കാന്‍ വരുന്നവനെ സ്നേഹം കൊണ്ടും ബഹുമാനപൂര്‍ണമായ പെരുമാറ്റം കൊണ്ടും സുഹൃത്താക്കുന്ന വിവേകിന്റെ ഈ മാറ്റം വല്ലാതെ തളര്‍ത്തി.

" അമ്മച്ചിയാണേ ഞാന്‍ എഴുതിയിട്ടില്ലടാ..... "

അനീഷും രാകേഷും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്നു.ഒരു ശൂന്യത എന്നില്‍ വന്നു നിറയുന്നതായി തോന്നി. എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ പെട്ടന്ന് ഒറ്റപെടുക, ആ ഒരു അവസ്ഥ എനിക്ക് അനുഭവപ്പെട്ടു.

" ഞാന്‍ പോകുന്നു....." പതുക്കെ ഞാന്‍ പോകാന്‍ ഒരുങ്ങി.

" നീ എവിടെ പോകുന്നു....? ഇവനോട് മാപ്പ് പറഞ്ഞിട്ട് പോയാ മതി...." വിവേക്‌ ചാടി എഴുന്നേറ്റു.

!!!!!

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു. വാച്ചില്‍ നോക്കി. സമയം നാല് മണി.

" ദൈവമേ എന്ത് സ്വപ്നമാ ഞാന്‍ ഈ കണ്ടേ...... അതും ഈ വെളുപ്പാന്‍ കാലത്ത്. കര്‍ത്താവെ നിനക്കിത് വല്ല ഉച്ചക്കും കാണിക്കാന്‍ പാടില്ലേര്‍ന്നോ..... "

മൊബൈലിലെ കര്‍ത്താവിന്റെ ഫോട്ടോ നോക്കി. ചുണ്ടില്‍ ഒരു ചിരി മാത്രം. എന്തോ ഒളിപ്പിച്ചിരിക്കുന്ന കള്ളച്ചിരി.......

**********************

പെട്ടന്ന് ഉണര്‍ന്നത് കൊണ്ട് മുടങ്ങി പോയ മാപ്പ് പറച്ചില്‍ ഞാന്‍ ഇവിടെ പൂര്‍ത്തിയാക്കുന്നു. ഇവിടെ ഞാന്‍ എഴുതുന്നത്‌ ചുമ്മാ ഭാവന മാത്രമാണ് അതായത് ഉണ്ടാക്കിപറച്ചില്‍. കഥയും കഥാ സന്ദര്‍ഭങ്ങളും എല്ലാം ഒരു നേരം പോക്ക് മാത്രം. ഇതൊക്കെ എഴുതുന്നത്‌ കൊണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ്.... കാലുപിടിച്ച് മാപ്പ്... കാരണം ആ ശൂന്യത എനിക്ക് വേണ്ട........

Sunday, August 21, 2011

ച്യൂയിംഗയോഗം

ഗണേശന്‍ സാര്‍ ഭൂമദ്ധ്യരേഖയുടെ അക്ഷാംശവും രേഖാംശവും വിവരിക്കുന്നത് കേട്ട് ഒരു പിടിയും കിട്ടാതെ ഇരുന്ന കോട്ടപ്പുറം സ്കൂളിലെ ഒരു നരച്ച ദിവസം. ചുമ്മാ ഓരോരുത്തരേയും നോക്കി. ഫ്രണ്ട്‌ ബഞ്ചില്‍ ഉള്ളവരെല്ലാം ഉറക്കം കണ്ണിലുണ്ടെങ്കിലും മാക്സിമം വ്യാസത്തില്‍ കണ്ണ് തുറന്നുപിടിച്ച് ഇരിക്കുന്നു. പെണ്‍കുട്ടികളുടെ സൈഡ് പതിവുപോലെ ലക്ചര്‍ നോട്ട് എഴുതുന്ന തിരക്കില്‍. ആണ്‍കുട്ടികളുടെ പുറകുബഞ്ച് പടം വരയും ഉറക്കവും മൂലം സജീവം.

" നീ എങ്ങോട്ടാ ഇങ്ങനെ ത്രീസിക്സ്റ്റീ ആംഗിളില്‍ കറങ്ങി നോക്കികൊണ്ടിരിക്കണേ....? " എന്നെപോലെതെന്നെ സമയം പോകാത്തതില്‍ നിരാശനായി ഇരിക്കുന്ന മറ്റൊരു പ്രജ, വിമല്‍.

" ഇതെന്താടാ ഇന്ന് സമയം പോകാത്തത് ...? "

" സമയം വരെ ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഉറങ്ങിപോയിരിക്കും... " വിമലിന്റെ വാക്കില്‍ സമയത്തിനോട് പോലും ദേഷ്യം.

" ഇപ്പൊ എത്രമണി ആയി..? " ചോദിച്ചതും ഉച്ചമണി മുഴങ്ങി.

" ഭാഗ്യമുണ്ട് , ഇന്ന് വെള്ളിയാഴ്ച ആണ്. അല്ലായിരുന്നേല്‍ അമ്മച്ചിയാണെ ഞാന്‍ ഉറങ്ങിയേനെ.." കോട്ടുവാ ഇട്ടുകൊണ്ട് വിമല്‍ എഴുന്നേറ്റു.

ഞങ്ങള്‍ കൈ കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് ചെന്നു.

" നീ ഭക്ഷണത്തിന് മുന്നേ കൈ കഴുകുമോ..? എന്ന് കിട്ടി ഈ നല്ല സ്വഭാവം...? " കൈ കഴുകി തിരിഞ്ഞ വഴി ഗീതു വക ഒരു കൊട്ട്.

" ടിവിയില്‍ ലൈഫ്ബോയ്‌ പരസ്യം കണ്ടു. കൈയ്യില്‍ ആണ് അണുക്കള്‍ ഉള്ളതെന്ന് മനസിലാക്കിതന്നു. അങ്ങനെ അവര്‍ പൈസ കളഞ്ഞ് ഓരോന്നും പറഞ്ഞുതരുമ്പോള്‍ അനുസരിക്കാതെ പറ്റോ കൊച്ചേ......" തിരിച്ചടിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

" ഓ... ഒരു അനുസരണക്കാരന്‍. അതേ ചേട്ടാ അത് വിട്, വൈകുന്നേരത്തോടെ പറഞ്ഞ മഞ്ച് എത്തണം. എഴുതി എഴുതി എന്റെ കൈ പോയി." അവള്‍ ഇമ്പോസിഷന്‍ എഴുതിയതിന്റെ കണക്കെടുത്തുതുടങ്ങി.

ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല എന്നഘട്ടം എത്തിയപ്പോള്‍ പതിയെ അവിടെ നിന്നും വലിഞ്ഞു.

" ക്ലാസ്സ്‌ മേറ്റ്‌ ആണത്രേ ക്ലാസ്സ്‌ മേറ്റ്‌..... ഇമ്പോസിഷന്‍ എഴുതിത്തരുന്നതിന്റെ കണക്ക് പറയുന്ന ക്ലാസ്സ്‌ മേറ്റ്‌.... " കൈ കഴുകാന്‍ പോകുന്ന പിള്ളേരെ നോക്കി ജിബിനോട് പറഞ്ഞു.

" എന്തിനാടാ പിള്ളേരെ പറ്റിക്കണേ....., നീയോ പഠിക്കുന്നില്ല അതിനുകിട്ടുന്ന ഇമ്പോസിഷന്‍ എഴുതിത്തരുന്ന പിള്ളേരെ പറ്റിക്കുകയും വേണോ....? " കൈ കഴുകുന്നിടത്തിലെ തിരക്കില്‍ ഞെരിഞ്ഞു വിബി അടുത്തേക്ക് വന്നു.

" പോടാ.... ഒരു ടോപ്പിക്കിന് ഒരു മഞ്ച് എന്നാണ് ഓഫര്‍. ഇന്ന് തന്നെ നിലവില്‍ നാല് ആയി. എണ്ണം കുറച്ചില്ലെങ്കില്‍ അപ്പന് പൈസ വീട്ടില്‍ വക്കാന്‍ പറ്റാത്ത സ്ഥിതി ആകും..."

എല്ലാ പടകളുടെയും കൂടെ ക്ലാസ്സില്‍ കയറി.ചോറ് എടുത്തു ആദ്യമേ തീര്‍ത്തു. എനിക്ക് കുറച്ചുചോറ് വച്ചാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞത് എത്ര നന്നായി. ബിന്‍സിയുടെ പാത്രത്തില്‍നിന്നു ബീന്‍സും, ഗീതുവിന്റെന്നു കാബേജും, സബിതയുടെ കയ്യീന്നു സാമ്പാറും ഓടി നടന്ന് എടുക്കുമ്പോള്‍ അടുത്ത തവണ പാത്രം കുറച്ചുകൂടെ വലുത് വാങ്ങണം എന്നതുമാത്രമായിരുന്നു ചിന്ത.

വിഭവസമൃദ്ധമായ ഉച്ചതീറ്റയും കഴിഞ്ഞ് എല്ലാവരും പുറത്തേക്കുനടന്നു.

" ഡാ, ഇന്ന് ഞാന്‍ ഇത് അവള്‍ക്കു കൊടുക്കും." വിബി പതുക്കെ വന്നുപറഞ്ഞു.

" എന്ത്....? "

" അതൊക്കെ ഉണ്ടടാ......."

" !!! " ഒരു പിടിം കിട്ടിയില്ല. എന്താണെന്ന് ആലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും നൂര്‍ജഹാന്‍ മുന്നില്‍ വന്നുചാടി.

" നൂറൂ.... നാളെ എനിക്കൊരു മുപ്പതുരൂപ തന്നംട്ടോ.... " ആലോചനയെ അതിന്റെ പാട്ടിനുവിട്ടിട്ട് കണ്ടപാടെ കാര്യത്തിലേക്ക് കടന്നു.

" നിനക്കിനി പത്തുപൈസ ഞാന്‍ തരില്ല. സിനിമക്ക് പോകാനല്ലേ.....?"

" അവള്‍ക്കു മനസ്സിലായടാ.... ഇനി ചോദിച്ചിട്ട് കാര്യമില്ല....." ചമ്മിനിക്കുന്ന എന്റെ ചുമലിലേക്ക് അരിചാക്ക് കണക്കേ സനീഷ്‌ വീണു. പണ്ടേ ദുര്‍ബലന്‍ ആയ ഞാന്‍ ഒരു സപ്പോര്‍ട്ടിനായി കിണറുമേല്‍ താങ്ങി.

" നീങ്ങി നിന്നേ...." ജിജോ ഒപ്പം വന്നുചാടി.

" ഇന്നത്തെ കളക്ഷന്‍ എങ്ങനെ...? " വന്നപാടെ അവന്‍ അവന്റെ പണി തുടങ്ങി.

" ഒരു ഐഡിയ....!!!" വിബി കിണറ്റിന്‍കരയില്‍ നിന്നും മുറ്റത്തേക്കുചാടി. പോക്കറ്റില്‍ നിന്നും ഒരു ആല്‍പന്‍ലീബേ എടുത്തുകാണിച്ചുകൊണ്ട് തുടര്‍ന്നു.

" അവളുടെ അനിയത്തി വഴി അവളെ വളയ്ക്കാം..... "

അപ്പോഴാണ്‌ ഞങ്ങള്‍ കണ്ടത്, കൊല്ലം കുറെ ആയെങ്കിലും റൂട്ട് ഇതുവരെ ക്ലിയര്‍ ആവാത്ത വിബി- ടിന്റു ഹൈവേയിലെ ഏന്‍ഡ് പോയിന്റ്‌ ആയ ടിന്റുവിന്റെ ഒരേ ഒരു അനിയത്തി പാത്രം കഴുകുന്നു.

" ഇത് ഞാന്‍ ഇവള്‍ക്ക് കൊടുത്ത് ഇവളിലൂടെ ചേച്ചിയുമായി മുട്ടാം...." മിട്ടായിയും പൊക്കിപിടിച്ച് വിബി പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

" അപ്പോ ഇതായിരുന്നല്ലേ അവന്‍ നേരത്തെ പറഞ്ഞ അത്.....? "

" എന്താ...? " വ്യക്തമായി വിമല്‍ കേട്ടില്ല.

" നീ ഇത്രേം കേട്ടാമതി." മറുപടി സനീഷ്‌ കൊടുത്തു.

വിബി പോയി മിട്ടായി കൊടുത്തു. ഒരു ചെറു ചിരിയോടെ അവള്‍ അത് വാങ്ങികൊണ്ട് പോയി.

" ഇത് ഓക്കേ ആകൂടാ... അവളുടെ ആ ചിരി എന്നോട് പറയുന്നു. " ഒരു ലോകം കീഴടക്കിയ ഭാവത്തില്‍ വിബി അടുത്തേക്ക് വന്നു.

ഞങ്ങള്‍ കിണറ്റിന്‍കരയിലെ സെന്‍സെസ് പരിപാടി അവസാനിപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു. ജിജോയും വിബിയും ടീച്ചറെ കാണാന്‍ നേരെ സ്റ്റാഫ്‌ റൂമിലേക്കു പോയി. ക്ലാസ്സില്‍ ചെന്നിരുന്ന് വരാപ്പുഴ ഡേവിസണില്‍ ഇപ്പോ വിജയപ്രദര്‍ശനം നടക്കുന്ന സിനിമയെ പറ്റിയും ഓരോ ഷോയിലും സിനിമക്ക് ഉണ്ടാകുന്ന സമയവ്യത്യാസത്തെ പറ്റിയും ചര്‍ച്ചകള്‍ നടത്തി കോട്ടപ്പുറത്തെവരെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമല്‍ ക്ലാസ്സിലേക്ക് ഓടിവന്നു.

" എടാ.... സ്റ്റാഫ്‌ റൂമില്‍ പോയ നമ്മുടെ രണ്ട് ആത്മമിത്രങ്ങള്‍ ഓഫീസ് റൂമില്‍ നിക്കുന്നു...... "

" ആര്....? എന്താ സംഭവം......? " ഓരോരുത്തരും വിമലിനോട് ചോദിച്ചു.

" വിബിയും ജിജോയും ഓഫീസ് റൂമില്‍ നിക്കുന്നു.എന്താ സംഭവമെന്ന് അറിയില്ലാ....! "

പറഞ്ഞുതീര്‍ന്നതും ഞങ്ങള്‍ ഓഫീസിലേക്ക് ഓടി. വാതുക്കല്‍ നിന്നാല്‍തന്നെ കാണാം രണ്ടുപേരും നിക്കുന്നത്. വിബിയുടെ മുഖം കണ്ടാല്‍ അറിയാം പ്രശ്നം ഗൗരവമാണെന്ന്. ജിജോ ആണേല്‍ കൂള്‍ ആയി മുട്ടനാട് ചവയ്ക്കുന്നപോലെ ചവച്ചുകൊണ്ട് നിക്കുന്നു.

" ശൂ........ " സനീഷ്‌ വിബിയെ വിളിച്ചു.

വളരെ ദയനീയമായി വിബി ഒന്നുനോക്കി. പിന്നെ എല്ലാ സംഭാഷണങ്ങളും കണ്ണുകള്‍കൊണ്ട് നടന്നു.അവസാനം എല്ലാതിനുംകൂടി ഉത്തരമായി ഹെഡ്മിസ്സ്‌ ട്രസ്സിന്റെ സീറ്റിന്റെ അടുത്തേക്ക് കണ്ണുകാട്ടി. അവിടേക്ക് നോക്കിയ ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി. ടിന്റുവിന്റെ അനിയത്തി ചിരിച്ചുകൊണ്ട് . ഇപ്പോഴത്തെ ചിരിക്ക് ഒരു കൊലച്ചിരിഗ്രേഡ്.

കാര്യങ്ങള്‍ പകല്‍ പോലെ തെളിഞ്ഞു. ആ കൊച്ച് മിട്ടായി വാങ്ങി നേരെപോയി ടീച്ചര്‍ക്ക്‌ കംപ്ലൈന്റ്റ്‌ കൊടുത്തു വിത്ത്‌ മിട്ടായി. പരാതി പരിഗണിച്ചസമയത്തു തന്നെ പ്രതികള്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ വന്നു. രണ്ടിനേം കൈയ്യോടെ പൊക്കി ഓഫീസ് റൂമില്‍ ആക്കി. ഇതാണ് സംഭവിച്ചതെന്ന് എല്ലാര്‍ക്കും പിടി കിട്ടി.

" നീയൊക്കെ ഇത്രേം വളര്‍ന്നോടാ......." ഡോള്‍ബി സറൌണ്ട് എഫ്ഫെക്‌റ്റിലെ ഡയലോഗ് കേട്ട് ഞങ്ങള്‍ നോക്കി. ചൂരലുമായി ബെന്നി സാര്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നു.

" മാതാവേ... വിബിടെ കണ്ണില്‍ നിന്നും വെള്ളം ഒഴുകുന്നുണ്ട് , ഇനി പാന്റ് നനയാതിരിക്കാന്‍ നീ കനിയണമേ....." ജിബിന്‍ നിന്ന നിപ്പില്‍ മാതാവിനെ വിളിച്ചു.

" ആമ്മേന്‍............ " ഒന്നിച്ചു പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി.

ബെന്നി സാറിനെ കണ്ടപ്പോള്‍ അത്രനേരം കൂള്‍ ആയി നിന്ന ജിജോയുടെയും മുഖം മാറി. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല, ഒരുവിധം തരികിടകളെല്ലാം പുള്ളിയുടെ മുന്നില്‍ പെട്ടാല്‍ പേരിന്റെ മുന്നില്‍ സെന്റ്‌. എന്നു ചേര്‍ക്കാന്‍ പറ്റുന്നത്ര സ്വഭാവമുള്ള കുട്ടികളാകും. പ്രത്യേകിച്ച് ഇങ്ങനത്തെ കേസില്‍.

" പറയടാ.... എന്തിന്റെ കേടായിരുന്നു രണ്ടിനും...... ? "

നോ റിപ്ലേ

" നീയല്ലെടാ മിട്ടായി കൊടുത്തേ......? " ജിജോന്റെ നേരെ മാത്രമായി ചോദ്യം.

ഉത്തരമായി, പട്ടി ചൌ കടിച്ച് കുടയുന്നപോലെ തല ഒരു കുടയല്‍ മാത്രം.

" വാ തുറന്ന് പറയടാ.... " സാറിന്റെ കൈ ഒന്ന് ഉയര്‍ന്നു.

" സാര്‍ ഞാന്‍ ച്യൂയിംഗം..... " കഴുത്തില്‍ കുടുക്കിട്ടുപിടിച്ചപോലെ പെട്ടന്നു നിര്‍ത്തി.

" നീ ച്യൂയിംഗമോ.....? " വടി വായുവില്‍ നിന്ന് വിറച്ചു.

" ഞാന്‍ ച്യൂയിംഗം വിഴുങ്ങി സാര്‍..... ഇപ്പൊ ചത്തുപോകും....... !!!"

ഇത് പറഞ്ഞതാണോ അതോ അലറിവിളിച്ചതാണോ എന്ന് ഞങ്ങള്‍ക്കും മനസിലായില്ല. പിന്നെ കാണുന്നത് തല്ലാന്‍ പിടിച്ചിരുന്ന വടിയും വലിച്ചെറിഞ്ഞ് വെള്ളം വച്ചിരുന്ന കുടം എടുക്കാന്‍ ഓടുന്ന ബെന്നിസാറിനെയാണ്. ഞങ്ങളും പതുക്കെ സ്കൂട്ട്ആയി ക്ലാസ്സിലെത്തി. അഞ്ച് മിനിട്ട് തികയുംമുമ്പേ ഒരുകയ്യില്‍ ജിജോയും മറുകയ്യില്‍ വെള്ളകുപ്പിയും ആയി വിബി ഹാജര്‍.

" എടീ സബിതെ..... ഞാന്‍ ചവാന്‍ പോണെടീ ....... " വന്നപാടെ ജിജോയുടെ വെളിപ്പെടുത്തല്‍.

" അതിനെന്താ കുഴപ്പം.....?"

" !!!!! "

തൊഴില്‍ രഹിതനായ കെട്യോനെ കണ്ട സര്‍ക്കാര്‍ഉദ്യോഗസ്ഥയായ ഭാര്യയുടെ ഭാവത്തിലെ പോലെയുള്ള അവളുടെ പ്രതികരണം കേട്ട് ഞങ്ങള്‍ ഞെട്ടി. ഇത്രേം പ്രതീക്ഷിച്ചില്ല. ഈ സമയം ജിജോ ഓടിനടന്ന് ആവുന്നത്ര വെള്ളം കുടിക്കുന്നു.

" നിനക്കാരാ ച്യൂയിംഗം തന്നേ.....? " എന്തെങ്കിലും ഒന്ന് അവനോട് ചോദിക്കണമല്ലോ എന്നോര്‍ത്ത് ചോദിച്ചു.

" ജിബിന്‍... എവിടെടാ ആ പുല്ലന്‍.? " വെള്ളം മാക്സിമം കുടിച്ചതിന്റെ ആലസ്യത്തില്‍ ജിജോ ഇരുന്നു.

" എടാ അത് ച്യൂയിംഗം അല്ല. ബാബുചേട്ടന്റെ കടയില്‍ പുതിയതായി വന്ന കളര്‍ ചൌ മിട്ടായി ആണ്. " വാങ്ങണ്ട ഇടിയുടെ എണ്ണം കുറയ്ക്കണമെന്നുള്ളതുകൊണ്ട് ജിബിന്‍ വിളിച്ചുപറഞ്ഞു. പകച്ചുനിക്കല്‍ പതിയെ പൊട്ടിച്ചിരിയിലേക്ക് മാറി. പൂര്‍ണഗര്‍ഭിണി വയറുതടവുന്നത് അനുകരിക്കുന്ന ജിജോയെ കണ്ടപ്പോള്‍ ചിരിയുടെ ലെവല്‍ കൂടി. വിബിയും ചിരിയില്‍ കൂടിയിട്ടുണ്ടെന്ന് കണ്ടപ്പോള്‍ അവശനായവന്‍ ഉഷാറായി.

" നിന്റെ ഒരു മറ്റൊടത്തെ മിട്ടായി കൊടുപ്പ്....." വിബിയുടെ കഴുത്ത് ജിജോയുടെ കയ്യില്‍ സേഫ്.

ഒരുകണക്കിന് ജിജോനെ പിടിച്ചുമാറ്റി സനീഷ്‌ കൊണ്ടുപോകുമ്പോള്‍ വിബി കഴുത്ത് തടവി ഇരുന്നു എന്തോ ആലോചിക്കുന്നു.

" ഡാ.. കോപ്പേ.. ഇപ്പൊ വീണില്ലേ, ഇനി മേലാല്‍ ഈ ജാതി പണിയും കൊണ്ട് വന്നേക്കരുത്.." പിടിച്ചുമാറ്റികൊണ്ട് പോകുമ്പോള്‍ ജിജോ വിളിച്ചു പറഞ്ഞു.

" നീ എന്താ ആലോചിക്കണേ...? അടുത്തത് ആര്‍ക്കാ...? "

" അല്ലടാ.... അവള്‍ക്കു മിട്ടായി കൊടുത്തപ്പോള്‍ അവള്‍ വിചാരിചിരിക്കും അതുഅവള്‍ക്കാണെന്നു. ചേച്ചിക്കുള്ളതാണെന്നും പറഞ്ഞ് ആ സന്തോഷം തല്ലിക്കെടുത്തണ്ടാര്‍ന്നൂ...... "
ഇരുന്ന പോസില്‍നിന്നും ഒരു വത്യാസവും ഇല്ലാതെ പറഞ്ഞ മറുപടി കേട്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി ആ കഴുത്തിന്റെ അളവെടുക്കാന്‍....

Sunday, August 7, 2011

കല്യാണത്തലേന്നത്തെ ആദ്യരാത്രി 2

തുടര്‍ച്ച.... (ക്ലിക്കൂ ആദ്യത്തെ വായിക്കാന്‍)

സഞ്ജയ്നെ വിളിക്കാന്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച പച്ചമടലിന്റെ ബാറ്റും പിടിച്ച് റണ്ണറിന്റെ സ്ഥാനത്ത് അവന്‍ നില്‍ക്കുന്നതാണ്.

" എടാ, ഒരു ബോള്‍ എങ്കിലും എന്നെകൊണ്ട് തൊടീക്കടാ.... " ബാറ്റ് ചെയ്യുന്ന പയ്യന്‍ അടിച്ചിട്ട് റണ്‍സിനായി ഓടുമ്പോള്‍ അവന്‍ പറയണത് ഞങ്ങള്‍ വ്യക്തമായി കേട്ടു.
ചെന്നപ്പോള്‍ത്തന്നെ കളി തീര്‍ന്നു. ഭാഗ്യം, അല്ലെങ്കില്‍ ഞങ്ങളുടെ ആത്മമിത്രം ഓടിയോടി തളരണത് കണ്ടുനില്‍ക്കണ്ട വന്നേനെ.

" നീ ഒക്കെ ഇനി മാച്ചും ഉണ്ടെന്നും പറഞ്ഞു വാ.... ഇനി ഞാന്‍ കളിക്കാനില്ല..... "

" വേണ്ടാ.... ഇന്ന് സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ളതുകൊണ്ട് കുറച്ചുപേര്‍ ഇല്ല. അതുകൊണ്ടാ ചേട്ടനെ വിളിച്ചേ... " പിള്ളേരുടെ മറുപടിയില്‍ തൃപ്തനായി വടക്കേകരയുടെ വെങ്ങ്സാര്‍കര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

" എപ്പോ വന്നൂ...... വാടാ വാ വീട്ടിലേക്ക് പോകാം.. " ഞങ്ങളെ കണ്ടതിലുള്ള സന്തോഷം കൊണ്ടും ഇനി അവിടെ നിന്നാല്‍ ഞങ്ങളും കൂടി നാറ്റിക്കും എന്നുള്ള ഉള്‍വിളി കൊണ്ടും അവന്‍ ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടില്‍ എത്തിയതും നേരെ കലവറയിലേക്ക് കാലെടുത്ത് കുത്തി. അവിടെ ബന്ധുക്കളായ ആണ്‍ പ്രജകള്‍ തെങ്ങ പൊതിക്കലും ചിരവലും ഒക്കെയായി മിസ്റ്റര്‍ പറയാട് ആവാന്‍ ശ്രമിക്കുന്നു. ഒഴിവു കിടന്ന പോസ്റ്റില്‍ ഞാനും രാകേഷും ജോയിന്‍ ചെയ്തു.ഒരു വേക്കന്‍സി വന്നപ്പോള്‍ പണിയെടുക്കാനല്ലെങ്കിലും ചിരണ്ടുന്ന തെങ്ങ തിന്നാനായി ജഗ്ഗുനേം വിളിച്ചു. പണിയെടുക്കല്‍ അവന്റെ നിലക്കും വിലക്കും ചേരാത്തത് കൊണ്ട് ഒരു കസേരയില്‍ ഇരുന്ന് ഞങ്ങളുടെ അധ്വാനത്തിന്റെ സൂപ്രവൈസര്‍ ആയി.

" മോനെ, ഒന്നും ഇല്ലിയോടാ വീശാന്‍......? " പിങ്ക്‌ ലുങ്കിചേട്ടന്റെ വക ഒരു ചോദ്യം സഞ്ജയ്‌ക്ക് .
ഇപ്പൊ സെറ്റപ്പാക്കാം എന്ന് ഉത്തരം കൊടുത്തുകൊണ്ട് അവന്‍ സ്കൂട്ടായി. ഞങ്ങള്‍ക്കുള്ളതിനെ പറ്റി ചോദിയ്ക്കാന്‍ ടൈം ഒട്ടും തരാതെ.

" സഞ്ജു മോന്റെ കൂട്ടുകാരൊക്കെ ഉണ്ടല്ലോ...... എന്തിനാ ചേച്ച്യേ ഇവരെകൊണ്ട് പണിയെടുപ്പിക്കണേ..... " അയല്‍വാസികളായ ചേച്ചിമാരൊക്കെ കലവറയിലേക്ക് വന്ന് തുടങ്ങി. പുരുഷപ്രജകള്‍ ഓരോരുത്തരായി കലവറയില്‍ നിന്നും കള്ളറയിലേക്ക് നീങ്ങി.

ചേച്ചിമാരെയും കലവറപണികളെയും അവോയ്ട് ചെയ്ത് പെണ്‍കുട്ടികള്‍ വല്ലവരും വന്നുണ്ടോന്ന് ശ്രദ്ധിച്ചിരുന്ന ജഗ്ഗുന്റെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ കാരണമായത്‌ കനക ഒന്ന് കറുത്താല്‍ എങ്ങനെ ഇരിക്കുമോ അതുപോലത്തെ ഒരു ചേച്ചിയുടെ " നീ ആ രാജപ്പന്റെ മോന്‍ അല്ലെ...? എന്നാടാ ചെക്കാ നീ ഒളിച്ചോടി പോയിട്ട് തിരിച്ച് വന്നേ.... " എന്നാ ഒരു കൊച്ചു ചോദ്യമാണ്.

പിന്നെ ഞങ്ങള്‍ കാണുന്നത് ഇട്ടിരുന്ന ഷര്‍ട്ട്‌ ഊരി അരയില്‍ക്കെട്ടി ചാടി വരുന്ന ജഗ്ഗുനെ ആണ്. വന്നപാടെ എന്നെകൊണ്ട് വോളണ്ടറി റിടെയര്‍മെന്റ് എടുപ്പിച്ചു.

കുറച്ചു കഴിഞ്ഞ് സഞ്ജയ്‌ വന്ന് ഞങ്ങളെ വിളിച്ചില്ലായിരുന്നേല്‍ തേങ്ങ ചിരകി ചിരകി അവന്റെ ജീവിതം ഒഴിഞ്ഞ ചിരട്ടയെക്കാള്‍ കഷ്ടമായേനെ.

" ഡാ, ഇന്നാ പൈസ. പോയി സാധനം വാങ്ങ്. കൂട്ടത്തില്‍ കുറച്ച് മുല്ലപൂവും." എന്നും പറഞ്ഞ് സഞ്ജയ്‌ പൈസ നീട്ടി. അതും വാങ്ങി ജഗ്ഗുന്റൊപ്പം വണ്ടിയില്‍ കയറി പറവൂരിലേക്ക് പോയി. ബീവരെജ്‌ ഷോപ്പിലെ ക്യൂവില്‍ നിന്ന് ചോര നീരാക്കി കുപ്പിയും വാങ്ങി പുറത്തുകടന്നു. പോരുന്ന വഴിക്കുള്ള ഒരു പൂ കടയില്‍ കയറി പൂവും വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും കല്യാണവീട്ടില്‍ തിരക്കായി.

കണ്ടപാടെ രാകേഷിന്റെ സീസറല്ലേ എന്ന ചോദ്യത്തിന് ബിജോയിയാടാ എന്ന് ഉത്തരം കൊടുത്ത് സഞ്ജയ്യുടെ റൂമില്‍ കയറി. കുപ്പി കട്ടിലിന്റെ അടിയില്‍ ഭദ്രമായി വച്ച് പുറത്തിറങ്ങി. തിരിച്ചെത്തി വായ്‌ നോട്ടത്തില്‍ അവര്‍ക്ക് കമ്പനി കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഒരു പുള്ളി ചുരിദാറുകാരി ചുള്ളത്തി അവിടേക്ക് വന്നു.പ്രഥമദൃഷ്ടിയില്‍ പ്രണയതാല്പര്യം തോന്നിയതിനാല്‍ അതിനെ ചൂണ്ട ഇടാന്‍ തീരുമാനിച്ചു.

' സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളെ ...
എന്റെ രോമാഞ്ചമായ്‌ മുന്നില്‍ വാ................. ' എന്ന ടേപ്പ്റിക്കാര്‍ഡിലെ ബി.ജി. മ്യൂസിക്‌ സപ്പോര്‍ട്ടില്‍ ആ പുള്ളിക്കാരി വീട്ടിലേക്ക് കയറിപോയി.

ഞാന്‍ പതുക്കെ എഴുന്നേറ്റ് അവന്റെ വീട്ടിലേക്കു നടന്നു. സഞ്ജയ്യുടെ റൂമില്‍ നിന്നും കുപ്പി എടുക്കാം എന്നുവിചാരിച്ച് വീട്ടിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ആ കുട്ടി അടുക്കള ഭാഗത്തുനില്‍ക്കുന്നു.അടുക്കള വഴിയും അകത്തെത്താമല്ലോ എന്ന കാരണത്താല്‍ ഞാന്‍ അടുക്കളവഴി കേറി. ആ കുട്ടിയെ കണ്ടതും വരുന്ന ഓരോരുത്തരെയും പരിചയപ്പെടെണ്ടത് ഒരു അഥിതി എന്ന നിലയില്‍ എന്റെ കടമ ആയതുകൊണ്ട് കേറി മുട്ടാന്‍ തീരുമാനിച്ചു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ചോദിച്ചു.

" സഞ്ജയ്‌ എന്ത്യേ...? "

" അകത്ത് തൂക്കി ഇട്ടിട്ടുണ്ട്. "

" എന്തുവാ....." ഞാന്‍ വാ പൊളിച്ചു.ദൈവമേ ഇനി ആരേലും പിടിച്ച് തൂക്കിയിട്ടോ അവനെ? സ്വന്തം വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ക്ഷമയ്ക്ക് ഒരു ലിമിറ്റ് ഇല്ലേ...

" അല്ലാ, അവനെ എവിടെയാ തൂക്കിയിട്ടേക്കണേ ...? "

" സഞ്ചി അല്ലേ ചോദിച്ചേ...? "

" ഒന്നൂല. ഞാന്‍ മുറിയില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുക്കാന്‍ വന്നതാ. നമുക്ക് പിന്നെ കാണാം.."

പ്രേമത്തിന്റെ പനിനീര്‍പ്പൂവ് കൊടുക്കാന്‍ പോയ എന്നെ സഞ്ചിയിലാക്കി ഉത്തരത്തില്‍ തൂക്കിയട്ടപോലത്തെ മാനസികാവസ്ഥയില്‍ ഞാന്‍ കുപ്പിയുമെടുത്ത് പോന്നു.

" എടാ, എന്തായി മുട്ടാന്‍ ചെന്നിട്ട്? വല്ല രക്ഷേം ഉണ്ടോ...? " ചെന്നപാടെ രാകേഷിന്റെ ചങ്കില്‍ കുത്തണ ചോദ്യം.

അവളെ പ്രേമിക്കുകയാണെങ്കില്‍ പാര്‍ക്കിലേക്ക് പോയാലോ എന്നുള്ള എന്റെ ചോദ്യത്തിന് പോര്‍ക്കിറച്ചി എനിക്ക് വേണ്ട എന്ന മറുപടി ആയിരിക്കും കിട്ടുക. അതുകൊണ്ട് പ്രഥമദൃഷ്ടിയില്‍ തോന്നിയ ഇഷ്ടം പ്രഥമസംസാരത്തില്‍ മതിയാക്കാം എന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിയതുകൊണ്ട് അവന് ഉത്തരം കൊടുത്തു.

" ഹേ.... അങ്ങനെ ഒന്നുമില്ല. ഒന്നില്ലേലും നമ്മുടെ സഞ്ജയ്‌യുടെ ഒരു ബന്ധുവല്ലേടാ..... "

" ഡാ... അതോക്കെയെടുത്ത് അപ്പുറത്തെ പറമ്പിലേക്ക് പോ.... ഞാന്‍ വെള്ളം എടുത്തുകൊണ്ട് വരാം" ജഗ്ഗു കലാപരിപാടിക്ക് തിടുക്കം കൂട്ടി.

ഞങ്ങള്‍ കുപ്പിയും അച്ചാറുമായി അടുത്തുള്ള പറമ്പിലെ മണല്‍തിട്ടയില്‍ ഇരുന്നു.വെള്ളവുമായി ജഗ്ഗു എത്തി.

" അച്ചാറുമാത്രമോ...? എന്നാ പരിപാടിയാടാ പോയി കറി വല്ലതും എടുത്തുകൊണ്ട് വാ... വീട്ടുകാരനായ സന്ജയ്നെ ജഗ്ഗു വീട്ടിലേക്കു ഓടിച്ചു. സമയം കുറച്ചു കഴിഞ്ഞിട്ടും കറി എടുക്കാന്‍ പോയവനെ കാണാതായപ്പോള്‍ രാകേഷ്‌ തിരക്കിയിറങ്ങി. പെട്ടന്ന് തന്നെ ഒരു പത്രം അവിയലും കൊണ്ട് എത്തി.

" അവന്‍ അവിടെ പിള്ളേരേം ചീത്ത പറഞ്ഞുകൊണ്ട് നിക്കുന്നു."

" എന്തിന്....? "

" അവിടെ കൊണ്ടുവന്ന് വച്ചിരിക്കുന്ന ഐസ് ക്രീം ബോക്സ്‌ തുറക്കരുത്, ഐസ് ക്രീം തണുത്ത്‌പോകുന്നും പറഞ്ഞ്..... "

" അളിയാ, ഇവര്‍ മൊത്തത്തില്‍ ഇങ്ങനെയാണോ....? " എന്റെ അനുഭവം കൊണ്ട് സംശയം സ്വാഭാവികം.

" ആ.... ആര്‍ക്കറിയാം. നീ അതോര്‍ത്തോണ്ട് നിക്കാതെ ഊത്തടെ....." രാകേഷ്‌ ഗ്ലാസ്‌ നീട്ടി.

മൂന്നു ഗ്ലാസില്‍ ഒഴിച്ചു. കല്യാണപെണ്ണിന്റെ ആങ്ങള ആയതുകൊണ്ടും പിറ്റേന്ന് രാവിലെ ചെറുക്കനെ മാല ഇട്ട് സ്വീകരിക്കണ്ടത് അവനായത് കൊണ്ടും സഞ്ജയ്‌ക്ക് കൊടുക്കരുതെന്ന് കേന്ദ്രത്തില്‍ നിന്നും ഓര്‍ഡര്‍ ഉണ്ടായിരുന്നു.

' ചിയേഴ്സ് ... ' മൂന്നു ഗ്ലാസും കൂട്ടി മുട്ടി.

" ഭ്രോഓഓഓ........" ഫസ്റ്റ് പെഗ്ഗില്‍ ജഗ്ഗു വക വാള്‍ ഒന്ന്. നേരെ മുന്നിലിരിക്കുന്ന ഞാന്‍ എന്റെ ദേഹത്തേക്ക് നോക്കി. ഭാഗ്യം. അവന് സ്നേഹമുണ്ട്. സൈഡിലേക്ക് ചരിഞ്ഞ് എടുത്ത വാള്‍ ഒതുക്കി വക്കുന്നു.

" എന്ത് പറ്റിയെടാ..... ? "

" ഹോ , പറ്റണില്ല... നിങ്ങള്‍ കഴിച്ചോ.. " അവന്‍ വായ കഴുകി.

ഒരു വളിച്ച ചിരി ചിരിച്ചിട്ട് രാകേഷ്‌ അടുത്തത് ഒഴിച്ചു. ഓരോ വിഷമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞും. നടക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് ഓര്‍ത്തെടുത്തു സങ്കടം ഉണ്ടാക്കിയും വെള്ളമടിക്ക് വാശി കൂട്ടി. കുപ്പി തീര്‍ന്നപ്പോഴേക്കും അത്താഴത്തിന് സമയമായി. പന്തിയില്‍ പോയാല്‍ പന്തികേടാണെന്നുകണ്ട് കലവറയുടെ പുറകില്‍ ഭക്ഷണം എത്തി.

വിശപ്പ്‌ പോയിട്ടും എന്തൊക്കയോ കഴിച്ചെന്ന് വരുത്തി അവിടെ നിന്നും എഴുന്നേറ്റു. കൈ കഴുകി വന്നപ്പോള്‍ ഒരു മൂത്രശങ്ക. വേലിയുടെ അടുത്തായി കാര്യം സാധിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് വേലിയുടെ ഇടയില്‍ നിന്നും എന്തോ ഒന്ന് നീണ്ട് വരുന്നു.

" ഈശോ...... എന്തിത്...!!? " ഞാന്‍ രണ്ടടി പുറകോട്ട് ചാടി വീണു. വീണിടത്തു കിടന്നു നോക്കുമ്പോള്‍ ഒരുത്തന്‍ ഞാന്‍ നിന്നതിന്റെ അടുത്തുള്ള മരത്തില്‍ ഏതോ പൈങ്കിളി പാട്ടും പാടി മരംചുറ്റിക്കൊണ്ടിരിക്കുന്നു. അവന്‍ കറങ്ങി വന്നപ്പോള്‍ വന്ന കാലാണ് ഞാന്‍ കണ്ടത്.

' ഈ പച്ചപാതിരാക്ക് പ്രിയതമയെ ഓര്‍ക്കുന്നതാകണം '

രാകേഷിനെയും വിളിച്ചുകൊണ്ട് ജഗ്ഗുന്റെം സഞ്ജയ്‌യുടെം അടുത്ത് ചെന്നു. കുറച്ചുനേരം കലവറ വിശേഷം സംസാരിച്ചും അവിടെ ഉള്ള ആളുകളോട് കത്തിയും വച്ചിരുന്ന് അവസാനം ഉറങ്ങാന്‍ എഴുനേറ്റു.

" വാടാ. അകത്ത് പായ ഇടാം.." സഞ്ജയ്‌ വീട്ടിലേക്കു പോകാന്‍ തുടങ്ങി.

" വേണ്ടാ അളിയാ.... ആ മണലിന്റെ മുകളില്‍ കിടക്കാം......" പറയുന്നത് രാകേഷാണോ അത് ഉള്ളിലെ ബിജോയ്‌ ആണോ എന്ന് പിടുത്തം കിട്ടുന്നില്ല.

" ഇവിടെ കിടക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങളെ കാണാം, കാറ്റ് കൊള്ളാം , ....... " മണലില്‍ രാകേഷ്‌ സ്ഥാനം പിടിച്ചു.

" മോനേ, ഞാനില്ല. അവസാനം പറഞ്ഞ് പറഞ്ഞ് ഒരു കുഞ്ഞുനക്ഷത്രമായി കാമുകിയുടെ വീട് കാണാന്‍ പോകുന്ന പ്ലാന്‍ വരെ പറയും. ഞാന്‍ ഇവിടെ കിടന്നോളാം " ജഗ്ഗു കസേര കൂടിയിട്ട് കട്ടിലുണ്ടാക്കി.

" ഞാന്‍ വരാടാ." ഞാനും സഞ്ജയ്‌യും മണലില്‍ കിടന്നു.

ഉറക്കം വന്ന് കണ്ണ് ക്ലോസ് ചെയ്യുമ്പോള്‍ ഒരു സൗണ്ട്‌ ' ഗ്ക്രാ...................!!!! '

" ആരാടാ ഈ പാതിരാത്രിക്ക് ജുറാസിക്‌ പാര്‍ക്ക് ഇട്ടേക്കണെ ........ " ഉറക്കപിച്ചില്‍ സഞ്ജയ്‌ ചോദിച്ചു.

അതിനുള്ള ഉത്തരവും ' ഗ്ക്രാ...................!!!! '

ഒരുകണക്കിന് എഴുന്നേറ്റ് നോക്കി. സഞ്ജയ്‌ പാടുപെട്ടു ഉറക്കം വരുത്തുന്നു. രാകേഷിനെ നോക്കിയപ്പോള്‍ കണ്ടത് കിടന്ന കിടപ്പില്‍ അട്ട ചുരുണ്ട് കൂടുന്നപോലെ ഇടയ്ക്ക് .

" ഇവന്റെ വാളിനു നീളം കൂടും.... " തല പൊക്കി അധികനേരം നിക്കാനുള്ളശേഷി ഇല്ലാത്തതുകൊണ്ട് ഞാന്‍ കിടന്നു. ഒരു ഉറക്കം കഴിഞ്ഞ് കണ്ണൊന്നു തുറന്നപ്പോള്‍ പഞ്ചാര ഡയലോഗ് കേള്‍ക്കുന്നു.

" എന്താടാ പൊന്നേ.... ഇന്ന് വൈകിപ്പോയോ........ ? "

ഇതാരാ ഈ വെളുപ്പിന് വൈകി വന്നേ? ഒന്നും പിടി കിട്ടണില്ല. ലൈറ്റ് എല്ലാം അണച്ചത്കൊണ്ട് നോക്കിട്ടും കാര്യമില്ല.

" ഇന്ന് നമ്മുടെ ആദ്യരാത്രി ആയിട്ടും മോളു വൈകിയല്ലോടാ......."

കര്‍ത്താവേ...ഇതാരാ ഇത്ര ഓപ്പണ്‍എയര്‍ ആയിട്ട് ആദ്യരാത്രി ആഘോഷിക്കണേ

കഷ്ടപ്പെട്ട് എഴുന്നേറ്റപ്പോഴേക്കും ആരോ അവിടെ ലൈറ്റ് ഇട്ടു. ആ കാഴ്ച ഞാന്‍ കണ്ടു. അതുകൊണ്ട് മതിയാകാതെ വന്നപ്പോ സഞ്ജയ്‌യെ വിളിച്ച് എഴുന്നേപ്പിച്ച് കാണിച്ചുകൊടുത്തു.

" എനിക്ക് ഒരണ്ണം കൂടി താടാ ചക്കരേ...... " എന്നും പറഞ്ഞ് അടുത്ത് വന്ന് കിടന്നിരുന്ന പട്ടിക്ക് മുത്തം കൊടുക്കുന്നു.
ഇത് കണ്ടുകൊണ്ടും ലൈറ്റ് ഇട്ട കലവറ സഹായി ചേച്ചി ഇത് കണ്ടിട്ടുള്ള ഡയലോഗ് കേട്ടും ഞങ്ങള്‍ തരിച്ചിരുന്നു.

" ഒരു പട്ടിക്ക് പോലും ഇപ്പൊ രക്ഷയില്ലാതെയായല്ലോ ദൈവമേ......... "