Tuesday, August 8, 2017

വിട

ആദ്യമേ തന്നെ ഒരു കടപ്പാട്.... ഇതെഴുതി എന്നെ ഏൽപ്പിച്ച ആൾക്ക്...

ഇന്നിത് മൂന്നാം ദിവസം!

പലരും മറന്നു. കുറച്ചാളുകൾ ഓർത്തോർത്ത് കരയുന്നു. ചിലർ നെടുവീർപ്പിടുന്നു....

ഞാനിങ്ങനെ ഓരോ അണുവും മണ്ണിലലിയിച്ച് ഒരു ദുർഗന്ധമായി തീർന്നുകൊണ്ടിരിക്കുന്നു..

ഇത്രയും കാലത്തെ ജീവിതം എന്തിനായിരുന്നു, ല്ലേ...? എന്റെ തീരുമാനം തെറ്റായിരുന്നോ?

അല്ല. അതെന്റെ ശരിയായി തോന്നിയ നിമിഷമാണ് ഞാൻ ഈ മണ്ണിലലിയാൻ തീരുമാനിച്ചത്. ഒരുപക്ഷേ അതെന്റെ മാത്രം ശരിയായിരിക്കാം.

ഞാൻ അവസാനം വരെ ഓർത്തത് നിന്നെക്കുറിച്ചാണ്. ഈ വാർത്ത നിന്റെ കാതിലെത്തിയ നിമിഷം ഞാൻ നിന്റെയരികിൽ ഉണ്ടായിരുന്നു.  കവിളിലൂടെ ഉരുകിയിറങ്ങിയ ആ തുള്ളിയിൽ വെന്ത് നീറി ഞാൻ നിന്നു. തെറ്റിപ്പോയോ എന്ന് ഒരു നിമിഷം ചിന്തിച്ചതവിടെ വച്ചാണ്.

ആദ്യമായി ആ ചുണ്ടുകൾ എന്റെ ഉമിനീര് തൊട്ട നിമിഷം ഓർക്കുന്നുണ്ടോ...? അന്ന് കണ്ട സ്വർഗ്ഗവും സ്വപ്നങ്ങളും നീ ഓർക്കുന്നുവോ....? മരിച്ച് മുകളിലെത്തുമ്പോൾ അവിടെ ഒരു ലോകം നമ്മൾക്ക് മാത്രമായി കാത്തിരിക്കും എന്ന് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. അതല്ലാട്ടോ ഇവിടം... നീ പതിയേ വന്നാതീ.... ഒരുപാട് പറയാനുണ്ട്.

ഇവറ്റകൾ എന്റെ കഴുത്തോളമെത്തി. ഒരു മയവും ഇല്ലാതെ കാർന്ന് തിന്നുവാ. നോവിക്കാതെ.. പതിയെ പതിയെ.

അമ്മ ആകെ തളർന്നമട്ടാണ്. ആള് കരുതിയിരുന്നില്ല ഞാനിത് ചെയ്യുമെന്ന്. പഴിചാരലും വിലാപവും തീർന്നിട്ടില്ല. ഇവർ തന്നെയാണ് എതിരുപറഞ്ഞ് വാളെടുത്ത് നിന്നത്, എനിക്ക് എന്താ പറയാനുള്ളേ എന്നൊന്ന് കേക്കാനെങ്കിലും കൂട്ടാക്കാതെ.

ആ പിന്നേ.... വന്നപാടെ അപ്പനെ കണ്ടായിരുന്നു. മുഖം പൊത്തി ഒരണ്ണം കിട്ടി. പഴയ ആ ശൗര്യം ഇപ്പോഴുമുണ്ട് ഹീറോയ്ക്ക്. കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു.

കൂട്ടുകാർ, അവർക്കൊന്നും വിശ്വസിക്കാനായിട്ടില്ല, അവരുടെ ഈ ജോക്കറ് പെണ്ണ് മതിലിൽ കേറിയ കാര്യം.

വൈകീട്ട് ഒരു പെട്ടി തിരിയും കൊണ്ട് അമ്മ വന്നിരുന്നു. കരഞ്ഞ് കലങ്ങിയിട്ടുണ്ട് കണ്ണ് രണ്ടും. അപ്പൻ സമാധാനിപ്പിക്കാൻ നോക്കി, പക്ഷേ അമ്മയുണ്ടോ അതറിയുന്നു.

പിന്നെ....യാത്രയാക്കിയതിൽ പ്രിയമേറിയ യാത്രയയപ്പ് നിന്റെ തന്നെ. വെട്ടിപ്പൊളിച്ച് തുന്നിക്കൂട്ടിയ മുറിവിന് മേലേകെട്ടിയ തുണിയിൽ, നീ കുങ്കുമം ചാർത്താൻ കൊതിച്ച സിന്ദൂര സ്ഥാനത്ത് തന്ന ആ ഉമ്മ! വാക്ക് പാലിച്ചൂട്ടാ.....

മോനേ.... അവരെത്തി. ചുണ്ടുകൂടി വേണമെന്ന്. ഇനി ഇതേ ബാക്കിയുള്ളൂ....

കൊടുക്കുവാ.... പോവേണ് ട്ടാ.........

1 comment: