Monday, May 31, 2021

ആഗ്രഹം

അമേരിക്കയിലെ റോഡ് സംസ്കാരത്തിൽ തുടങ്ങി, ഇംഗ്ലണ്ടിലെ ഓൾഡ് ട്രഫോർഡിന് മുന്നിൽ ബജ്ജിക്കട തുടങ്ങുന്നതിലൂടെ സഞ്ചരിച്ച്, സ്പെയിനിന്റെ സാമ്പത്തിക സ്ഥിതിയിലൂടെ ചർച്ച തുടർന്ന്, കേരളത്തിലെ വണ്ടികളുടെ ടയറിൽ കാറ്റടിക്കുന്ന പല സംവിധാനത്തിലും എത്തി നിന്ന ആ  വഴിക്കുളങ്ങര ഗ്രൗണ്ടിലെ വൈകുന്നേര ചർച്ചയിൽ എപ്പോഴോ രാകേഷ് സംസാരിച്ചതിൽ നിന്നും ഉണ്ടായ ഒരു ആഗ്രഹമുണ്ട്. 


" ജീവിച്ചിരിക്കുമ്പൊ നമ്മൾക്കൊക്കെ ഉള്ള നമ്മുടെ പേര് (നെയിം അല്ലേൽ നാം) പോകാൻ ഒന്ന് ജസ്റ്റ് മരിച്ചാൽ മാത്രം മതി. പിന്നെ നമ്മൾ ഒരു ബോഡി ആയി മാറും. വീട്ടുകാർ പോലും പറയുക ബോഡി വരാൻ/എടുക്കാൻ സമയമായി എന്നായിരിക്കും. അങ്ങനെ പറയാത്ത, അത് വരെ കൂടെ ഉണ്ടായിരുന്ന ആ പേര് ചൊല്ലി നമ്മളെ പറയുന്ന ഒരാളെ എങ്കിലും ജീവിതത്തിൽ നേടാൻ പറ്റണേ എന്നതായിരുന്നു ആഗ്രഹം നമ്പർ 1." - എല്ലാവരേയും പോലെ കൊച്ചു കൊച്ചു ആഗ്രഹങ്ങളായ അംമ്പാനിയേക്കാളോ ബിൽഗേറ്റ്സിനേക്കാളോ രണ്ടരക്കിലോ കൂടുതൽ പണക്കാരനാവണം, മാസരാറ്റി ഫ്രഷ് വണ്ടി വാങ്ങണം (വിത്തൗട്ട് സിസി), തുക കോടികളിൽ കുറയാത്ത  ഒരു ലോട്ടറി അടിക്കണം അങ്ങനെ അങ്ങനെ സാധാ ലിസ്റ്റ് നീണ്ട് പോകുമ്പോഴും ഇത് ശരിക്കും ആഗ്രഹമായി ഉള്ളിൽ കിടക്കുവാ.... 


   ഇന്നലെ കുഞ്ഞോൾടേം നിയാമ്മയുടേം കൂടെ പോയി, കേട്ടറിഞ്ഞ നുമ്മ ഹീറോ പാഞ്ചീപ്പയുടെ കുഴിക്ക് മുന്നിൽ നിന്നപ്പോൾ സത്യം പറഞ്ഞാൽ സങ്കടമോ വേണ്ടപ്പെട്ടവരുടെ കുഴിക്കൽ നിക്കുമ്പോൾ തോന്നുന്ന ആ ഒരു ശൂന്യതയോ ഒന്നുമല്ല തോന്നിയത്. പുള്ളിയുടെ ടെറർ ഗേൾ കുഞ്ഞോൾടെ ആ പെരുമാറ്റം കണ്ടപ്പോൾ തോന്നിയത് അസൂയ ആണ്. നല്ല കട്ട അസൂയ. കുഴിക്കെ ചെന്നിട്ട് ആത്മാവിന് നിത്യശാന്തി നേർന്ന് നനഞ്ഞ കണ്ണോടു കൂടി "മരിച്ച വിശ്വാസികൾക്ക് വേണ്ടി" ചൊല്ലലും, തല മൂങ്ങയെപ്പോലെ 360° കറക്കി സെമിത്തേരിയിൽ ആരൊക്കെ വന്നെന്ന് കണക്കെടുപ്പ് നടത്തുന്നതിന്റെ കൂടെ "സ്വർഗ്ഗസ്ഥനായ-നന്മനിറഞ്ഞ മറിയം- ത്രിത്വസ്തുതി" ചൊല്ലലും കണ്ട് ശീലിച്ച എനിക്ക് അസൂയതോന്നിയില്ലേൽ ആയിരിക്കും അത്ഭുതം. കാരണം, ഫോൺ വിളിച്ച് സംസാരിക്കുന്നതാണോ, ആള് മുന്നിൽ നിന്നിട്ട് നേരിട്ട് ആളോട് സംസാരിക്കുന്നതാണോ എന്ന രീതിയിൽ പറയാനും ചോദിക്കാനും ഉള്ള കാര്യങ്ങൾ അങ്ങട്ട് അലക്കലോട് അലക്കൽ. അതിൽ ദേഷ്യപ്പെടലുണ്ട്, പരിഭവം ഉണ്ട്, കളിയാക്കലുണ്ട്, ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ബ്രീഫിംഗ് ഉണ്ട്...... അങ്ങനെ അങ്ങനെ അങ്ങനെ......

   

     ഇപ്പൊ എന്റെ ആഗ്രഹ ലിസ്റ്റിൽ രണ്ടാമതായി ഒരു കാര്യം ഇടം പിടിച്ച്. അത് ഈ സംസാരമാ.... എനിക്കും ഇങ്ങനെ വിശേഷങ്ങൾ കേട്ടാ കൊള്ളാം.  അല്ലാതെ ആവർത്തന വിരസത തോന്നുന്ന ബുക്ക് വായനയോട്,  പൊതുവേ പ്രാർത്ഥനകളോട് ഇപ്പം വല്ല്യ താല്പര്യമില്ലാത്ത എനിക്ക് ചേരുന്നത് ഇത് തന്നെയാ. ഈ കൊച്ചുവർത്തമാനം.

  

 പറഞ്ഞ് വന്നത് വേറൊന്നുമല്ല, അങ്ങനെ എന്റെ ആഗ്രഹപ്പട്ടിക പുതുക്കിയേച്ചും കൊച്ചങ്ങ് ബാക്കി പഠനം പൂർത്തിയാക്കാൻ പുറപ്പെട്ടിട്ടുണ്ട്. ചുമ്മാ സമയം കളയാതെ എല്ലാം കൃത്യമായി ചെയ്ത് ആ സർട്ടിഫിക്കറ്റും വാങ്ങി വരാൻ.   മഞ്ഞ് വച്ച് തോരൻ ഉണ്ടാക്കൽ ഉൾപ്പെടെ പല അഭ്യാസങ്ങളും കാണാൻ സാധ്യത ഉള്ളതിനാൽ.... എത്രയും പ്രിയപ്പെട്ട ലാറ്റ് വിയ അറിയാൻ, സൂക്ഷിച്ചാൽ അവനോന് കൊള്ളാം.... എനിക്ക് അത്രേ പറയാനുള്ളൂ......


  ഓൾ ദി ബെസ്റ്റ്........

Tuesday, August 8, 2017

വിട

ആദ്യമേ തന്നെ ഒരു കടപ്പാട്.... ഇതെഴുതി എന്നെ ഏൽപ്പിച്ച ആൾക്ക്...

ഇന്നിത് മൂന്നാം ദിവസം!

പലരും മറന്നു. കുറച്ചാളുകൾ ഓർത്തോർത്ത് കരയുന്നു. ചിലർ നെടുവീർപ്പിടുന്നു....

ഞാനിങ്ങനെ ഓരോ അണുവും മണ്ണിലലിയിച്ച് ഒരു ദുർഗന്ധമായി തീർന്നുകൊണ്ടിരിക്കുന്നു..

ഇത്രയും കാലത്തെ ജീവിതം എന്തിനായിരുന്നു, ല്ലേ...? എന്റെ തീരുമാനം തെറ്റായിരുന്നോ?

അല്ല. അതെന്റെ ശരിയായി തോന്നിയ നിമിഷമാണ് ഞാൻ ഈ മണ്ണിലലിയാൻ തീരുമാനിച്ചത്. ഒരുപക്ഷേ അതെന്റെ മാത്രം ശരിയായിരിക്കാം.

ഞാൻ അവസാനം വരെ ഓർത്തത് നിന്നെക്കുറിച്ചാണ്. ഈ വാർത്ത നിന്റെ കാതിലെത്തിയ നിമിഷം ഞാൻ നിന്റെയരികിൽ ഉണ്ടായിരുന്നു.  കവിളിലൂടെ ഉരുകിയിറങ്ങിയ ആ തുള്ളിയിൽ വെന്ത് നീറി ഞാൻ നിന്നു. തെറ്റിപ്പോയോ എന്ന് ഒരു നിമിഷം ചിന്തിച്ചതവിടെ വച്ചാണ്.

ആദ്യമായി ആ ചുണ്ടുകൾ എന്റെ ഉമിനീര് തൊട്ട നിമിഷം ഓർക്കുന്നുണ്ടോ...? അന്ന് കണ്ട സ്വർഗ്ഗവും സ്വപ്നങ്ങളും നീ ഓർക്കുന്നുവോ....? മരിച്ച് മുകളിലെത്തുമ്പോൾ അവിടെ ഒരു ലോകം നമ്മൾക്ക് മാത്രമായി കാത്തിരിക്കും എന്ന് നീ പറഞ്ഞത് ഞാൻ മറന്നിട്ടില്ല. അതല്ലാട്ടോ ഇവിടം... നീ പതിയേ വന്നാതീ.... ഒരുപാട് പറയാനുണ്ട്.

ഇവറ്റകൾ എന്റെ കഴുത്തോളമെത്തി. ഒരു മയവും ഇല്ലാതെ കാർന്ന് തിന്നുവാ. നോവിക്കാതെ.. പതിയെ പതിയെ.

അമ്മ ആകെ തളർന്നമട്ടാണ്. ആള് കരുതിയിരുന്നില്ല ഞാനിത് ചെയ്യുമെന്ന്. പഴിചാരലും വിലാപവും തീർന്നിട്ടില്ല. ഇവർ തന്നെയാണ് എതിരുപറഞ്ഞ് വാളെടുത്ത് നിന്നത്, എനിക്ക് എന്താ പറയാനുള്ളേ എന്നൊന്ന് കേക്കാനെങ്കിലും കൂട്ടാക്കാതെ.

ആ പിന്നേ.... വന്നപാടെ അപ്പനെ കണ്ടായിരുന്നു. മുഖം പൊത്തി ഒരണ്ണം കിട്ടി. പഴയ ആ ശൗര്യം ഇപ്പോഴുമുണ്ട് ഹീറോയ്ക്ക്. കെട്ടിപ്പിടിച്ച് കുറേ നേരം കരഞ്ഞു.

കൂട്ടുകാർ, അവർക്കൊന്നും വിശ്വസിക്കാനായിട്ടില്ല, അവരുടെ ഈ ജോക്കറ് പെണ്ണ് മതിലിൽ കേറിയ കാര്യം.

വൈകീട്ട് ഒരു പെട്ടി തിരിയും കൊണ്ട് അമ്മ വന്നിരുന്നു. കരഞ്ഞ് കലങ്ങിയിട്ടുണ്ട് കണ്ണ് രണ്ടും. അപ്പൻ സമാധാനിപ്പിക്കാൻ നോക്കി, പക്ഷേ അമ്മയുണ്ടോ അതറിയുന്നു.

പിന്നെ....യാത്രയാക്കിയതിൽ പ്രിയമേറിയ യാത്രയയപ്പ് നിന്റെ തന്നെ. വെട്ടിപ്പൊളിച്ച് തുന്നിക്കൂട്ടിയ മുറിവിന് മേലേകെട്ടിയ തുണിയിൽ, നീ കുങ്കുമം ചാർത്താൻ കൊതിച്ച സിന്ദൂര സ്ഥാനത്ത് തന്ന ആ ഉമ്മ! വാക്ക് പാലിച്ചൂട്ടാ.....

മോനേ.... അവരെത്തി. ചുണ്ടുകൂടി വേണമെന്ന്. ഇനി ഇതേ ബാക്കിയുള്ളൂ....

കൊടുക്കുവാ.... പോവേണ് ട്ടാ.........

Thursday, August 25, 2011

സ്വപ്നസന്ദേശം

" വണ്ടി ഒതുക്കി വച്ചേക്കു..... " വിവേക്‌ ബൈക്കിന്റെ താക്കോല്‍ രാകേഷിനെ ഏല്‍പിച്ചു.
" നീ വാ.... നമുക്ക് കയറാം. അവന്‍ ബൈക്ക് വച്ചിട്ട് വരും."

ഞങ്ങള്‍ രണ്ടുപേരും കെ ആര്‍ രെസ്റ്റോറന്റിലേക്ക് കയറി. പുറത്ത് മഴ അതിന്റെ എല്ലാ ക്രൂരഭാവത്തോടും കൂടി തകൃതിആയി പെയ്യുന്നു. മഴയെ വെല്ലുവിളിച്ചുകൊണ്ട് കാറ്റ് ആഞ്ഞുവീശുന്നു. രണ്ടു കൂട്ടരും കൂടി മത്സരിച്ചു വഴിയരികിലെ കടക്കാരെയും കാല്‍നട യാത്രക്കാരെയും കഷ്ടപെടുത്തുന്നു. വഴിയരികിലെ ആളുകള്‍ക്ക് ഒരു കുളി ഫ്രീ ആയി ഓഫര്‍ ചെയ്തുകൊണ്ട് പ്രൈവറ്റ് ബസ്‌ പാഞ്ഞു വരുന്നു. കെ ആറിലേക്ക് കടന്ന് വിവേകിന്റെ കൂടെ ഒരു സീറ്റിലേക്ക് ചെന്നു.

" അനീഷ്‌ വന്നിട്ടുണ്ട്. വിളിച്ചിരുന്നു." കയ്യിലിരുന്ന ഹെല്‍മെറ്റ്‌ ഒരു സ്റ്റാന്‍ഡില്‍ വച്ചു.

" എന്തിനാടാ കാണണം എന്ന് പറഞ്ഞേ.....? " കൂടികാഴ്ചയുടെ കാരണം അറിയാന്‍ ചോദിച്ചു.

" നീ വാ.... പറയാം..." അനീഷിന്റെ അടുത്തായി വിവേക്‌ സ്ഥാനം ഉറപ്പിച്ചു.

ഞാന്‍ ഒപ്പോസിറ്റ്‌ സൈഡില്‍ ഇരുന്നു. എല്ലാവരുടെയും മുഖത്ത് ഒരു ദേഷ്യം പോലെ. കോട്ടില്‍ വീണ വെള്ളം കൊട്ടി കളഞ്ഞ് രാകേഷ്‌ വന്നു.

" നീ കാണിച്ചത് എന്തായാലും ശരിയായില്ല." വിവേക്‌ തുടക്കമിട്ടു.

" എന്താ....? " ഒരു പിടിയും കിട്ടിയില്ല.

" ഇങ്ങനെ നീ കാണിക്കുമെന്ന് വിചാരിച്ചില്ല.... " അനീഷും പറഞ്ഞുതുടങ്ങി.

ഇനി രാകേഷിന്റെ വക എന്താണെന്ന് അറിയാന്‍ അവനെ നോക്കി.

" അളിയാ ഇത്രേം കാണിച്ചത് ഓവര്‍ ആയില്ലെടാ...? "

പൂര്‍ത്തിയായി!! കാര്യം എന്താണെന്ന് മാത്രം മനസിലാകുന്നില്ല.

" നീ എങ്കിലും ഒന്ന് പറ വിവേകേ.... " കാര്യം അറിയാതെ ഉള്ള ശാസന സഹിക്കാന്‍ കുറച്ചു കഷ്ടമാ.

" നീ എന്താ അനീഷിനെ പറ്റി ബ്ലോഗില്‍ എഴുതിയെ? " വെയിറ്റര്‍ കൊണ്ടുവന്നുവച്ച ഗ്ലാസ്‌ മേശയുടെ അറ്റത്തേക്ക് മാറ്റിവച്ച് വിവേക്‌ തുടര്‍ന്നു..

" നിനക്കറിയുമോ അവന്‍ ചെറുപ്പത്തിലെ മുതല്‍ F1ഉം Moto GPയും കാണുന്നവന്‍ ആണ്.അങ്ങനെ ഉള്ള ഇവന്‍ അവയെ വെറും കാറോട്ടമാണെന്ന് പറഞ്ഞെന്നു പറയാന്‍ നിനക്കെങ്ങനെ തോന്നി?"

വിവേക്‌ ദേഷ്യത്തില്‍ വിറക്കുന്നു..

ഞാന്‍ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒരു ബ്ലോഗും മനസ്സില്‍ വരുന്നില്ല. ഇന്നുവരെ അവനെ കുറിച്ച് ഒന്നും ഞാന്‍ എഴുതിയിട്ടില്ല. ഉടക്കാന്‍ വരുന്നവനെ സ്നേഹം കൊണ്ടും ബഹുമാനപൂര്‍ണമായ പെരുമാറ്റം കൊണ്ടും സുഹൃത്താക്കുന്ന വിവേകിന്റെ ഈ മാറ്റം വല്ലാതെ തളര്‍ത്തി.

" അമ്മച്ചിയാണേ ഞാന്‍ എഴുതിയിട്ടില്ലടാ..... "

അനീഷും രാകേഷും ഒരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്നു.ഒരു ശൂന്യത എന്നില്‍ വന്നു നിറയുന്നതായി തോന്നി. എല്ലാവരും ഉണ്ടായിരിക്കുമ്പോള്‍ പെട്ടന്ന് ഒറ്റപെടുക, ആ ഒരു അവസ്ഥ എനിക്ക് അനുഭവപ്പെട്ടു.

" ഞാന്‍ പോകുന്നു....." പതുക്കെ ഞാന്‍ പോകാന്‍ ഒരുങ്ങി.

" നീ എവിടെ പോകുന്നു....? ഇവനോട് മാപ്പ് പറഞ്ഞിട്ട് പോയാ മതി...." വിവേക്‌ ചാടി എഴുന്നേറ്റു.

!!!!!

പെട്ടെന്ന് ഒരു ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു. വാച്ചില്‍ നോക്കി. സമയം നാല് മണി.

" ദൈവമേ എന്ത് സ്വപ്നമാ ഞാന്‍ ഈ കണ്ടേ...... അതും ഈ വെളുപ്പാന്‍ കാലത്ത്. കര്‍ത്താവെ നിനക്കിത് വല്ല ഉച്ചക്കും കാണിക്കാന്‍ പാടില്ലേര്‍ന്നോ..... "

മൊബൈലിലെ കര്‍ത്താവിന്റെ ഫോട്ടോ നോക്കി. ചുണ്ടില്‍ ഒരു ചിരി മാത്രം. എന്തോ ഒളിപ്പിച്ചിരിക്കുന്ന കള്ളച്ചിരി.......

**********************

പെട്ടന്ന് ഉണര്‍ന്നത് കൊണ്ട് മുടങ്ങി പോയ മാപ്പ് പറച്ചില്‍ ഞാന്‍ ഇവിടെ പൂര്‍ത്തിയാക്കുന്നു. ഇവിടെ ഞാന്‍ എഴുതുന്നത്‌ ചുമ്മാ ഭാവന മാത്രമാണ് അതായത് ഉണ്ടാക്കിപറച്ചില്‍. കഥയും കഥാ സന്ദര്‍ഭങ്ങളും എല്ലാം ഒരു നേരം പോക്ക് മാത്രം. ഇതൊക്കെ എഴുതുന്നത്‌ കൊണ്ട് ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ്.... കാലുപിടിച്ച് മാപ്പ്... കാരണം ആ ശൂന്യത എനിക്ക് വേണ്ട........

Sunday, August 21, 2011

ച്യൂയിംഗയോഗം

ഗണേശന്‍ സാര്‍ ഭൂമദ്ധ്യരേഖയുടെ അക്ഷാംശവും രേഖാംശവും വിവരിക്കുന്നത് കേട്ട് ഒരു പിടിയും കിട്ടാതെ ഇരുന്ന കോട്ടപ്പുറം സ്കൂളിലെ ഒരു നരച്ച ദിവസം. ചുമ്മാ ഓരോരുത്തരേയും നോക്കി. ഫ്രണ്ട്‌ ബഞ്ചില്‍ ഉള്ളവരെല്ലാം ഉറക്കം കണ്ണിലുണ്ടെങ്കിലും മാക്സിമം വ്യാസത്തില്‍ കണ്ണ് തുറന്നുപിടിച്ച് ഇരിക്കുന്നു. പെണ്‍കുട്ടികളുടെ സൈഡ് പതിവുപോലെ ലക്ചര്‍ നോട്ട് എഴുതുന്ന തിരക്കില്‍. ആണ്‍കുട്ടികളുടെ പുറകുബഞ്ച് പടം വരയും ഉറക്കവും മൂലം സജീവം.

" നീ എങ്ങോട്ടാ ഇങ്ങനെ ത്രീസിക്സ്റ്റീ ആംഗിളില്‍ കറങ്ങി നോക്കികൊണ്ടിരിക്കണേ....? " എന്നെപോലെതെന്നെ സമയം പോകാത്തതില്‍ നിരാശനായി ഇരിക്കുന്ന മറ്റൊരു പ്രജ, വിമല്‍.

" ഇതെന്താടാ ഇന്ന് സമയം പോകാത്തത് ...? "

" സമയം വരെ ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഉറങ്ങിപോയിരിക്കും... " വിമലിന്റെ വാക്കില്‍ സമയത്തിനോട് പോലും ദേഷ്യം.

" ഇപ്പൊ എത്രമണി ആയി..? " ചോദിച്ചതും ഉച്ചമണി മുഴങ്ങി.

" ഭാഗ്യമുണ്ട് , ഇന്ന് വെള്ളിയാഴ്ച ആണ്. അല്ലായിരുന്നേല്‍ അമ്മച്ചിയാണെ ഞാന്‍ ഉറങ്ങിയേനെ.." കോട്ടുവാ ഇട്ടുകൊണ്ട് വിമല്‍ എഴുന്നേറ്റു.

ഞങ്ങള്‍ കൈ കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് ചെന്നു.

" നീ ഭക്ഷണത്തിന് മുന്നേ കൈ കഴുകുമോ..? എന്ന് കിട്ടി ഈ നല്ല സ്വഭാവം...? " കൈ കഴുകി തിരിഞ്ഞ വഴി ഗീതു വക ഒരു കൊട്ട്.

" ടിവിയില്‍ ലൈഫ്ബോയ്‌ പരസ്യം കണ്ടു. കൈയ്യില്‍ ആണ് അണുക്കള്‍ ഉള്ളതെന്ന് മനസിലാക്കിതന്നു. അങ്ങനെ അവര്‍ പൈസ കളഞ്ഞ് ഓരോന്നും പറഞ്ഞുതരുമ്പോള്‍ അനുസരിക്കാതെ പറ്റോ കൊച്ചേ......" തിരിച്ചടിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

" ഓ... ഒരു അനുസരണക്കാരന്‍. അതേ ചേട്ടാ അത് വിട്, വൈകുന്നേരത്തോടെ പറഞ്ഞ മഞ്ച് എത്തണം. എഴുതി എഴുതി എന്റെ കൈ പോയി." അവള്‍ ഇമ്പോസിഷന്‍ എഴുതിയതിന്റെ കണക്കെടുത്തുതുടങ്ങി.

ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല എന്നഘട്ടം എത്തിയപ്പോള്‍ പതിയെ അവിടെ നിന്നും വലിഞ്ഞു.

" ക്ലാസ്സ്‌ മേറ്റ്‌ ആണത്രേ ക്ലാസ്സ്‌ മേറ്റ്‌..... ഇമ്പോസിഷന്‍ എഴുതിത്തരുന്നതിന്റെ കണക്ക് പറയുന്ന ക്ലാസ്സ്‌ മേറ്റ്‌.... " കൈ കഴുകാന്‍ പോകുന്ന പിള്ളേരെ നോക്കി ജിബിനോട് പറഞ്ഞു.

" എന്തിനാടാ പിള്ളേരെ പറ്റിക്കണേ....., നീയോ പഠിക്കുന്നില്ല അതിനുകിട്ടുന്ന ഇമ്പോസിഷന്‍ എഴുതിത്തരുന്ന പിള്ളേരെ പറ്റിക്കുകയും വേണോ....? " കൈ കഴുകുന്നിടത്തിലെ തിരക്കില്‍ ഞെരിഞ്ഞു വിബി അടുത്തേക്ക് വന്നു.

" പോടാ.... ഒരു ടോപ്പിക്കിന് ഒരു മഞ്ച് എന്നാണ് ഓഫര്‍. ഇന്ന് തന്നെ നിലവില്‍ നാല് ആയി. എണ്ണം കുറച്ചില്ലെങ്കില്‍ അപ്പന് പൈസ വീട്ടില്‍ വക്കാന്‍ പറ്റാത്ത സ്ഥിതി ആകും..."

എല്ലാ പടകളുടെയും കൂടെ ക്ലാസ്സില്‍ കയറി.ചോറ് എടുത്തു ആദ്യമേ തീര്‍ത്തു. എനിക്ക് കുറച്ചുചോറ് വച്ചാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞത് എത്ര നന്നായി. ബിന്‍സിയുടെ പാത്രത്തില്‍നിന്നു ബീന്‍സും, ഗീതുവിന്റെന്നു കാബേജും, സബിതയുടെ കയ്യീന്നു സാമ്പാറും ഓടി നടന്ന് എടുക്കുമ്പോള്‍ അടുത്ത തവണ പാത്രം കുറച്ചുകൂടെ വലുത് വാങ്ങണം എന്നതുമാത്രമായിരുന്നു ചിന്ത.

വിഭവസമൃദ്ധമായ ഉച്ചതീറ്റയും കഴിഞ്ഞ് എല്ലാവരും പുറത്തേക്കുനടന്നു.

" ഡാ, ഇന്ന് ഞാന്‍ ഇത് അവള്‍ക്കു കൊടുക്കും." വിബി പതുക്കെ വന്നുപറഞ്ഞു.

" എന്ത്....? "

" അതൊക്കെ ഉണ്ടടാ......."

" !!! " ഒരു പിടിം കിട്ടിയില്ല. എന്താണെന്ന് ആലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും നൂര്‍ജഹാന്‍ മുന്നില്‍ വന്നുചാടി.

" നൂറൂ.... നാളെ എനിക്കൊരു മുപ്പതുരൂപ തന്നംട്ടോ.... " ആലോചനയെ അതിന്റെ പാട്ടിനുവിട്ടിട്ട് കണ്ടപാടെ കാര്യത്തിലേക്ക് കടന്നു.

" നിനക്കിനി പത്തുപൈസ ഞാന്‍ തരില്ല. സിനിമക്ക് പോകാനല്ലേ.....?"

" അവള്‍ക്കു മനസ്സിലായടാ.... ഇനി ചോദിച്ചിട്ട് കാര്യമില്ല....." ചമ്മിനിക്കുന്ന എന്റെ ചുമലിലേക്ക് അരിചാക്ക് കണക്കേ സനീഷ്‌ വീണു. പണ്ടേ ദുര്‍ബലന്‍ ആയ ഞാന്‍ ഒരു സപ്പോര്‍ട്ടിനായി കിണറുമേല്‍ താങ്ങി.

" നീങ്ങി നിന്നേ...." ജിജോ ഒപ്പം വന്നുചാടി.

" ഇന്നത്തെ കളക്ഷന്‍ എങ്ങനെ...? " വന്നപാടെ അവന്‍ അവന്റെ പണി തുടങ്ങി.

" ഒരു ഐഡിയ....!!!" വിബി കിണറ്റിന്‍കരയില്‍ നിന്നും മുറ്റത്തേക്കുചാടി. പോക്കറ്റില്‍ നിന്നും ഒരു ആല്‍പന്‍ലീബേ എടുത്തുകാണിച്ചുകൊണ്ട് തുടര്‍ന്നു.

" അവളുടെ അനിയത്തി വഴി അവളെ വളയ്ക്കാം..... "

അപ്പോഴാണ്‌ ഞങ്ങള്‍ കണ്ടത്, കൊല്ലം കുറെ ആയെങ്കിലും റൂട്ട് ഇതുവരെ ക്ലിയര്‍ ആവാത്ത വിബി- ടിന്റു ഹൈവേയിലെ ഏന്‍ഡ് പോയിന്റ്‌ ആയ ടിന്റുവിന്റെ ഒരേ ഒരു അനിയത്തി പാത്രം കഴുകുന്നു.

" ഇത് ഞാന്‍ ഇവള്‍ക്ക് കൊടുത്ത് ഇവളിലൂടെ ചേച്ചിയുമായി മുട്ടാം...." മിട്ടായിയും പൊക്കിപിടിച്ച് വിബി പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

" അപ്പോ ഇതായിരുന്നല്ലേ അവന്‍ നേരത്തെ പറഞ്ഞ അത്.....? "

" എന്താ...? " വ്യക്തമായി വിമല്‍ കേട്ടില്ല.

" നീ ഇത്രേം കേട്ടാമതി." മറുപടി സനീഷ്‌ കൊടുത്തു.

വിബി പോയി മിട്ടായി കൊടുത്തു. ഒരു ചെറു ചിരിയോടെ അവള്‍ അത് വാങ്ങികൊണ്ട് പോയി.

" ഇത് ഓക്കേ ആകൂടാ... അവളുടെ ആ ചിരി എന്നോട് പറയുന്നു. " ഒരു ലോകം കീഴടക്കിയ ഭാവത്തില്‍ വിബി അടുത്തേക്ക് വന്നു.

ഞങ്ങള്‍ കിണറ്റിന്‍കരയിലെ സെന്‍സെസ് പരിപാടി അവസാനിപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു. ജിജോയും വിബിയും ടീച്ചറെ കാണാന്‍ നേരെ സ്റ്റാഫ്‌ റൂമിലേക്കു പോയി. ക്ലാസ്സില്‍ ചെന്നിരുന്ന് വരാപ്പുഴ ഡേവിസണില്‍ ഇപ്പോ വിജയപ്രദര്‍ശനം നടക്കുന്ന സിനിമയെ പറ്റിയും ഓരോ ഷോയിലും സിനിമക്ക് ഉണ്ടാകുന്ന സമയവ്യത്യാസത്തെ പറ്റിയും ചര്‍ച്ചകള്‍ നടത്തി കോട്ടപ്പുറത്തെവരെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമല്‍ ക്ലാസ്സിലേക്ക് ഓടിവന്നു.

" എടാ.... സ്റ്റാഫ്‌ റൂമില്‍ പോയ നമ്മുടെ രണ്ട് ആത്മമിത്രങ്ങള്‍ ഓഫീസ് റൂമില്‍ നിക്കുന്നു...... "

" ആര്....? എന്താ സംഭവം......? " ഓരോരുത്തരും വിമലിനോട് ചോദിച്ചു.

" വിബിയും ജിജോയും ഓഫീസ് റൂമില്‍ നിക്കുന്നു.എന്താ സംഭവമെന്ന് അറിയില്ലാ....! "

പറഞ്ഞുതീര്‍ന്നതും ഞങ്ങള്‍ ഓഫീസിലേക്ക് ഓടി. വാതുക്കല്‍ നിന്നാല്‍തന്നെ കാണാം രണ്ടുപേരും നിക്കുന്നത്. വിബിയുടെ മുഖം കണ്ടാല്‍ അറിയാം പ്രശ്നം ഗൗരവമാണെന്ന്. ജിജോ ആണേല്‍ കൂള്‍ ആയി മുട്ടനാട് ചവയ്ക്കുന്നപോലെ ചവച്ചുകൊണ്ട് നിക്കുന്നു.

" ശൂ........ " സനീഷ്‌ വിബിയെ വിളിച്ചു.

വളരെ ദയനീയമായി വിബി ഒന്നുനോക്കി. പിന്നെ എല്ലാ സംഭാഷണങ്ങളും കണ്ണുകള്‍കൊണ്ട് നടന്നു.അവസാനം എല്ലാതിനുംകൂടി ഉത്തരമായി ഹെഡ്മിസ്സ്‌ ട്രസ്സിന്റെ സീറ്റിന്റെ അടുത്തേക്ക് കണ്ണുകാട്ടി. അവിടേക്ക് നോക്കിയ ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി. ടിന്റുവിന്റെ അനിയത്തി ചിരിച്ചുകൊണ്ട് . ഇപ്പോഴത്തെ ചിരിക്ക് ഒരു കൊലച്ചിരിഗ്രേഡ്.

കാര്യങ്ങള്‍ പകല്‍ പോലെ തെളിഞ്ഞു. ആ കൊച്ച് മിട്ടായി വാങ്ങി നേരെപോയി ടീച്ചര്‍ക്ക്‌ കംപ്ലൈന്റ്റ്‌ കൊടുത്തു വിത്ത്‌ മിട്ടായി. പരാതി പരിഗണിച്ചസമയത്തു തന്നെ പ്രതികള്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ വന്നു. രണ്ടിനേം കൈയ്യോടെ പൊക്കി ഓഫീസ് റൂമില്‍ ആക്കി. ഇതാണ് സംഭവിച്ചതെന്ന് എല്ലാര്‍ക്കും പിടി കിട്ടി.

" നീയൊക്കെ ഇത്രേം വളര്‍ന്നോടാ......." ഡോള്‍ബി സറൌണ്ട് എഫ്ഫെക്‌റ്റിലെ ഡയലോഗ് കേട്ട് ഞങ്ങള്‍ നോക്കി. ചൂരലുമായി ബെന്നി സാര്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നു.

" മാതാവേ... വിബിടെ കണ്ണില്‍ നിന്നും വെള്ളം ഒഴുകുന്നുണ്ട് , ഇനി പാന്റ് നനയാതിരിക്കാന്‍ നീ കനിയണമേ....." ജിബിന്‍ നിന്ന നിപ്പില്‍ മാതാവിനെ വിളിച്ചു.

" ആമ്മേന്‍............ " ഒന്നിച്ചു പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി.

ബെന്നി സാറിനെ കണ്ടപ്പോള്‍ അത്രനേരം കൂള്‍ ആയി നിന്ന ജിജോയുടെയും മുഖം മാറി. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല, ഒരുവിധം തരികിടകളെല്ലാം പുള്ളിയുടെ മുന്നില്‍ പെട്ടാല്‍ പേരിന്റെ മുന്നില്‍ സെന്റ്‌. എന്നു ചേര്‍ക്കാന്‍ പറ്റുന്നത്ര സ്വഭാവമുള്ള കുട്ടികളാകും. പ്രത്യേകിച്ച് ഇങ്ങനത്തെ കേസില്‍.

" പറയടാ.... എന്തിന്റെ കേടായിരുന്നു രണ്ടിനും...... ? "

നോ റിപ്ലേ

" നീയല്ലെടാ മിട്ടായി കൊടുത്തേ......? " ജിജോന്റെ നേരെ മാത്രമായി ചോദ്യം.

ഉത്തരമായി, പട്ടി ചൌ കടിച്ച് കുടയുന്നപോലെ തല ഒരു കുടയല്‍ മാത്രം.

" വാ തുറന്ന് പറയടാ.... " സാറിന്റെ കൈ ഒന്ന് ഉയര്‍ന്നു.

" സാര്‍ ഞാന്‍ ച്യൂയിംഗം..... " കഴുത്തില്‍ കുടുക്കിട്ടുപിടിച്ചപോലെ പെട്ടന്നു നിര്‍ത്തി.

" നീ ച്യൂയിംഗമോ.....? " വടി വായുവില്‍ നിന്ന് വിറച്ചു.

" ഞാന്‍ ച്യൂയിംഗം വിഴുങ്ങി സാര്‍..... ഇപ്പൊ ചത്തുപോകും....... !!!"

ഇത് പറഞ്ഞതാണോ അതോ അലറിവിളിച്ചതാണോ എന്ന് ഞങ്ങള്‍ക്കും മനസിലായില്ല. പിന്നെ കാണുന്നത് തല്ലാന്‍ പിടിച്ചിരുന്ന വടിയും വലിച്ചെറിഞ്ഞ് വെള്ളം വച്ചിരുന്ന കുടം എടുക്കാന്‍ ഓടുന്ന ബെന്നിസാറിനെയാണ്. ഞങ്ങളും പതുക്കെ സ്കൂട്ട്ആയി ക്ലാസ്സിലെത്തി. അഞ്ച് മിനിട്ട് തികയുംമുമ്പേ ഒരുകയ്യില്‍ ജിജോയും മറുകയ്യില്‍ വെള്ളകുപ്പിയും ആയി വിബി ഹാജര്‍.

" എടീ സബിതെ..... ഞാന്‍ ചവാന്‍ പോണെടീ ....... " വന്നപാടെ ജിജോയുടെ വെളിപ്പെടുത്തല്‍.

" അതിനെന്താ കുഴപ്പം.....?"

" !!!!! "

തൊഴില്‍ രഹിതനായ കെട്യോനെ കണ്ട സര്‍ക്കാര്‍ഉദ്യോഗസ്ഥയായ ഭാര്യയുടെ ഭാവത്തിലെ പോലെയുള്ള അവളുടെ പ്രതികരണം കേട്ട് ഞങ്ങള്‍ ഞെട്ടി. ഇത്രേം പ്രതീക്ഷിച്ചില്ല. ഈ സമയം ജിജോ ഓടിനടന്ന് ആവുന്നത്ര വെള്ളം കുടിക്കുന്നു.

" നിനക്കാരാ ച്യൂയിംഗം തന്നേ.....? " എന്തെങ്കിലും ഒന്ന് അവനോട് ചോദിക്കണമല്ലോ എന്നോര്‍ത്ത് ചോദിച്ചു.

" ജിബിന്‍... എവിടെടാ ആ പുല്ലന്‍.? " വെള്ളം മാക്സിമം കുടിച്ചതിന്റെ ആലസ്യത്തില്‍ ജിജോ ഇരുന്നു.

" എടാ അത് ച്യൂയിംഗം അല്ല. ബാബുചേട്ടന്റെ കടയില്‍ പുതിയതായി വന്ന കളര്‍ ചൌ മിട്ടായി ആണ്. " വാങ്ങണ്ട ഇടിയുടെ എണ്ണം കുറയ്ക്കണമെന്നുള്ളതുകൊണ്ട് ജിബിന്‍ വിളിച്ചുപറഞ്ഞു. പകച്ചുനിക്കല്‍ പതിയെ പൊട്ടിച്ചിരിയിലേക്ക് മാറി. പൂര്‍ണഗര്‍ഭിണി വയറുതടവുന്നത് അനുകരിക്കുന്ന ജിജോയെ കണ്ടപ്പോള്‍ ചിരിയുടെ ലെവല്‍ കൂടി. വിബിയും ചിരിയില്‍ കൂടിയിട്ടുണ്ടെന്ന് കണ്ടപ്പോള്‍ അവശനായവന്‍ ഉഷാറായി.

" നിന്റെ ഒരു മറ്റൊടത്തെ മിട്ടായി കൊടുപ്പ്....." വിബിയുടെ കഴുത്ത് ജിജോയുടെ കയ്യില്‍ സേഫ്.

ഒരുകണക്കിന് ജിജോനെ പിടിച്ചുമാറ്റി സനീഷ്‌ കൊണ്ടുപോകുമ്പോള്‍ വിബി കഴുത്ത് തടവി ഇരുന്നു എന്തോ ആലോചിക്കുന്നു.

" ഡാ.. കോപ്പേ.. ഇപ്പൊ വീണില്ലേ, ഇനി മേലാല്‍ ഈ ജാതി പണിയും കൊണ്ട് വന്നേക്കരുത്.." പിടിച്ചുമാറ്റികൊണ്ട് പോകുമ്പോള്‍ ജിജോ വിളിച്ചു പറഞ്ഞു.

" നീ എന്താ ആലോചിക്കണേ...? അടുത്തത് ആര്‍ക്കാ...? "

" അല്ലടാ.... അവള്‍ക്കു മിട്ടായി കൊടുത്തപ്പോള്‍ അവള്‍ വിചാരിചിരിക്കും അതുഅവള്‍ക്കാണെന്നു. ചേച്ചിക്കുള്ളതാണെന്നും പറഞ്ഞ് ആ സന്തോഷം തല്ലിക്കെടുത്തണ്ടാര്‍ന്നൂ...... "
ഇരുന്ന പോസില്‍നിന്നും ഒരു വത്യാസവും ഇല്ലാതെ പറഞ്ഞ മറുപടി കേട്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി ആ കഴുത്തിന്റെ അളവെടുക്കാന്‍....

Sunday, August 7, 2011

കല്യാണത്തലേന്നത്തെ ആദ്യരാത്രി 2

തുടര്‍ച്ച.... (ക്ലിക്കൂ ആദ്യത്തെ വായിക്കാന്‍)

സഞ്ജയ്നെ വിളിക്കാന്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച പച്ചമടലിന്റെ ബാറ്റും പിടിച്ച് റണ്ണറിന്റെ സ്ഥാനത്ത് അവന്‍ നില്‍ക്കുന്നതാണ്.

" എടാ, ഒരു ബോള്‍ എങ്കിലും എന്നെകൊണ്ട് തൊടീക്കടാ.... " ബാറ്റ് ചെയ്യുന്ന പയ്യന്‍ അടിച്ചിട്ട് റണ്‍സിനായി ഓടുമ്പോള്‍ അവന്‍ പറയണത് ഞങ്ങള്‍ വ്യക്തമായി കേട്ടു.
ചെന്നപ്പോള്‍ത്തന്നെ കളി തീര്‍ന്നു. ഭാഗ്യം, അല്ലെങ്കില്‍ ഞങ്ങളുടെ ആത്മമിത്രം ഓടിയോടി തളരണത് കണ്ടുനില്‍ക്കണ്ട വന്നേനെ.

" നീ ഒക്കെ ഇനി മാച്ചും ഉണ്ടെന്നും പറഞ്ഞു വാ.... ഇനി ഞാന്‍ കളിക്കാനില്ല..... "

" വേണ്ടാ.... ഇന്ന് സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ളതുകൊണ്ട് കുറച്ചുപേര്‍ ഇല്ല. അതുകൊണ്ടാ ചേട്ടനെ വിളിച്ചേ... " പിള്ളേരുടെ മറുപടിയില്‍ തൃപ്തനായി വടക്കേകരയുടെ വെങ്ങ്സാര്‍കര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

" എപ്പോ വന്നൂ...... വാടാ വാ വീട്ടിലേക്ക് പോകാം.. " ഞങ്ങളെ കണ്ടതിലുള്ള സന്തോഷം കൊണ്ടും ഇനി അവിടെ നിന്നാല്‍ ഞങ്ങളും കൂടി നാറ്റിക്കും എന്നുള്ള ഉള്‍വിളി കൊണ്ടും അവന്‍ ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടില്‍ എത്തിയതും നേരെ കലവറയിലേക്ക് കാലെടുത്ത് കുത്തി. അവിടെ ബന്ധുക്കളായ ആണ്‍ പ്രജകള്‍ തെങ്ങ പൊതിക്കലും ചിരവലും ഒക്കെയായി മിസ്റ്റര്‍ പറയാട് ആവാന്‍ ശ്രമിക്കുന്നു. ഒഴിവു കിടന്ന പോസ്റ്റില്‍ ഞാനും രാകേഷും ജോയിന്‍ ചെയ്തു.ഒരു വേക്കന്‍സി വന്നപ്പോള്‍ പണിയെടുക്കാനല്ലെങ്കിലും ചിരണ്ടുന്ന തെങ്ങ തിന്നാനായി ജഗ്ഗുനേം വിളിച്ചു. പണിയെടുക്കല്‍ അവന്റെ നിലക്കും വിലക്കും ചേരാത്തത് കൊണ്ട് ഒരു കസേരയില്‍ ഇരുന്ന് ഞങ്ങളുടെ അധ്വാനത്തിന്റെ സൂപ്രവൈസര്‍ ആയി.

" മോനെ, ഒന്നും ഇല്ലിയോടാ വീശാന്‍......? " പിങ്ക്‌ ലുങ്കിചേട്ടന്റെ വക ഒരു ചോദ്യം സഞ്ജയ്‌ക്ക് .
ഇപ്പൊ സെറ്റപ്പാക്കാം എന്ന് ഉത്തരം കൊടുത്തുകൊണ്ട് അവന്‍ സ്കൂട്ടായി. ഞങ്ങള്‍ക്കുള്ളതിനെ പറ്റി ചോദിയ്ക്കാന്‍ ടൈം ഒട്ടും തരാതെ.

" സഞ്ജു മോന്റെ കൂട്ടുകാരൊക്കെ ഉണ്ടല്ലോ...... എന്തിനാ ചേച്ച്യേ ഇവരെകൊണ്ട് പണിയെടുപ്പിക്കണേ..... " അയല്‍വാസികളായ ചേച്ചിമാരൊക്കെ കലവറയിലേക്ക് വന്ന് തുടങ്ങി. പുരുഷപ്രജകള്‍ ഓരോരുത്തരായി കലവറയില്‍ നിന്നും കള്ളറയിലേക്ക് നീങ്ങി.

ചേച്ചിമാരെയും കലവറപണികളെയും അവോയ്ട് ചെയ്ത് പെണ്‍കുട്ടികള്‍ വല്ലവരും വന്നുണ്ടോന്ന് ശ്രദ്ധിച്ചിരുന്ന ജഗ്ഗുന്റെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ കാരണമായത്‌ കനക ഒന്ന് കറുത്താല്‍ എങ്ങനെ ഇരിക്കുമോ അതുപോലത്തെ ഒരു ചേച്ചിയുടെ " നീ ആ രാജപ്പന്റെ മോന്‍ അല്ലെ...? എന്നാടാ ചെക്കാ നീ ഒളിച്ചോടി പോയിട്ട് തിരിച്ച് വന്നേ.... " എന്നാ ഒരു കൊച്ചു ചോദ്യമാണ്.

പിന്നെ ഞങ്ങള്‍ കാണുന്നത് ഇട്ടിരുന്ന ഷര്‍ട്ട്‌ ഊരി അരയില്‍ക്കെട്ടി ചാടി വരുന്ന ജഗ്ഗുനെ ആണ്. വന്നപാടെ എന്നെകൊണ്ട് വോളണ്ടറി റിടെയര്‍മെന്റ് എടുപ്പിച്ചു.

കുറച്ചു കഴിഞ്ഞ് സഞ്ജയ്‌ വന്ന് ഞങ്ങളെ വിളിച്ചില്ലായിരുന്നേല്‍ തേങ്ങ ചിരകി ചിരകി അവന്റെ ജീവിതം ഒഴിഞ്ഞ ചിരട്ടയെക്കാള്‍ കഷ്ടമായേനെ.

" ഡാ, ഇന്നാ പൈസ. പോയി സാധനം വാങ്ങ്. കൂട്ടത്തില്‍ കുറച്ച് മുല്ലപൂവും." എന്നും പറഞ്ഞ് സഞ്ജയ്‌ പൈസ നീട്ടി. അതും വാങ്ങി ജഗ്ഗുന്റൊപ്പം വണ്ടിയില്‍ കയറി പറവൂരിലേക്ക് പോയി. ബീവരെജ്‌ ഷോപ്പിലെ ക്യൂവില്‍ നിന്ന് ചോര നീരാക്കി കുപ്പിയും വാങ്ങി പുറത്തുകടന്നു. പോരുന്ന വഴിക്കുള്ള ഒരു പൂ കടയില്‍ കയറി പൂവും വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും കല്യാണവീട്ടില്‍ തിരക്കായി.

കണ്ടപാടെ രാകേഷിന്റെ സീസറല്ലേ എന്ന ചോദ്യത്തിന് ബിജോയിയാടാ എന്ന് ഉത്തരം കൊടുത്ത് സഞ്ജയ്യുടെ റൂമില്‍ കയറി. കുപ്പി കട്ടിലിന്റെ അടിയില്‍ ഭദ്രമായി വച്ച് പുറത്തിറങ്ങി. തിരിച്ചെത്തി വായ്‌ നോട്ടത്തില്‍ അവര്‍ക്ക് കമ്പനി കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഒരു പുള്ളി ചുരിദാറുകാരി ചുള്ളത്തി അവിടേക്ക് വന്നു.പ്രഥമദൃഷ്ടിയില്‍ പ്രണയതാല്പര്യം തോന്നിയതിനാല്‍ അതിനെ ചൂണ്ട ഇടാന്‍ തീരുമാനിച്ചു.

' സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളെ ...
എന്റെ രോമാഞ്ചമായ്‌ മുന്നില്‍ വാ................. ' എന്ന ടേപ്പ്റിക്കാര്‍ഡിലെ ബി.ജി. മ്യൂസിക്‌ സപ്പോര്‍ട്ടില്‍ ആ പുള്ളിക്കാരി വീട്ടിലേക്ക് കയറിപോയി.

ഞാന്‍ പതുക്കെ എഴുന്നേറ്റ് അവന്റെ വീട്ടിലേക്കു നടന്നു. സഞ്ജയ്യുടെ റൂമില്‍ നിന്നും കുപ്പി എടുക്കാം എന്നുവിചാരിച്ച് വീട്ടിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ആ കുട്ടി അടുക്കള ഭാഗത്തുനില്‍ക്കുന്നു.അടുക്കള വഴിയും അകത്തെത്താമല്ലോ എന്ന കാരണത്താല്‍ ഞാന്‍ അടുക്കളവഴി കേറി. ആ കുട്ടിയെ കണ്ടതും വരുന്ന ഓരോരുത്തരെയും പരിചയപ്പെടെണ്ടത് ഒരു അഥിതി എന്ന നിലയില്‍ എന്റെ കടമ ആയതുകൊണ്ട് കേറി മുട്ടാന്‍ തീരുമാനിച്ചു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ചോദിച്ചു.

" സഞ്ജയ്‌ എന്ത്യേ...? "

" അകത്ത് തൂക്കി ഇട്ടിട്ടുണ്ട്. "

" എന്തുവാ....." ഞാന്‍ വാ പൊളിച്ചു.ദൈവമേ ഇനി ആരേലും പിടിച്ച് തൂക്കിയിട്ടോ അവനെ? സ്വന്തം വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ക്ഷമയ്ക്ക് ഒരു ലിമിറ്റ് ഇല്ലേ...

" അല്ലാ, അവനെ എവിടെയാ തൂക്കിയിട്ടേക്കണേ ...? "

" സഞ്ചി അല്ലേ ചോദിച്ചേ...? "

" ഒന്നൂല. ഞാന്‍ മുറിയില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുക്കാന്‍ വന്നതാ. നമുക്ക് പിന്നെ കാണാം.."

പ്രേമത്തിന്റെ പനിനീര്‍പ്പൂവ് കൊടുക്കാന്‍ പോയ എന്നെ സഞ്ചിയിലാക്കി ഉത്തരത്തില്‍ തൂക്കിയട്ടപോലത്തെ മാനസികാവസ്ഥയില്‍ ഞാന്‍ കുപ്പിയുമെടുത്ത് പോന്നു.

" എടാ, എന്തായി മുട്ടാന്‍ ചെന്നിട്ട്? വല്ല രക്ഷേം ഉണ്ടോ...? " ചെന്നപാടെ രാകേഷിന്റെ ചങ്കില്‍ കുത്തണ ചോദ്യം.

അവളെ പ്രേമിക്കുകയാണെങ്കില്‍ പാര്‍ക്കിലേക്ക് പോയാലോ എന്നുള്ള എന്റെ ചോദ്യത്തിന് പോര്‍ക്കിറച്ചി എനിക്ക് വേണ്ട എന്ന മറുപടി ആയിരിക്കും കിട്ടുക. അതുകൊണ്ട് പ്രഥമദൃഷ്ടിയില്‍ തോന്നിയ ഇഷ്ടം പ്രഥമസംസാരത്തില്‍ മതിയാക്കാം എന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിയതുകൊണ്ട് അവന് ഉത്തരം കൊടുത്തു.

" ഹേ.... അങ്ങനെ ഒന്നുമില്ല. ഒന്നില്ലേലും നമ്മുടെ സഞ്ജയ്‌യുടെ ഒരു ബന്ധുവല്ലേടാ..... "

" ഡാ... അതോക്കെയെടുത്ത് അപ്പുറത്തെ പറമ്പിലേക്ക് പോ.... ഞാന്‍ വെള്ളം എടുത്തുകൊണ്ട് വരാം" ജഗ്ഗു കലാപരിപാടിക്ക് തിടുക്കം കൂട്ടി.

ഞങ്ങള്‍ കുപ്പിയും അച്ചാറുമായി അടുത്തുള്ള പറമ്പിലെ മണല്‍തിട്ടയില്‍ ഇരുന്നു.വെള്ളവുമായി ജഗ്ഗു എത്തി.

" അച്ചാറുമാത്രമോ...? എന്നാ പരിപാടിയാടാ പോയി കറി വല്ലതും എടുത്തുകൊണ്ട് വാ... വീട്ടുകാരനായ സന്ജയ്നെ ജഗ്ഗു വീട്ടിലേക്കു ഓടിച്ചു. സമയം കുറച്ചു കഴിഞ്ഞിട്ടും കറി എടുക്കാന്‍ പോയവനെ കാണാതായപ്പോള്‍ രാകേഷ്‌ തിരക്കിയിറങ്ങി. പെട്ടന്ന് തന്നെ ഒരു പത്രം അവിയലും കൊണ്ട് എത്തി.

" അവന്‍ അവിടെ പിള്ളേരേം ചീത്ത പറഞ്ഞുകൊണ്ട് നിക്കുന്നു."

" എന്തിന്....? "

" അവിടെ കൊണ്ടുവന്ന് വച്ചിരിക്കുന്ന ഐസ് ക്രീം ബോക്സ്‌ തുറക്കരുത്, ഐസ് ക്രീം തണുത്ത്‌പോകുന്നും പറഞ്ഞ്..... "

" അളിയാ, ഇവര്‍ മൊത്തത്തില്‍ ഇങ്ങനെയാണോ....? " എന്റെ അനുഭവം കൊണ്ട് സംശയം സ്വാഭാവികം.

" ആ.... ആര്‍ക്കറിയാം. നീ അതോര്‍ത്തോണ്ട് നിക്കാതെ ഊത്തടെ....." രാകേഷ്‌ ഗ്ലാസ്‌ നീട്ടി.

മൂന്നു ഗ്ലാസില്‍ ഒഴിച്ചു. കല്യാണപെണ്ണിന്റെ ആങ്ങള ആയതുകൊണ്ടും പിറ്റേന്ന് രാവിലെ ചെറുക്കനെ മാല ഇട്ട് സ്വീകരിക്കണ്ടത് അവനായത് കൊണ്ടും സഞ്ജയ്‌ക്ക് കൊടുക്കരുതെന്ന് കേന്ദ്രത്തില്‍ നിന്നും ഓര്‍ഡര്‍ ഉണ്ടായിരുന്നു.

' ചിയേഴ്സ് ... ' മൂന്നു ഗ്ലാസും കൂട്ടി മുട്ടി.

" ഭ്രോഓഓഓ........" ഫസ്റ്റ് പെഗ്ഗില്‍ ജഗ്ഗു വക വാള്‍ ഒന്ന്. നേരെ മുന്നിലിരിക്കുന്ന ഞാന്‍ എന്റെ ദേഹത്തേക്ക് നോക്കി. ഭാഗ്യം. അവന് സ്നേഹമുണ്ട്. സൈഡിലേക്ക് ചരിഞ്ഞ് എടുത്ത വാള്‍ ഒതുക്കി വക്കുന്നു.

" എന്ത് പറ്റിയെടാ..... ? "

" ഹോ , പറ്റണില്ല... നിങ്ങള്‍ കഴിച്ചോ.. " അവന്‍ വായ കഴുകി.

ഒരു വളിച്ച ചിരി ചിരിച്ചിട്ട് രാകേഷ്‌ അടുത്തത് ഒഴിച്ചു. ഓരോ വിഷമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞും. നടക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് ഓര്‍ത്തെടുത്തു സങ്കടം ഉണ്ടാക്കിയും വെള്ളമടിക്ക് വാശി കൂട്ടി. കുപ്പി തീര്‍ന്നപ്പോഴേക്കും അത്താഴത്തിന് സമയമായി. പന്തിയില്‍ പോയാല്‍ പന്തികേടാണെന്നുകണ്ട് കലവറയുടെ പുറകില്‍ ഭക്ഷണം എത്തി.

വിശപ്പ്‌ പോയിട്ടും എന്തൊക്കയോ കഴിച്ചെന്ന് വരുത്തി അവിടെ നിന്നും എഴുന്നേറ്റു. കൈ കഴുകി വന്നപ്പോള്‍ ഒരു മൂത്രശങ്ക. വേലിയുടെ അടുത്തായി കാര്യം സാധിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് വേലിയുടെ ഇടയില്‍ നിന്നും എന്തോ ഒന്ന് നീണ്ട് വരുന്നു.

" ഈശോ...... എന്തിത്...!!? " ഞാന്‍ രണ്ടടി പുറകോട്ട് ചാടി വീണു. വീണിടത്തു കിടന്നു നോക്കുമ്പോള്‍ ഒരുത്തന്‍ ഞാന്‍ നിന്നതിന്റെ അടുത്തുള്ള മരത്തില്‍ ഏതോ പൈങ്കിളി പാട്ടും പാടി മരംചുറ്റിക്കൊണ്ടിരിക്കുന്നു. അവന്‍ കറങ്ങി വന്നപ്പോള്‍ വന്ന കാലാണ് ഞാന്‍ കണ്ടത്.

' ഈ പച്ചപാതിരാക്ക് പ്രിയതമയെ ഓര്‍ക്കുന്നതാകണം '

രാകേഷിനെയും വിളിച്ചുകൊണ്ട് ജഗ്ഗുന്റെം സഞ്ജയ്‌യുടെം അടുത്ത് ചെന്നു. കുറച്ചുനേരം കലവറ വിശേഷം സംസാരിച്ചും അവിടെ ഉള്ള ആളുകളോട് കത്തിയും വച്ചിരുന്ന് അവസാനം ഉറങ്ങാന്‍ എഴുനേറ്റു.

" വാടാ. അകത്ത് പായ ഇടാം.." സഞ്ജയ്‌ വീട്ടിലേക്കു പോകാന്‍ തുടങ്ങി.

" വേണ്ടാ അളിയാ.... ആ മണലിന്റെ മുകളില്‍ കിടക്കാം......" പറയുന്നത് രാകേഷാണോ അത് ഉള്ളിലെ ബിജോയ്‌ ആണോ എന്ന് പിടുത്തം കിട്ടുന്നില്ല.

" ഇവിടെ കിടക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങളെ കാണാം, കാറ്റ് കൊള്ളാം , ....... " മണലില്‍ രാകേഷ്‌ സ്ഥാനം പിടിച്ചു.

" മോനേ, ഞാനില്ല. അവസാനം പറഞ്ഞ് പറഞ്ഞ് ഒരു കുഞ്ഞുനക്ഷത്രമായി കാമുകിയുടെ വീട് കാണാന്‍ പോകുന്ന പ്ലാന്‍ വരെ പറയും. ഞാന്‍ ഇവിടെ കിടന്നോളാം " ജഗ്ഗു കസേര കൂടിയിട്ട് കട്ടിലുണ്ടാക്കി.

" ഞാന്‍ വരാടാ." ഞാനും സഞ്ജയ്‌യും മണലില്‍ കിടന്നു.

ഉറക്കം വന്ന് കണ്ണ് ക്ലോസ് ചെയ്യുമ്പോള്‍ ഒരു സൗണ്ട്‌ ' ഗ്ക്രാ...................!!!! '

" ആരാടാ ഈ പാതിരാത്രിക്ക് ജുറാസിക്‌ പാര്‍ക്ക് ഇട്ടേക്കണെ ........ " ഉറക്കപിച്ചില്‍ സഞ്ജയ്‌ ചോദിച്ചു.

അതിനുള്ള ഉത്തരവും ' ഗ്ക്രാ...................!!!! '

ഒരുകണക്കിന് എഴുന്നേറ്റ് നോക്കി. സഞ്ജയ്‌ പാടുപെട്ടു ഉറക്കം വരുത്തുന്നു. രാകേഷിനെ നോക്കിയപ്പോള്‍ കണ്ടത് കിടന്ന കിടപ്പില്‍ അട്ട ചുരുണ്ട് കൂടുന്നപോലെ ഇടയ്ക്ക് .

" ഇവന്റെ വാളിനു നീളം കൂടും.... " തല പൊക്കി അധികനേരം നിക്കാനുള്ളശേഷി ഇല്ലാത്തതുകൊണ്ട് ഞാന്‍ കിടന്നു. ഒരു ഉറക്കം കഴിഞ്ഞ് കണ്ണൊന്നു തുറന്നപ്പോള്‍ പഞ്ചാര ഡയലോഗ് കേള്‍ക്കുന്നു.

" എന്താടാ പൊന്നേ.... ഇന്ന് വൈകിപ്പോയോ........ ? "

ഇതാരാ ഈ വെളുപ്പിന് വൈകി വന്നേ? ഒന്നും പിടി കിട്ടണില്ല. ലൈറ്റ് എല്ലാം അണച്ചത്കൊണ്ട് നോക്കിട്ടും കാര്യമില്ല.

" ഇന്ന് നമ്മുടെ ആദ്യരാത്രി ആയിട്ടും മോളു വൈകിയല്ലോടാ......."

കര്‍ത്താവേ...ഇതാരാ ഇത്ര ഓപ്പണ്‍എയര്‍ ആയിട്ട് ആദ്യരാത്രി ആഘോഷിക്കണേ

കഷ്ടപ്പെട്ട് എഴുന്നേറ്റപ്പോഴേക്കും ആരോ അവിടെ ലൈറ്റ് ഇട്ടു. ആ കാഴ്ച ഞാന്‍ കണ്ടു. അതുകൊണ്ട് മതിയാകാതെ വന്നപ്പോ സഞ്ജയ്‌യെ വിളിച്ച് എഴുന്നേപ്പിച്ച് കാണിച്ചുകൊടുത്തു.

" എനിക്ക് ഒരണ്ണം കൂടി താടാ ചക്കരേ...... " എന്നും പറഞ്ഞ് അടുത്ത് വന്ന് കിടന്നിരുന്ന പട്ടിക്ക് മുത്തം കൊടുക്കുന്നു.
ഇത് കണ്ടുകൊണ്ടും ലൈറ്റ് ഇട്ട കലവറ സഹായി ചേച്ചി ഇത് കണ്ടിട്ടുള്ള ഡയലോഗ് കേട്ടും ഞങ്ങള്‍ തരിച്ചിരുന്നു.

" ഒരു പട്ടിക്ക് പോലും ഇപ്പൊ രക്ഷയില്ലാതെയായല്ലോ ദൈവമേ......... "

Wednesday, July 20, 2011

ഒന്നാം പിറന്നാള്‍

അങ്ങനെ വന്ന് വന്ന് ഈ ജൂലൈയില്‍ എന്റെ ദ്രോഹങ്ങള്‍ക്ക് ഒരു വയസ്സ് തികഞ്ഞു....

ഇവിടെ വന്ന് എന്റെ വകകള്‍ വായിച്ചവര്‍ക്കും, വായിച്ചും വായിക്കാതെയും ഓടി പോയവര്‍ക്കും, വന്ന് കമന്റ്‌ ഇട്ടു ധന്യമാക്കിയവര്‍ക്കും, മനസ്സാ അനുഗ്രഹിച്ചവര്‍ക്കും, വിമര്‍ശനങ്ങള്‍ മറ്റുള്ളവരോട് പങ്കുവച്ചവര്‍ക്കും ഞാന്‍ ഒരായിരം നന്ദി പറഞ്ഞുകൊള്ളുന്നു....................




ഹോ.... നന്ദി പ്രകടനം കഴിഞ്ഞു... ഇനി ആര്‍ക്കെങ്കിലും നന്ദി പറയാന്‍ വിട്ടിട്ടുണ്ടേല്‍ ഷമി.....

എല്ലാവരും ഇടുന്നുണ്ട് പിറന്നാള്‍ പോസ്റ്റ്‌.
ബ്ലോഗിന്റെ പിറന്നാള്‍............
കമന്റ്‌ ആദ്യം വന്നതിന്റെ പിറന്നാള്‍......
പബ്ലിഷ് ചെയ്തതിന്റെ പിറന്നാള്‍.........

എല്ലാം പിറന്നാള്‍ മയം..

പിന്നെ എനിക്കും ഇടാലോ.... ഒരു കൊച്ചു പിറന്നാള്‍ പോസ്റ്റ്‌............!!!


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഈഉള്ളവന്‍ ദ്രോഹങ്ങള്‍ തുടരട്ടേ.............???

കല്യാണത്തലേന്നത്തെ ആദ്യരാത്രി 1

TV ഓണ്‍ ചെയ്ത് കസേരയില്‍ ചാരി ഇരുന്നു.

" എടാ, ഇന്നു വൈകുന്നേരമാണ് പോകേണ്ടത്...." അടുക്കളയില്‍ പാത്രം താഴെ വീഴുന്ന സൗണ്ടിനൊപ്പം അമ്മ വിളിച്ചു പറഞ്ഞു.

" എന്താന്ന് ...? "

" നീ ആ കുന്തം ഒന്നില്ലെങ്കില്‍ ഓഫ്‌ ചെയ്യ്‌, അല്ലേല്‍ അതിന്റെ ഒച്ച ഒന്ന് കുറയ്ക്ക്‌ .... " താഴെ വീണ പാത്രം എടുത്തുകൊണ്ട് അമ്മ ഹാളിലേക്ക് വന്നു.

" എന്താണെന്ന് പറ... എവിടെ പോണ കാര്യമാ...? " ടിവിയുടെ സൗണ്ട് കുറച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.
" ഇന്ന് പോയി ഡ്രസ്സ്‌ എടുക്കണം. വരുന്ന ഞായറാഴ്ചയാണ് കല്യാണം."

"ശരി, ഇന്നുപോയി എടുക്കാം.... അമ്മ അടുക്കളയിലേക്ക് ചെല്ല് . ഞാന്‍ ഈ പരിപാടി കണ്ടുതീര്‍ക്കട്ടെ..." കസേരയിലെ ഇരുപ്പിനു ഒരു സാറ്റിസ്ഫാക്ഷന്‍ തോന്നാത്തതുകൊണ്ട് എണീറ്റു താഴെ കിടന്നുകൊണ്ട് അമ്മയോട് പറഞ്ഞു.

" ആ സമയത്ത്‌ നീ വേറെ എങ്ങും പോകരുത് .... അതാ ഒന്നുകൂടെ ഓര്‍മിപ്പിച്ചേ...."
നിന്നെ എനിക്ക് അറിഞ്ഞൂടെ മോനേ. എന്നുള്ള ഭാവത്തോടെ പറഞ്ഞിട്ട് അമ്മ അടുക്കളയിലേക്ക് പോയി.

'അപ്പന്റെ ഏതോ കൂട്ടുകാരന്റെ മോളുടെ കല്യാണത്തിന് ഗിഫ്റ്റ്‌ ആയി സാരി വാങ്ങാന്‍ ഞാന്‍ കൂടെ പോണമത്രേ..!!! ഒരു ഷര്‍ട്ടിനു വേണ്ടി പുറകേനടന്നാല്‍ ആ നടപ്പ് രണ്ടുമൂന്ന് തവണ നടത്തി '' അടുത്ത ക്രിസ്തുമസ്സിനു വാങ്ങാം '' എന്ന് പറയുന്ന ആളാ....' എന്നും ആലോചിച്ചുകൊണ്ട് ടിവിയുടെ സൗണ്ട് കൂട്ടി.

" ഈ പരിപാടി നിങ്ങള്‍ക്കായ്‌ അവതരിപ്പിച്ചത് ......"

" മാതാവേ... അതും തീര്‍ന്നോ.....? ഇന്നെല്ലാം എനിക്കു പണിയാണല്ലോ....." ടി.വി ഓഫ്‌ ചെയ്ത് വെറുതേ പായയില്‍ കിടന്നു.

' കിണികിണിം കിണികിണിം.... കിണികിണിം കിണികിണിം' ഫോണിന്റെ വക അതും അലറിതുടങ്ങി.
എന്തായാലും ഇന്ന് ഇനി മനസ്സമാധാനം ഇല്ല എന്ന് മനസ്സില്‍ ഉറപ്പിച്ച് ഫോണ്‍ എടുത്തു.

" വൈകുന്നേരമാണ് പോകുന്നത്. നീ റെഡി ആയി നിക്കണം..." എടുത്തപ്പോള്‍ തന്നെ ഫോണ്‍ മൊഴിഞ്ഞു.

അതുശരി വൈകുന്നേരം പോകുന്നത് എന്നെ ഓര്‍മിപ്പിക്കാന്‍ അമ്മ ആളുകളെയും പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ടോ....!!
" എടാ ജഗ്ഗുവാ.... വൈകുന്നേരം മൂന്ന് മണിക്ക് കല്യാണവീട്ടില്‍ പോകണം. രാകേഷ്‌ ഇപ്പോള്‍ വിളിച്ചിരുന്നു. നിന്നെ വിളിച്ച് ഓര്‍മിപ്പിക്കാന്‍ പറഞ്ഞു." വിളിച്ച ആള്‍ അവന്റെ ദൗത്യം പൂര്‍ത്തിയാക്കി.

" ഓക്കേ ഞാന്‍ റെഡി ആയി നിക്കാം.... " ഞാന്‍ റിസീവര്‍ താഴെ വച്ചു.

പെട്ടന്നാണ് ഓര്‍മവന്നത്, വൈകുന്നേരം അമ്മയുടെ കൂടെ പോവണ്ടേ....? കര്‍ത്താവേ കുരിശായല്ലോ .... ചെകുത്താന്റെം കടലിന്റെം നടുക്കായ അവസ്ഥ..! സ്വഭാവം കൊണ്ടും കയ്യിലിരിപ്പ് കൊണ്ടും ചെകുത്താന്‍ പട്ടത്തിന് അര്‍ഹനായ അവന് ആ സ്ഥാനം കൊടുത്തിട്ട് ഞാന്‍ അടുക്കളയിലേക്ക് ചെന്നു...

" അമ്മേ... ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ഞാന്‍ സഞ്ജയ്‌യുടെ വീട്ടില്‍ പോകും. നാളെ അവന്റെ ചേച്ചിയുടെ കല്യാണമാണ്. ഇപ്പോള്‍ ജഗ്ഗു വിളിച്ചിരുന്നു..." ഞാന്‍ എന്റെ അവസ്ഥ ബോധിപ്പിച്ചു.

" എടാ അപ്പോള്‍ ഡ്രസ്സ്‌ വാങ്ങാന്‍ എങ്ങനെ പോകും...? അമ്മ അമ്മയുടെ അവസ്ഥയും ബോധിപ്പിച്ചു.

" ഇവളേം കൂട്ടികൊണ്ടു പോ..... വേറെ പണിയോന്നുമില്ലല്ലോ ഇവള്‍ക്കിവിടെ....... " ഇമ്പോസിഷന്‍ എഴുതുന്ന മുഖഭാവത്തില്‍ ഹോംവര്‍ക്ക്‌ ചെയ്യുന്ന അനിയത്തിയെ ചൂണ്ടിക്കൊണ്ട് പ്രശ്നപരിഹാരം നിര്‍ദേശിച്ചു.

" എങ്കില്‍ ശരി. അപ്പനോടും പറഞ്ഞേക്ക് പോകുന്ന കാര്യം." അമ്മ അടുക്കളപ്പണിയിലേക്ക് തിരിഞ്ഞു.

ഞാന്‍ സമയം നോക്കി. മണി രണ്ട്. ജഗ്ഗു മൂന്നു മണിക്ക് വരും. റെഡി ആയി നിന്നില്ലേല്‍ അവനു കൊടുത്ത സ്ഥാനം അവനു മാത്രം ഉള്ളതാണെന്ന് ഞാന്‍ മനസിലാക്കണ്ട വരും. എന്തിനാ വെറുതേ........!

ഡ്രെസ്സിങ്ങിന്റെ ആദ്യ പടിയായി കുളിക്കാന്‍ കയറി. കുടിക്കുന്ന വെള്ളത്തിന്റെ അളവില്‍ കുറവുവന്നാലും കുളിക്കുന്ന വെള്ളത്തിനു പിശുക്ക് കാണിക്കരുതെന്നുള്ള പോളിസിയില്‍ അഞ്ച് മിനിറ്റിനുള്ളില്‍ കുളി കഴിഞ്ഞ് പുറത്തിറങ്ങി.ഡ്രസ്സ്‌ ഇട്ട് നേരെ താഴെ വന്ന് ടി.വി.ക്കു മുന്നിലെ ചാനല്‍ മാറ്റിക്കളി തുടര്‍ന്നു. മണി രണ്ടേമുക്കാല്‍ ആയപ്പോള്‍ പുറത്ത് ബൈകിന്റെ ഒച്ച കേട്ടു. കൂടെ ഒരു അലര്‍ച്ചയും...

" എടാ...നീ റെഡി ആയോ....? വേഗം വന്ന് കേറ്. അവിടെ മൂന്നുമണിക്ക് എത്തണം."

ഞാന്‍ ടി.വി. ഓഫ്‌ ചെയ്ത് എഴുനേറ്റ് അമ്മയുടെ അടുത്തുചെന്നു ചോദിച്ചു.

" അമ്മേ.. കയ്യില്‍ ചേഞ്ച്‌ ഇല്ല. നൂറു രൂപ താ...."
" അഞ്ച് രൂപ ചേഞ്ച്‌ ആക്കിയാല്‍ നൂറുരൂപ ആവില്ലടാ..." അമ്മയുടെ പെട്ടന്നുള്ള മറുപടിയില്‍ ഞാന്‍ ഞെട്ടി.

" അമ്മ എപ്പോള്‍ എന്റെ പേഴ്സ് നോക്കി..? ഇനി അപ്പന്റെ കയ്യില്‍നിന്നും പൈസ കിട്ടാത്തതുകൊണ്ട് എന്റെ പേഴ്സ് തപ്പിയതാണോ....? " അര്‍ജുനന്റെ അമ്പിനേലും മൂര്‍ച്ച സ്വന്തം പെന്‍സിലിനു വേണമെന്നുള്ള വാശിയില്‍ പെന്‍സിലില്‍ അഭ്യാസം കാണിക്കുന്ന അനിയത്തിയോട് ചോദിച്ചു.

" നിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നും കിട്ടിയതാ ആ അഞ്ച് രൂപ. അത് ഞാനാ പേഴ്സില്‍ എടുത്തുവച്ചേ... പിന്നേ, നിന്റെ പേഴ്സ് തപ്പിയിട്ടല്ലേ എനിക്ക് കാശ് കിട്ടണേ.... അത് നോക്കിയാല്‍ പേഴ്സിലേക്ക് വല്ല പൈസേം ഇടും നോക്കുന്ന ആള്. നീ പോകാന്‍ നോക്ക്... "

എന്റെ ഡൌട്ട് ക്ലിയര്‍ ആയി. ഇതെങ്ങനെ കേട്ടു, ഞാന്‍ ഒച്ച കുറച്ചു പറഞ്ഞത്...? അവനവനെ ആരേലും കുറ്റം പറയണത് എത്ര ദൂരെ നിന്നായാലും എത്ര പതുക്കെ ആണേലും പെണ്ണുങ്ങള്‍ കേള്‍ക്കും എന്ന് ആരോ പറഞ്ഞത് ശരിയാ... കൂടുതല്‍ കേള്‍ക്കാന്‍ നിക്കാതെ ഞാന്‍ പോയി ജഗ്ഗുന്റെ ബൈകില്‍ കയറി.

അവന്‍ വണ്ടിയെടുത്തു. 'നിന്നെയൊക്കെ പണ്ടാരമടങ്ങാന്‍, ഒന്നു പതുക്കെ പോടാ.....' എന്നുള്ള അനുഗ്രഹവര്‍ഷം കിട്ടിയും 'ആരുടെ തന്തക്ക് വായുഗുളിക വാങ്ങാനാ ഈ കൊലപ്പോക്ക് പോണേ....' എന്ന സുഖാന്വേഷണം കിട്ടിയും ഞങ്ങള്‍ സഞ്ജയ്‌യുടെ വീട്ടിലെത്തി.

അവിടെ ചെന്നപ്പോള്‍ കല്യാണവീടിന്റെ എല്ലാ തിരക്കുകളും കണ്ടു. വീട്ടിലേക്ക് കയറുന്ന വഴിയുടെ അരികത്തുതന്നെ സെന്റര്‍ സ്റ്റാന്‍ഡില്‍ വച്ചിരിക്കുന്ന ബൈക്കില്‍ മൂന്നു കുരങ്ങന്മാരുടെ പ്രതിമയിലെ ഒരു കഥാപാത്രത്തെപോലെ താടിക്കും കൈ കൊടുത്ത് ഒരുത്തന്‍ ഇരിക്കുന്നു. അവനെ കണ്ടപാടെ ജഗ്ഗു വിളിച്ചുകൂവി.
"രാഷേ............"
"ങേ ..!! ആര്.....??"

"'ക' വന്നില്ലടാ....."

"എന്റെ വായിനു 'പ' വരുംകോപ്പേ........ " എന്നും പറഞ്ഞുകൊണ്ട് രാകേഷ്‌ വണ്ടിയില്‍ നിന്നും ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.

" എവിടെ പോയി കിടക്കേര്‍ന്നടാ .............?" വന്നപാടെ സ്ഥിരം ശൈലിയില്‍ ചോദ്യം.

അവനെ സമാധാനിപ്പിച്ചുകൊണ്ട്‌ ഞങ്ങള്‍ മൂന്നുപേരും കല്യാണപന്തലിലേക്ക് പ്രവേശിച്ചു.

കല്യാണപെണ്ണിനെ കണ്ടു, പെണ്ണിന്റെ അച്ഛനെ കണ്ടു, അമ്മയെ കണ്ടു, അമ്മൂമയെ കണ്ടു, അവിടേം ഇവിടേം ഒക്കെയായി കിടന്നിരുന്ന ബന്ധുക്കള്‍ എന്നിവരേം ഒക്കെ കണ്ടു. എന്തിന് അധികം പറയുന്നു കലവറക്കാരന്‍ അവറാന്‍ ചേട്ടനെ വരെ കണ്ടു. എന്നിട്ടും ഞങ്ങള്‍ അന്വേഷിച്ചു നടന്നവനെ കാണാനില്ല. ഞങ്ങളില്‍ നാലാമന്‍, കല്യാണപെണ്ണിന്റെ ആങ്ങളചെക്കന്‍, സഞ്ജയ്‌.........

കല്യാണ ആവശ്യത്തിന് എവിടേലും പോയതാണെന്ന് കരുതി. ഓരോരുത്തരോടും ചോദിച്ചു. ബട്ട്‌ കിട്ടിയ ഉത്തരം എല്ലാം സെയിം.....
" ആ.... അവിടെ പിള്ളേരുടെ ഒപ്പമെങ്ങാനും കാണും............. "

നിക്കര്‍ഇട്ട് ഷര്‍ട്ടിന്റെ ബട്ടന്‍സ് അഴിച്ചിട്ട് കടവാവലിനെപ്പോലെ ഓടി വന്ന ഒരു ചെക്കനെ പിടിച്ചുനിര്‍ത്തി ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരം കിട്ടി.

ആങ്ങളചെര്‍ക്കന്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു. അതും അടുത്തുള സ്കൂള്‍ ഗ്രൗണ്ടില്‍ ... കളിയും കാണാം അവനെ വിളിക്കേം ചെയ്യാം എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ കളി നടക്കുന്നിടത്തേക്ക് ചെന്നു...........

(തുടരും.....)

Saturday, January 22, 2011

ഞങ്ങളുടെ സീത.... ഞങ്ങളുടെ മാത്രം.....

സീത..... പട്ടുപാവാടയും ഇട്ട്, നെറ്റിയില്‍ ചെറിയ ശിങ്കാര്‍പൊട്ടിനൊപ്പം ചന്ദനക്കുറിയും തൊട്ട്, തലയില്‍ തുളസിക്കതിരും ചൂടിയ പെണ്‍കുട്ടി....... എല്ലാവരോടും കിന്നാരം പറഞ്ഞ് നടക്കുന്ന, കിളികളേയും കാറ്റിനെയും ഓരോ പുല്‍നാമ്പിനെ പോലും സ്നേഹിക്കുന്നവള്‍..... അങ്ങാടിക്കടവിലെ പാടവരമ്പിലൂടെ അവള്‍ ചിരിച്ചുകൊണ്ട് തുള്ളിച്ചാടി വരുന്നത് കാണുന്നതേ ഐശ്വര്യമായി വിചാരിക്കുന്ന ആലങ്ങാട് ഗ്രാമവാസികള്‍...... ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ഗ്രാമത്തിന്റെ എല്ലാ നിഷ്കളങ്കതയും ഉള്ള ഒരു പെണ്‍കൊടി.....

ഇങ്ങനെയൊക്കെ ആണ് 'ഞങ്ങളുടെ സീത' എന്നുവായിച്ചപ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉരിത്തിരിഞ്ഞു വന്ന രൂപം എങ്കില്‍, സുഹൃത്തേ...തെറ്റിപ്പോയി.!!!

ആദ്യമേ പറഞ്ഞേക്കാം സീത 'അവള്‍' അല്ല, 'അവന്‍' ആണ്.....പേര് 'Jo'.... ഞങ്ങളുടെ സീത ജോ....

നിഷ്കളങ്കമായ സ്വഭാവം.. എവിടെ ചെന്നാലും ആരുമായിട്ടു പരിചയപ്പെട്ടാലും അവര്‍ക്ക് ജന്മത്ത് മറക്കാന്‍ പറ്റാത്ത സ്വഭാവഗുണമുള്ളവന്‍. അവന്‍ പോകാറുള്ള വഴിയില്‍കൂടി സ്വന്തം ജീവനില്‍ കൊതിയുള്ള ഒരു ജീവജാലങ്ങളും വരാറില്ല. കാരണം അവയെ കാണുമ്പോള്‍, അത് കോഴി ആയാലും പട്ടിയായാലും എന്തിന് ഒരു ഓന്തായാലും, ഈ കൊന്തന്റെ ഉള്ളിലെ ധീരന്‍ ഉണരും.. പിന്നെ അവയെ കല്ലുകൊണ്ടാണോ അതോ മടലുകൊണ്ടാണോ അതുമല്ല വല്ലോന്റേം വേലിയിലെ പത്തല്‍ ഒടിച്ചാണോ തലോടണ്ടത് എന്നാകും ചിന്ത.

ആദ്യമായി ഒരു ടു വീലര്‍ (രണ്ടു ടയര്‍ ഉള്ളതുകൊണ്ട് അങ്ങനെ വിളിക്കാം)വാങ്ങിയിട്ട് വരുന്നവഴി പോലീസ് കൈ കാട്ടിനിര്‍ത്തിയിട്ട് ബുക്കും പേപ്പറും ചോദിച്ചപ്പോള്‍ അടുത്തുള്ള കടയില്‍നിന്നും ഇരുനൂറു പേജ് ഉള്ള നോട്ട്ബുക്ക്‌ വാങ്ങിക്കൊടുത്ത് അവരുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രമായ മഹാന്‍!!!


കൊടുത്ത പ്രേമലേഖനങ്ങളുടെ മറുപടികള്‍ തേടി വരുമ്പോള്‍ അവന്‍ സൃഷ്ടിക്കുന്ന റെക്കോര്‍ഡുകള്‍ ഇതുവരെ ആലങ്ങാട്ടെ ആര്‍കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ ഇടവഴികള്‍ കണ്ടുപിടിക്കുക, എത്ര ഉയരത്തിലുള്ള മതിലായാലും ചാടിക്കടക്കുക, മഴക്കാലത്തെ ഒഴുക്കിലും അങ്ങാടിക്കടവിലെ തോട്ടില്‍ ഒഴുകിപോകാതെ പിടിച്ചുനിക്കുക, അങ്ങനെ അങ്ങനെ അങ്ങനെ...........

മൊത്തത്തില്‍ സ്വന്തം മകനെങ്ങാന്‍ ആയിരുന്നേല്‍ തല്ലിക്കൊന്ന് മുണ്ടേക്കര പാടത്ത് ചവിട്ടിത്താഴ്ത്തിയേനെ എന്ന് നാട്ടുകാരെകൊണ്ട് പറയിക്കുന്ന ഒരു അവതാരം.....

സീത എന്നുള്ള പേരും അവനു കിട്ടിയത്‌ കയ്യിലിരിപ്പുകൊണ്ട് തന്നെ.......


ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റെട്ട് - തൊണ്ണൂറ്റൊമ്പത് കാലഘട്ടം.
സ്കൂളില്‍ യൂത്ത് ഫെസ്റ്റിവല്‍ അടുത്തുവരുന്നു. ഓരോ ക്ലാസിലെയും കുട്ടികള്‍ പരിപാടിക്കുള്ള പേരും കൊടുത്ത് റിഹേഴ്സല്‍ തുടങ്ങി. ജോയും കൂട്ടുകാരും കറങ്ങി നടന്ന് ഓരോ പരിപാടിക്കും എത്ര പിള്ളേര്‍, അതില്‍ ആരുടെയൊക്കെ പുറകെ നടക്കാം, എത്ര പേര്‍ക്ക് ലെറ്റര്‍ കൊടുക്കാം എന്നൊക്കെ കണക്കെടുത്തുകൊണ്ടിരുന്നു.

ഒപ്പനയുടെയും ഗ്രൂപ്പ്‌ ഡാന്‍സിന്റെയും തിരുവാതിരകളിയുടെയും എല്ലാം റിഹേഴ്സല്‍ കണ്ട് ടീച്ചര്‍മാരുടെ കണ്ണ് വെട്ടിച്ച് നടന്നുകൊണ്ടിരിക്കുമ്പോള്‍ അശരീരി പോലെ ഒരു ഡയലോഗ് ,

" നീ ഒക്കെ ഇങ്ങനെ വെറുതെ നടന്നോ.....എടാ ഒരു പരിപാടി നിങ്ങള്‍ക്കും അറേഞ്ച് ചെയ്യാന്‍ പാടില്ലേ.....? "

കേട്ടത് എവിടെനിന്നാണെന്ന് അറിയാന്‍ അഞ്ചുപേരും ചുറ്റും നോക്കി.

" നമ്മുടെ ക്ലാസ്സില്‍ നിന്നും പ്രോഗ്രാമുകള്‍ കുറവാടാ....... എന്തേലും ഒന്ന് പ്ലാന്‍ ചെയ്യ്‌.... " സ്ക്രീനിന്റെ അപ്പുറത്തുനിന്നും ഒപ്പനപ്പാട്ട് പഠിക്കുന്നതിനിടയില്‍ നീതു വിളിച്ചു പറഞ്ഞു.

" ഓ! നീ ആയിരുന്നോ...? നീ എന്താ അവതരിപ്പിക്കുന്നേ.......? "

ഇന്നിനി കറങ്ങി നടക്കാതെ ഒപ്പന റിഹേഴ്സല്‍ കാണാമെന്ന് തീരുമാനിച്ച് പഞ്ചപാണ്ഡവന്മാര്‍ നീതുവിന്റെ അടുത്തേക്ക് ചെന്നു.

" നിനക്ക് കണ്ടൂടെ, ഒപ്പനപ്പാട്ട് പഠിക്കുന്നു. ഞാനും ഹിമയുമാ പാടുന്നെ. നീയൊക്കെ പഠിക്കുന്ന കാര്യത്തിലോ ഇല്ലാ, എന്നാപിന്നെ ഇതിനെങ്കിലും ആക്റ്റീവ് ആവ്. " നീതു ഒപ്പന വരികള്‍ പഠിക്കുന്നതിലേക്ക് തിരിഞ്ഞു.

' പനിനീര്‍പൂ മണമുള്ള സുഗന്ധം നീ വിരിച്ച്.......
പകലന്തി അവന്‍ മുഖം മനസ്സില്‍ നീ വരച്ച്......
പാതിരാ കനവിലും അവന്‍ തന്നെ ഉദിച്ച്......
ഇന്ന് വരുന്നുണ്ടേ നിന്‍മാരന്‍ വരുന്നുണ്ടേ....... '

പാട്ട് താളത്തില്‍ ഉയര്‍ന്നുകേള്‍ക്കുമ്പോള്‍ അവളുടെ വായീന്ന് കൂടുതല്‍ കേള്‍ക്കണ്ടാന്നു വിചാരിച്ച് ജോയും കൂട്ടുകാരും ക്ലാസ്സിന്റെ മൂലയില്‍ കൂട്ടിയിട്ടിരുന്ന ബഞ്ചിന്റെയും ഡസ്കിന്റെയും അടുത്തേക്ക് നടന്നു.

" മച്ചാ, നമുക്കൊരു പരിപാടി വച്ചാലോ...? "

ചോദ്യം പഞ്ചപാണ്ഡവന്‍മാരില്‍ ശരീരം കൊണ്ട് ഭീമന്റെ റോള്‍ ചെയ്യാന്‍ പറ്റുന്ന സനീഷിന്റെ വക ആയിരുന്നു.

" അത് തന്നെയാ ഞാനും ആലോചിക്കുന്നത്."

കൂട്ടിയിട്ടിരിക്കുന്നതില്‍ ഒരു ഡസ്കില്‍ ഇരുന്നുകൊണ്ട് സിബിന്‍ പറഞ്ഞു.

" എന്ത് പരിപാടി ആയാലും ഒരു വ്യത്യസ്തത വേണം. ആളുകള്‍ അധികമൊന്നും കണ്ടതാകരുത്. പരിപാടി കഴിഞ്ഞാലും അത് ആളുകളുടെ മനസ്സില്‍ തങ്ങി നില്‍ക്കണം."
ജോ അവന്റെ കണ്ടീഷന്‍ വെളിപ്പെടുത്തി.

പരിപാടിയുടെ ആലോചന തകൃതിയായി നടന്നു.

" ഒരു നാടകം നടത്തിയാലോ.....? ഒരു പുരാണ നാടകം..."

കുതിരപ്പുറത്ത് ഇരിക്കുന്ന പോസില്‍ ഇരുന്ന് ഡസ്ക്ക് ആട്ടി 'ടക് ടക് ' സൗണ്ട് ഉണ്ടാക്കികൊണ്ട് ജോ ചോദിച്ചു.

" അയ്യേ... പുരാണനാടകമോ.....? ഇതാണോഡേയ് ആരും കാണാത്ത വ്യത്യസ്തമായ പരിപാടി.....? ക്ലാസ്സ്‌ കഴിഞ്ഞാലും കൂവല്‍ മാറില്ല കൂവേ...."

ഇരിക്കുന്ന ബഞ്ചില്‍ നിന്നും ചാടി എണീറ്റ്‌ സുകേഷിന്റെ വക ഉപദേശം.

" ഒരു മാതിരി മറ്റോടത്തെ പണി കാണിക്കരുത്..@#%$^& മോനെ ..!!!! "

ഇതാരാ ഇങ്ങനെ വാര്‍ണിംഗ് തരുന്നെ എന്ന് ജോ നോക്കിയപ്പോള്‍, സുകേഷ് ബഞ്ചില്‍ നിന്നും പെട്ടന്ന് എഴുന്നേറ്റതിന്റെ ഫലമായി ബഞ്ചിന്റെ സന്തുലനാവസ്ഥ പോയത് കാരണം ബഞ്ചാസനത്തില്‍ നിന്നും തറാസനത്തിലേക്ക് ഷിഫ്റ്റ്‌ ചെയ്ത നിജോ താഴെനിന്നും എണീക്കുന്നു.

" നീ ആരോടാ പറഞ്ഞെ...? "

ജോയ്ക്ക് പെട്ടന്ന് കാര്യം മനസ്സിലായില്ല.

" രണ്ടു പേരോടും...." എഴുന്നേറ്റ് പാന്റിന്റെ പുറകിലെ പൊടി തട്ടിക്കളഞ്ഞുകൊണ്ട് നിജോ തുടര്‍ന്നു.

" എടാ ഈ പുരാണനാടകം എന്നൊക്കെ പറയുന്നത് അപ്പാപ്പന്‍ജനറേഷനിലുള്ള ആളുകള്‍ക്ക് ഉള്ളതാ..... അതും കൊണ്ട് ഇവിടെ വന്നാല്‍ പിള്ളേര് കൈ വയ്ക്കും...."

" എടാ പുല്ലന്മാരെ...... ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക് . എന്നിട്ട് എന്നെ തിന്നാന്‍ വാ...." ജോ വികാരാധീതനായി.

" എന്നാ പറ..." വീണ ബഞ്ച് നേരെയാക്കി ഇട്ട് അതിന്റെ നടുക്ക് ഇരുന്നുകൊണ്ട് നിജോ പറഞ്ഞു.

" പുരാണനാടകം എന്ന് പറയുമ്പോള്‍ പഴയതുപോലെ അങ്ങനെ തന്നെ എടുത്ത് അവതരിപ്പിക്കുന്നതൊന്നുമല്ലടാ ഞാന്‍ ഉദ്ദേശിക്കുന്നെ. അതിനെ ഒന്ന് ആധുനീകരിക്കാം. സ്ക്രിപ്റ്റ്‌ ഞാന്‍ എഴുതിക്കോളാം " ജോ അവന്റെ പ്ലാന്‍ വിശദീകരിച്ചു.

" ഏതു കഥ? എന്തു കഥ? എങ്ങനെ? " സനീഷ്‌ അവന്റെ അടുത്തേക്ക് ചെന്നു.

" രാമായണം തിരഞ്ഞെടുക്കാം. അതാകുമ്പോള്‍ കഥാപാത്രങ്ങളുടെ എണ്ണം കറക്റ്റ്‌ ആയിരിക്കും. രാമ-രാവണ യുദ്ധം തന്നെ ടോപ്പിക്ക് ആക്കാം. സ്ക്രിപ്റ്റ്‌ ഒക്കെ വേണ്ട രീതിയില്‍ ഞാന്‍ എഴുതിക്കോളാം. "

" പിന്നെ ഇതിന്റെ കഥയെ പറ്റി ആരോടും ഒന്നും പറയാന്‍ പോവണ്ടാ... സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാരും കണ്ടാല്‍ മതി. "

ലോലഹൃദയനായ സുകേഷിനെ ഒന്നു അടിമുടി നോക്കിയിട്ട് ജോ എല്ലാവരോടുമായി പറഞ്ഞു.

തുടര്‍ന്ന് കഥാപാത്രങ്ങളെ ഓരോരുത്തര്‍ക്കുമായി ഉറപ്പിച്ചു.

മര്‍മ്മപ്രധാനകഥാപാത്രമായ സീതയുടെ റോള്‍ ജോ ഏറ്റെടുത്തു.
രാവണന്റെ വേഷം സനീഷിന് കൊടുത്തു, സ്റ്റണ്ട് ഉള്ളതല്ലേ..... വില്ലന്‍ കട്ടക്ക് നിക്കണം.
സിബിന് ഹനുമാന്റെ വേഷം കൊടുത്തത് മേക്കപ്പ്‌ കുറയ്ക്കാമെന്നുള്ളതുകൊണ്ട് മാത്രമായിരുന്നില്ല, ദൂത് പോകാനുള്ള അവന്റെ മുന്‍പരിചയവും കണക്കിലെടുത്തായിരുന്നു.
നിജോനു രാമന്റെ വേഷം കൊടുത്താല്‍ ആ ഡയലോഗും സീത പറയണ്ടവരുമല്ലോ എന്നോര്‍ത്ത് രാമനായി സുകേഷിനെയും ലക്ഷ്മണനായി നിജോനെയും ഫിക്സ് ചെയ്തു.

രണ്ടു ദിവസങ്ങള്‍ കൊണ്ട് ജോ സ്ക്രിപ്റ്റ്‌ മുഴുവന്‍ എഴുതി. നാടകത്തിന് പേരും ഇട്ടു.

' ' ' ന്യൂ ജനറേഷന്‍ രാമായണം ' ' '

പരിപാടിക്ക് പേര് കൊടുത്ത് റിഹേഴ്സല്‍ തുടങ്ങി. ജോയുടെ വീട് റിഹേഴ്സല്‍ ക്യാമ്പ്‌ ആക്കി.

സ്കൂളിലെ മിക്ക മരത്തിലും മതിലിലും എന്തിനതികം മൂത്രപ്പുരയുടെ അകത്തും പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു...

' X A-യുടെ അതിഗംഭീരനാടകം ന്യൂ ജനറേഷന്‍ രാമായണം, കഥ & സംവിധാനം ജോ ആലങ്ങാട്. '

സ്ക്രിപ്ടിലെ ഡയലോഗുകള്‍ അഭിനയിച്ചു തകര്‍ത്തും ജോയുടെ വീട്ടിലെ കുടുംബബഡ്ജറ്റ്‌ തകര്‍ത്തും റിഹേഴ്സല്‍ മുന്നേറി. അങ്ങനെ യൂത്ത് ഫെസ്റ്റിവലിന്റെ അവസാന ദിനമായി. പരിപാടികള്‍ കാണാന്‍ അടുത്ത വീടുകളിലെ ആളുകളും ഉണ്ടായിരുന്നു.

രാമായണം കുറച്ച് മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത്രയ്ക്കു പ്രതീക്ഷിച്ചിരുന്നില്ല.

കയ്യില്‍ AK 47 തോക്കും പിടിച്ച് രാമ-ലക്ഷ്മണന്മാര്‍ വന്നപ്പോള്‍ ആദ്യ ഞെട്ടല്‍, കണ്ണടയും വച്ച് ഒരു ബാഗും കറക്കികൊണ്ട് പണ്ട് കാലത്തെ സിനിമകളില്‍ ഹൈ സൊസൈറ്റി അമ്മച്ചിമാരുടെ രംഗപ്രവേശനം പോലെ സീത കടന്നുവന്നപ്പോള്‍ അടുത്ത ഞെട്ടല്‍, രാവണന്‍ ഹെലികോപ്റ്ററില്‍ വന്ന് സീതക്ക് ലവ് ലറ്റര്‍ കൊടുത്തിട്ട് പോയപ്പോള്‍ ചെറിയ കുട്ടികള്‍ കയ്യടിച്ച് ആര്‍ത്തുവിളിച്ചു. ടീച്ചര്‍മാരും മുതിര്‍ന്നവരും അന്തം വിട്ട് നോക്കി നിന്നു. സീതയുടെ മറുപടി കൊടുക്കാന്‍ ഹനുമാന്‍ പോകുന്നത് യമഹ ബൈക്കില്‍, ഇത്രയും കണ്ടപ്പോഴേ ക്ലൈമാക്സ്‌ കാണാന്‍ നിക്കാതെ ഹെഡ് മിസ്ട്രസ് ഓഫീസിലേക്ക് രക്ഷപെട്ടു. ക്ലൈമാക്സ്‌ രംഗം ആയി യുദ്ധം തുടങ്ങിയപ്പോള്‍ പുറത്ത് ചേട്ടന്മാര്‍ വടികള്‍ എടുക്കാന്‍ നാലുപാടും ഓടി.

രംഗം പന്തിയല്ലായെന്നുകണ്ട് രംഗനിയന്ത്രണത്തിനിരുന്ന ഡക്കറേഷന്‍കാരുടെ സഹായിപയ്യന്‍ കര്‍ട്ടനിട്ടു.സ്കൂളിന്റെ അരമതിലും ചാടി ലക്ഷ്മണനും, രാമനെ എടുത്തുകൊണ്ട് രാവണനും, ഹനുമാനെ വലിച്ചുകൊണ്ട് സീതയും ഓടുമ്പോള്‍ കേട്ടു ഒരു അനൌണ്‍സ്മെന്റ്.

" ഇപ്പോള്‍ അവതരിപ്പിച്ചത് X A-യുടെ നാടകം ' ന്യൂ ജനറേഷന്‍ രാമായണം ' "

" കഥ, സംവിധാനം 'സീത' "

Wednesday, December 8, 2010

ആറുമണി പൂവ്

"കൊത്തുണ്ടോ ഡാ....? "
ചൂണ്ട കോലുകൊണ്ട് വെള്ളത്തില്‍ ഒന്നു തട്ടിയിട്ട് രാകേഷ്‌ ഉറക്കെ ചോദിച്ചു.

" പയ്യെ സംസാരിക്ക് ചെക്കാ...... മീന്‍ കിട്ടില്ല...." ദാനം കൊടുക്കുവാനുള്ള ഇരയെ കൊളുത്തില്‍ ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

" പിന്നേ... ഈ തോട്ടില്‍ ചൂണ്ട ഇട്ടാല്‍ സ്രാവിനെ കിട്ടുമല്ലോ....... പോട വേ.... " രാകേഷ്‌ സൗണ്ട് ഒന്നുകൂടെ കൂട്ടി.

" എടാ.... "

" ങാ.."

" എടാ ബിബിയേ........ "

" എന്ത്യേടാ ചെര്‍കാ.....? " എനിക്ക് അരിശം വന്നുതുടങ്ങി.

" എന്റെ മനസ്സില്‍ ആ സ്വപ്നം നിറഞ്ഞു നില്‍ക്കുന്നു. " ബുജി നാടകക്കാരെപോലെ മാനത്തെക്കും നോക്കികൊണ്ട് ഒരുത്തന്‍ ഡയലോഗ് അടിക്കുന്നു.

" സെന്റ കോര്‍പറെഷന്‍ എന്ന സാധനമല്ലേ..... " ചൂണ്ട നീട്ടി ഇട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.

"പോടാ പോടാ... എന്റെ സ്വപ്നമാണ് സെന്റ കോര്‍പറെഷന്‍ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനി. "

" ഇതു ഞാന്‍ നിന്നെ പരിച്ചയപെട്ടപ്പോള്‍ മുതല്‍ കേള്‍ക്കുന്നതല്ലേ.... ഈ പേരിട്ടു നമ്മള്‍ വിളിച്ച സ്ഥലം ഇപ്പോ കാടും പിടിച്ചു കിടക്കാ... സ്റ്റാഫ്‌ ഒക്കെ പാമ്പും പഴുതാരേം..... "

"മതി... എഴുന്നേക്ക് മോനെ...എനിക്ക് വയ്യ ഇനി മീനെ നോക്കി കുത്തിയിരിക്കാന്‍...." ചൂണ്ട കോല് മാറ്റി ഇട്ടിട്ടു രാകേഷ്‌ പറഞ്ഞു.

" എങ്കില്‍ ശരി... വാ... പോവാം...." ഞാനും സമ്മതിച്ചു.

പയ്യെ അവിടെ നിന്നും ഞങ്ങള്‍ രാകേഷിന്റെ വീട്ടിലേക്കു നടന്നു.

" സമയമെന്തായടാ .....?" ഒരു അനക്കോം ഇല്ലാത്ത വാച്ച് നോക്കി ഞാന്‍ ചോദിച്ചു.

" അളിയാ...പണിയായി......"

" എന്ത് പറ്റിയെടാ...." എനിക്കൊന്നും മനസിലായില്ല.

" റോഡില്‍ സൂക്ഷിച്ചു നടക്കണം.. മാക്സിമം അറ്റം പറ്റി നടന്നോ...."

" കോപ്പ്....നീ ഒന്ന് തെളിച്ചു പറ...." തലയും വാലും ഇല്ലാത്ത വര്‍ത്തമാനം കേട്ടിട്ട് എനിക്കു കലിവന്നു.

" എടാ....ഇപ്പോ സമയം ആറു മണി ആകാന്‍ അഞ്ച് മിനിറ്റ്‌... ഇനി എപ്പോ വേണമെങ്കിലും ഒരു ബൈക്ക് ഇതുവഴി ചീറിപാഞ്ഞു വരാം.....നോക്കി നടന്നാല്‍ അവനവനു കൊള്ളാം...." രാകേഷ്‌ തിടുക്കത്തില്‍ നടന്നുകൊണ്ട് പറഞ്ഞു.

" എന്താ സംഭവം....? ആരാ ബൈക്കിനു പോണേ....? " രാകേഷിന്റെ വീടിനു മുന്നില്‍ കൂട്ടിയിട്ട മണലില്‍ ഇരുന്നുകൊണ്ട് ഞാന്‍ ചോദിച്ചു..

" അളിയാ സംഭവം ഞാന്‍ പറയാം... എന്നിട്ടു ആളെ പറയാം....നീ ക്ഷമയോടെ കേക്കണം...." അടുത്ത് കിടന്ന കരിങ്കല്ലില്‍ ഇരുന്നുകൊണ്ട് രാകേഷ്‌ വിവരണം തുടങ്ങി.
അവിടെ കുറച്ചു മാറി പുതിയതായി താമസക്കാര്‍ എത്തിയെന്നും, അവിടെ ഒരു പയ്യനുണ്ടെന്നും, ആ പയ്യനാണ് ഇതുവഴി ഇങ്ങനെ മരണവെപ്രാളത്തില്‍ പോകുന്നതെന്നും ചൂണ്ടഇരയായ ഞാഞ്ഞൂലിന്റെ ഉളുംപ് വിരലില്‍ നിന്നും കല്ലിലേക്ക് ഉറച്ചുകൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനിടയില്‍ കേട്ടു.

" നീ എന്താ അവിടെ സ്വര്‍ണം ഉരക്കുവാണോ ...? " രാകേഷിന്റെ ചോദ്യം കേട്ട് കല്ല്‌ എറിഞ്ഞുകളഞ്ഞു .

" എന്ത് വൃത്തികെട്ട നാറ്റമാടാ...." മണം പോയോന്നു അറിയാന്‍ വേണ്ടി മാത്രം കൈ മണത്തുനോക്കി നെറ്റി ചുളിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു...

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ ഒരു ബൈക്ക് നല്ല വേഗത്തില്‍ ആ വഴി പോയി.

" ആര്‍ക്കു വായുഗുളിക വാങ്ങാന്‍ പോവേടാ....." പൊടി കണ്ണിലും മൂക്കിലും എല്ലാം കേറീതുകൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..

"അളിയാ...ഇതാണ് ഞാന്‍ പറഞ്ഞ പയ്യന്‍... കാര്യം അറിയാതെ നീ തെറി വിളിക്കല്ലേ...." രാകേഷ്‌ എന്നെ കൂള്‍ ആക്കി.

" അവന്‍ എന്തിനാ ഈ ഇടുങ്ങിയ വഴിയിലൂടെ ഇങ്ങനെ പോകുന്നേ.... അതും ഇപ്പോഴും ഈ സമയത്ത്.....?"

ഉത്തരത്തിന് വേണ്ടി അവനെ നോക്കിയപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.
ഇപ്പോ തെറി കേള്‍ക്കേണ്ടത് ഇവനാണോ എന്ന് ചിന്തിച്ചു നില്‍ക്കുന്ന എന്നോടായി മതിലില്‍ ചാടികയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു.

" ഇവിടെ അവര്‍ വന്ന നാളുമുതല്‍ ഇവിടുത്തുകാര്‍ക്ക് അറിയാവുന്ന കാര്യമാണ്.... നീ മിക്കപോഴും ഇവിടെ വരാറുള്ളതല്ലേ എന്നിട്ടും കണ്ടിട്ടില്ലേ....? "

" ഇല്ലല്ലോടാ......" അവനു കൂട്ടായി മതിലിലേക്ക് കയറികൊണ്ട് ഞാന്‍ പറഞ്ഞു.

" ഛെ.....!!! ഈ കാര്യം ഇവിടത്തെ കട്ടിലില്‍ കിടക്കുന്ന കിളവന്മാര്‍ തൊട്ട് തൊട്ടിലില്‍ കിടക്കുന്ന കുട്ടികള്‍ക്ക് പോലും അറിയാം..... എന്തിനു കൂടുതല്‍ പറയുന്നു ആ പട്ടിക്ക് വരെ അറിയാം......."
കേബിള്‍ ഒന്നും ഇല്ലാതെ ചരിഞ്ഞു നിക്കുന്ന ടെലിഫോണ്‍ പോസ്റ്റില്‍ ഒപോസിറ്റ്‌ ആംഗിളില്‍ ചരിഞ്ഞുനിന്നുകൊണ്ട് ഇതു താന്‍ ഡാ എന്‍ സ്റ്റൈല്‍ എന്നു ഉറപ്പിച്ചുകൊണ്ട് ഒന്നിനു പോകുന്ന ഒരു പട്ടിയെ ചൂണ്ടികാട്ടികൊണ്ട് രാകേഷ്‌ പ്രസംഗം തുടങ്ങി.

" ഡാ... ആ പയ്യന് ഒരു ചേച്ചി ഉണ്ട്..വളരെ സ്ട്രിക്ടായ ചേച്ചി.... അവനോടു പറഞ്ഞിരിക്കുന്നത് എവിടെ പോയാലും വൈകുന്നേരം ആറുമണിക്ക് വീട്ടില്‍ എത്തണമെന്നാ...."

" എടാ എന്നാലും ഇത്രയ്ക്കു മരിച്ചു വണ്ടിയോടിച്ചു ചെല്ലണോ...?" ഞാന്‍ ഇടയ്ക്കു കയറി ചോദിച്ചു.

" നിനക്കറിയില്ല മോനേ ആ ചേച്ചിയെ....അറിയുമാര്‍നെങ്കില്‍ ഈ ചോദ്യം നിന്റെ ഉള്ളില്‍ പോലും വരില്ലായിരുന്നു.... ചേച്ചി ഒന്ന് ഉടക്കിയാല്‍ ഈ പ്രപഞ്ചം പോലും നിശ്ചലം.... കാക്ക മലന്നോ ചരിഞ്ഞോ പറക്കും...കേരളത്തിലെ റോഡിലെ കുഴികള്‍ അപ്രത്യക്ഷമാകും.... ഐസക്‌ ന്യുട്ടന്റെ കണ്ടുപിടുത്തം ശരിയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ആപ്പിള്‍ പോലും താഴേക്കു വീഴാന്‍ നേരം ഒരു നിമിഷം ചിന്തിക്കും...എന്തിന് കിഴക്ക് ഉദിക്കുന്ന സൂര്യന്‍ പോലും ചേച്ചി ഒന്ന് നോക്കിയാല്‍ ഓടിപോയി കിഴക്കുതന്നെ അസ്തമിക്കും... അതാണളിയാ ചേച്ചി....."

അവന്‍ പറയുന്നതിനിടയില്‍ അവന്റെ സംസാരം ആരേലും കേള്‍ക്കുന്നുണ്ടോയെന്നു ഞാന്‍ ചുറ്റുമൊന്നു നോക്കി. ഇനി ഇതെങ്ങാന്‍ ചേച്ചി കേട്ടാല്‍ എന്താകും....എന്നു വിചാരിച്ചിരുന്ന എന്നെ തോണ്ടി വിചാരത്തീനു ഉണര്‍ത്തിക്കൊണ്ട് രാകേഷ്‌ തുടര്‍ന്നു.

" ഇപ്പോഴും ഈ സമയത്ത് അവന്‍ പോകുന്നതല്ല... ആള് എവിടെയെങ്കിലും പോയിരിക്കാണേല്‍ സമയം ആകുമ്പോള്‍ താനെ ചീറിപാഞ്ഞു ഈ വഴി പോകും..ഡാ അവന്‍ ഉപയോഗിക്കണ ബൈക്ക്‌ കമ്പനിക്കാര്‍ക്ക് പോലും പിടി കിട്ടാത്ത കാര്യമാ ആ ബൈക്ക് എങ്ങനെ ഇത്രേം സ്പീഡില്‍ പോകുന്നെന്ന്......"

" ഇതുപോലുള്ള ചേച്ചി ഉണ്ടേല്‍ സൈക്കിളില്‍ ആണെങ്കില്‍ പോലും പറന്നു നമ്മള്‍ വരും..... അത് അന്റാര്‍ട്ടിക്കയിലല്ലാ ആലങ്ങാട്ടു നിന്നായാല്‍ പോലും..... അല്ലെ....? " ബാക്കി ഞാന്‍ പൂര്‍ത്തിയാക്കി.

" അതെ അളിയാ..... ഞാന്‍ നിനക്ക് ആളുടെ ഫോട്ടോ കാണിച്ചു തരാം..നീ കണ്ടിരുന്നോ..." എന്നുംപറഞ്ഞു രാകേഷ്‌ മൊബൈലില്‍ എടുത്ത ഫോട്ടോ കാണിച്ചുതന്നു...

'ശെടാ...! നല്ല പരിചയം ഉള്ള മുഖം....എവിടെയോ കണ്ടിട്ടുള്ളപോലെ.... ഓര്‍ത്തിട്ടു കിട്ടുന്നില്ല...'

കൂടുതല്‍ ഓര്‍ക്കാന്‍ നിക്കാതെ ഞാന്‍ വീട്ടിലെക്കു പോയി.

***************

പിറ്റേന്ന് കോളേജില്‍ വച്ചു ഞാന്‍ കണ്ടു, ആ പയ്യനെ....വൈകുന്നേരങ്ങളില്‍ സൂപ്പര്‍മാന്‍ പോലും മത്സരിക്കാന്‍ പേടിക്കുന്ന ആ പയ്യനെ.............................

Monday, November 22, 2010

ഇന്‍റെര്‍വ്യു

പരീക്ഷക്കാലം എല്ലാവരും വായിച്ചെന്നു വിചാരിക്കുന്നു...കാരണം ഇത് അതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഇതുമാത്രം വായിച്ചിട്ട് " ഈ ചെക്കന്‍ എന്തുട്ടാ ഈ എഴുതി വച്ചിരിക്കണേ...? " എന്ന് ആലോചിച്ച് ആരേലും ഇരിക്കുകയാണേല്‍ , അതില്‍ എനിക്കു പങ്കില്ലാട്ടോ.......

അങ്ങനെ നല്ല ഒന്നാംതരമായി ഞങ്ങള്‍ പരീക്ഷ എഴുതി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീത ടീച്ചര്‍ (പേരുകള്‍ എല്ലാം സാങ്കല്‍പ്പികം ആണ് ......ജീവിക്കണം മക്കളേ......) വന്നു പറഞ്ഞു റിസള്‍ട്ട്‌ വന്നിട്ടുണ്ടെന്ന് . ഞങ്ങള്‍ നാല് പേരും പോയി നോക്കിയില്ല..എന്തിനാ പോണേ....?എന്തായിരിക്കും ആ കടലാസ്സില്‍ എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം...അതിന് ഗണിച്ചു നോക്കണ്ട ആവശ്യം ഇല്ല...

ഞങ്ങള്‍ അതൊക്കെ വിട്ടു ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രീത ടീച്ചര്‍ റിസള്‍ട്ട്‌ കോപ്പി തന്നു.രാകേഷ്‌ അത് നോക്കാതെ എന്‍റെ കയ്യില്‍ തന്നു...

" എനിക്ക് വേണ്ട അളിയാ...." ഞാന്‍ പറഞ്ഞു...

ജഗ്ഗും പറഞ്ഞു..." പാസ്സ് "

സഞ്ജയ്‌ വാങ്ങി നോക്കി. പിന്നെ അവിടെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു..

" ഡാ... ഇതില്‍ നമ്മുടെ പേര് കിടക്കണൂ ....."

ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു പറഞ്ഞു.... " പോടാ പുല്ലേ ആളെ വടിയാക്കാതെ.."

"അല്ലടാ ദേ നോക്ക്.."

ഞങ്ങള്‍ വാങ്ങി നോക്കി..
ശരിയാ.. ദേ കിടക്കുന്നു പേരുകള്‍...!!

മാര്‍ക്കും കണ്ടപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. ഒന്നില്ലെങ്കില്‍ പ്രീതാജി ഞങ്ങളെ വടിയാക്കി.അല്ലെങ്കില്‍ ലിസ്റ്റ് അടിച്ചവര്‍ക്ക് മാറിപ്പോയി.അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോള്‍ പ്രീതാജി വന്നു പറഞ്ഞു.

" നാളെ ഉച്ചക്ക് ഇന്റര്‍വ്യൂ ഉണ്ട്...സൊ, ബി പ്രിപെയേട്..."

ശരിയെന്നാ.....

ഇത് ഞങ്ങള്‍ വളരെ സീരിയസ് ആയിട്ടു എടുത്തു. കാരണം എന്ട്രന്‍സ് എക്സാം ജയിച്ചവര്‍ക്ക് കോഴ്സ് പഠിക്കുന്നതിനു ഫീസ്‌ ഇല്ല എന്നുള്ള അറിയിപ്പുകൊണ്ട് തന്നെ.....

എല്ലാവരും പിറ്റേന് ഉച്ചക്ക് എത്തി...ഞാന്‍ എല്ലാവരുടേം ഡ്രസ്സ്‌ മാറി മാറി നോക്കി. ചിരിക്കണോ കരയണോ എന്ന് കണ്‍ഫ്യൂഷന്‍. ജനിച്ചിട്ട് ഇതുവരെ ഇന്‍ഷര്‍ട്ട്‌ ചെയ്യാത്തവര്‍ വരെ ടിപ് ടോപ്‌ ആയി വന്നിരിക്കുന്നു. ബട്ട്‌ എനിക്ക് പെട്ടന്ന് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല..കാരണം അതിന്‍റെ കൂട്ടത്തില്‍ മൂന്ന് പരിചയമുള്ള മാന്യന്‍മാര്‍.
ഹോ കാണണ്ട കാഴ്ച്ച തന്നെ.!

പെട്ടന്ന് ചിന്തിച്ചു, ഞാന്‍ മാത്രം എന്തിനാ കൂതറ ആയി നിക്കണേ..? ലാബില്‍ കേറി ഷര്‍ട്ട്‌ വാരിക്കൂട്ടി പാന്ടിന്‍റെ ഉള്ളിലാക്കി.ഞങ്ങള്‍ നാലുപേരും ഒരുമിച്ചു വാതില്‍ക്കല്‍ കാത്തിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്ന എല്ലാവരുടേം മുഖത്ത് എന്തോ ഒരു വല്ലായ്മ. ഇറങ്ങി വന്ന ഒരുത്തനോട്‌ സഞ്ജയ്‌ മാറിനിന്നു എന്തൊക്കയോ ചോദിച്ചു.

അവന്‍ അടുത്തു വന്നപ്പോള്‍ രാകേഷ്‌ ചോദിച്ചു. " എന്തു പറഞ്ഞെടാ....? "

" കിട്ടാന്‍ പ്രയാസമാണെന്നാ പറഞ്ഞെ. കൂടുതലൊന്നും പറഞ്ഞില്ല. "

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ പ്രീത ടീച്ചര്‍ വന്നു പേര് വിളിച്ചു.

" രാകേഷ്‌ കൃഷ്ണ..."

" ഞാന്‍ ഇവിടുണ്ട് ചേച്ച്യേ.....എടാ ഞാന്‍ പോയിട്ട് വരാം..."

" ആയുഷ്മാന്‍ ഭവ: " ജഗ്ഗു അനുഗ്രഹിച്ചു.

" ഓ.... പിന്നേ... ഞാന്‍ ഗുസ്തിക്കല്ലേ പോണേ.. "

" ആ സാറിനോട് ഗുസ്തിക്കും ചാന്‍സ് ഉണ്ട്. നെ വേഗം പോ..." എന്നും പറഞ്ഞ് ഞങ്ങള്‍ അവനെ തള്ളിവിട്ടു.
അവന്‍ കയറി അഞ്ചു മിനിറ്റ്‌ ആകുന്നതിനു മുന്നേ പ്രീത ടീച്ചര്‍ ഡോറിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ടു.

" ബിബിന്‍ വര്‍ഗീസ്സ് "

" എടാ എന്റെ നമ്പര്‍ എത്തി.. ഞാനും പോയി വരാം മക്കളേ.... "

ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ രാകേഷ്‌ പുറത്തേക്ക് വന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ...? പണിയാണോഅളിയാ...? "

" നീ കേറ് . അപ്പോ അറിയാം..."
ദുഷ്ടന്‍ ഒരു ക്ലൂ പോലും തന്നില്ല.എല്ലാം വന്നിടത്ത് വച്ച് കാണാമെന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ റൂമിലേക്ക്‌ കേറി. ഇന്റര്‍വ്യൂ എങ്ങനേം പാസ്‌ ആവണം. കാരണം, എന്ട്രന്‍സ് എക്സാം ജയിച്ചതുകൊണ്ട് കോഴ്സ് ഫ്രീ ആണെന്നാ പറഞ്ഞേക്കണേ. ഇനി കാശിനു ഓടി നടക്കണ്ടല്ലോ. റൂമില്‍ കയറി സാറിന്റെ ടേബിളിന്റെ മുന്നിലെത്തി.

" ബിബിന്‍ ഇരിക്കൂ..."

" താങ്ക്യൂ സര്‍..."

സാറോന്നു ചിരിച്ചു. ഞാനും..
ചിരിച്ചുകൊണ്ട് അപൂര്‍വമായേ ഞങ്ങള്‍ നാലുപേരുടേം മുന്നില്‍ സാറ് പ്രത്യക്ഷപെട്ടിട്ടുള്ളൂ. മിക്കപോഴും ഞങ്ങളെ മുഖം കാണിക്കാന്‍ വരുന്നത് ബൈക്ക് പിടിക്കാന്‍ വരുന്ന കോണ്‍സ്റ്റബിളിനെ പോലെയാണ്.
ആ ചിരിയില്‍ എന്തോ പന്തികേട് ഇല്ലേ, എന്ന് ആലോചിച്ച എന്നോട് പെട്ടെന്ന് സാര്‍ ചോദിച്ചു..

" ഭക്ഷണം കഴിച്ചോ...?" രാവിലെ മുതല്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇന്റര്‍വ്യൂ കാത്ത് കിടന്നിരുന്ന എന്നോടുള്ള ആദ്യ ചോദ്യം.
" പിന്നേ.. കഴിച്ചു സാര്‍." വിശന്ന് ഊപ്പാട് വന്ന വയറുംതടവി ഞാന്‍ മറുപടി കൊടുത്തു.

" ഓക്കേ. നമുക്ക് കോഴ്സിന്റെ കാര്യം സംസാരിക്കാം."
ഞാന്‍ ഒന്ന് കസേരയില്‍ നിവര്‍നിരുന്നു. ഷര്‍ട്ട്‌ നേരെയാക്കി ടിപ് ടോപ്‌ ആയി ഇരുന്നു.

" ബിബിന്‍, കോഴ്സ് ആറു സെമെസ്റ്റര്‍ ആണ്. അവസാനത്തെ സെം ജോബ്‌ ട്രെയിനിംഗ് ആണ്. മനസ്സിലായോ? "

" ഉവ്വ് സര്‍."

" ഒരു സെമെസ്റ്റര്‍ ഫീസ്‌ മുപ്പതിനായിരം രൂപ ആണ്. അത് ഓരോ സെമെസ്റ്റര്‍ തുടങ്ങുമ്പോഴും ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ അത് അടക്കണം.."

ഇത് കേട്ടപ്പോള്‍ത്തന്നെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. ഞാന്‍ ഫുള്‍ കൈ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചു.

" അങ്ങനെ 6 സെം ആകുമ്പോള്‍ മൊത്തം തുക ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ആകും. പിന്നെ ബാങ്ക് ലോണ്‍ വേണമെങ്കില്‍ റെഡി ആക്കാം."

അത് ശരി. കാശ് കളയുകമാത്രമല്ല കെടപ്പാടം കൂടി കൊളമാക്കാനാ കെളവന്റെ പ്ലാന്‍.
" എന്താ ആലോചിക്കണേ... ചേരുന്നില്ലേ...? ഏറ്റവും ബെറ്റര്‍ ചാന്‍സ് ആണ് ഉള്ളത്. "

' അതെടോ, നല്ല ചാന്‍സ് ആണ്.' ഇന്‍ഷര്‍ട്ട്‌ ചെയ്ത ഷര്‍ട്ട്‌ വാരി പാന്റിന്റെ പുറത്തിട്ടിട്ടു മനസ്സില്‍ പറഞ്ഞു.

"ഞാന്‍ പറയാം സര്‍."

" ബിബിന്‍, ഒരു കാര്യം കൂടി ഉണ്ട്. "

കര്‍ത്താവേ ഇനി എന്നാ കുരിശാ എന്നോര്‍ത്ത് നോക്കിയ എന്റടുത്തു ഒരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് പുള്ളി അരുളി...

" ഓരോ സെമെസ്റ്റര്‍ കഴിയുമ്പോഴും എക്സാം ഉണ്ടാകും. അതില്‍ തോല്‍ക്കുകയാണെങ്കില്‍ രണ്ടാമത് എക്സാം എഴുതി ജയിക്കണം.എന്നാലെ അടുത്ത സെമെസ്റ്റര്‍ എടുക്കൂ. തോറ്റിട്ടു എഴുതുമ്പോള്‍ പന്ത്രണ്ടായിരം രൂപ എക്സ്ട്രാ അടക്കണം. "

ഇത് കേട്ടപ്പോള്‍ തന്നെ മനസിലായി. ഞാന്‍ ഇവിടെ വന്നതാണ്‌ പൊറുക്കാനാകാത്ത തെറ്റ്. ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി.

അവന്മാര്‍ വര്‍ത്തമാനം പറഞ്ഞു നിക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ..." രാകേഷിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യം.

"സൂപ്പര്‍ ആയിരുന്നളിയാ... അടുത്തത് ആരാ..."

" മിക്കവാറും എനിക്കായിരികുമെടാ " ജഗ്ഗു പറഞ്ഞു.

" അങ്ങോട്ട്‌ പോയപ്പോള്‍ ടിപ് ടോപ്‌ ആയി പോയ ആള്‍ എന്താടാ ഇങ്ങോട്ട് വന്നപ്പോള്‍ അലമ്പായി വന്നെക്കണേ...?"

ആ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല. പക്ഷേ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

" പാന്റ് ഇടാതെ ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു.................... "

Saturday, November 6, 2010

സ്പെഷ്യല്‍ ഗിഫ്റ്റ്‌

ഓഫീസില്‍നിന്ന് തളര്‍ന്നൊടിഞ്ഞു വന്ന് ഷൂസെല്ലാം അച്ചടക്കത്തോടെ രണ്ടു ദിക്കിലുമായി ഇട്ടിട്ട് റൂമിലേക്ക്‌ കേറി. ഡ്രസ്സ്‌ മാറുന്നതിന്റെ ഇടയില്‍ ഞാന്‍ കണ്ടു ഒരുത്തന്‍ ലാപ് ടോപിന്റെ മുന്നില്‍ എന്തോ പോയ ആരൊക്കെയോ പോലെ ഇരിക്കുന്നു.

"എന്താടാ..... ഡാ ജഗ്ഗൂ...എന്തു പറ്റി.....?"

വിളിച്ചു ചോദിച്ചിട്ട് ഒരനക്കവും ഇല്ല. അടുത്ത് ചെന്ന് നോക്കിപ്പോള്‍ മച്ചാന്‍ ഓര്‍ക്കുട്ടിലെ സ്ക്രാപ്‌ ബുക്ക്‌ തപ്പികൊണ്ടിരിക്കുന്നു. ഒന്ന് റിഫ്രെഷ് അടിച്ചിട്ട് ആത്മഗതം പറഞ്ഞു.

" മാങ്ങാത്തൊലി...! ഒന്നുപോലുമില്ലല്ലോ ദൈവമേ.... ഹൊ!!! "

"നീ കാര്യം പറ...." ഞാന്‍ അവന്റെ അടുത്തിരുന്നു.

" എടാ, ഇന്നലെ അവളുമായിട്ട് ഞാന്‍ സ്ക്രാപ്പിംഗ് ആയിരുന്നു. ഇന്നും സോള്ളാം എന്നുവിചാരിച്ച് ഇരുന്നതാ..... ഞാന്‍ ഒന്നുരണ്ടു സ്ക്രാപ്‌ അയച്ചു... " അവന്‍ എന്നോട് സോള്ളി.

"എന്നിട്ട്...?" ഞാന്‍ ഉഷാറായി.

" എന്നിട്ടെന്താ....ഇതിപ്പോ കാത്തിരുന്നിട്ട് മണിക്കൂര്‍ ഒന്നായി...നൊ റിപ്ലേ...." അവന്റെ വിഷമങ്ങള്‍ ഉഷാറായി നിന്ന എന്റെ നേര്‍ക്ക്‌ കൊട്ടി.

" അതിനിപ്പോ ഇങ്ങനെ ഇരുന്നിട്ട് എന്ത് കാര്യം...? നീ വാ....." ഞാന്‍ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

"അളിയാ... എന്ത് ചെയ്യും..? ഒരു സൊല്യൂഷന്‍ പ്ലീസ്‌....." അവന്‍ അത് വിടാനുള്ള ഭാവമില്ല.

അത് മനസിലായപ്പോള്‍ ഞാന്‍ ചുമ്മാ ഒരു സൊല്യൂഷന്‍ കൊടുത്തു.

" ഒരു കവിത എഴുതി അയക്കളിയാ.... നമുക്ക് നോക്കാലോ എന്താകൂന്ന്.... "

അപ്പൊത്തന്നെ എനിക്കുള്ളത് കിട്ടി. ഒരു കവിത ഞാന്‍ കൊടുക്കണം പോലും. കവിയേതാ തവിയേതാ എന്ന് തിരിച്ചറിയാത്ത ഞാന്‍...!!

നെറ്റില്‍ എവിടെയോ തപ്പി നാല് വരി കവിത അവനു കൊടുത്തു. അത് അവന്‍ അവന്റെ വാക്കുകള്‍ വച്ച് എഡിറ്റ്‌ ചെയ്ത് സ്ക്രാപ്‌ അയച്ചു. അവന്റെ ഉള്ളിലെ കവിയെ ആ കൊച്ച് അറിയട്ടെ എന്ന് കരുതിയാകണം.

അവന്‍ ലാപ്പില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി. പെട്ടന്ന് തന്നെ അവന്റെ വിളി വന്നു. സൊല്യൂഷന്‍ ഓക്കേ ആയല്ലോ എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ ചെന്നു.

" ഇപ്പോള്‍ എങ്ങനെ ഉണ്ടടാ..... ചേട്ടന്മാര്‍ പറഞ്ഞു തന്നപോലെ ചെയ്തപ്പോള്‍ റിപ്ലേ കിട്ടിയല്ലേ.....? " ഞാന്‍ ഉറക്കെ ചോദിച്ചു. ഒന്നുരണ്ടുതവണ ലാപ്പിലെക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കിട്ടു പറഞ്ഞു..
" ആ സ്ക്രാപ്‌ കാണാനില്ലാടാ...... "

" ഞാനും ലാപ്പില്‍ നോക്കി. ശരിയാ...അത് കാണാനില്ല. വിവരമുള്ള ആ കൊച്ച് അത് സ്ക്രാപ്‌ വിലയ്ക്ക് പോലും കണക്കാക്കാന്‍ പറ്റാത്തതുകൊണ്ട് ഡിലീറ്റ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി. താടിക്ക് കയ്യും കൊടുത്ത് കസേരയില്‍ ഇരിക്കുന്നു. അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ഇപ്പോഴാ നീ കവിയായെ എന്ന് മനസ്സില്‍ പറഞ്ഞു.

" നേരത്തെ സ്ക്രാപിനു റിപ്ലേ ഉണ്ടായില്ലന്നേ ഒള്ളു...... നീ പറഞ്ഞത് കേട്ടു ഇട്ടപ്പോള്‍ അവള്‍ അത് ഡിലീറ്റ്‌ ചെയ്തിരിക്കുന്നെടാ ദുഷ്ടാ...." എന്നുള്ള അവന്റെ ഡയലോഗ് കേട്ടപ്പോള്‍ എന്റെ ചിരിയുടെ ലെവല്‍ ഒന്ന് ഉയര്‍ന്നു...ഞാന്‍ റൂമിന്റെ പുറത്തേക്ക് ഓടിയതിന്റൊപ്പം എന്റെ മനസും കുറച്ചു വര്‍ഷങ്ങളുടെ പുറകിലേക്ക് ഓടി......

എട്ടാംക്ലാസ്‌ തുറന്നതിന്റെ ആദ്യ ആഴ്ച്ച, വിദ്യാ ട്യുഷന്‍ സെന്റെറിലെ ക്ലാസ്സ്‌ റൂമില്‍ മഴയില്‍ നനഞ്ഞ് തണുപ്പത്ത് ഒരു ബഞ്ചില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്ന് ഒരുപോലെ വിറച്ചു. ക്ലാസ്സ്‌ തുടങ്ങാറായപ്പോള്‍ ഞങ്ങളുടെ ഇടയിലേക്ക് ചുരിദാര്‍ ഇട്ട ഒരു മെലിഞ്ഞ സുന്ദരിക്കുട്ടി കടന്നുവന്നു. അവള്‍ സ്കൂള്‍ യൂണിഫോമിലല്ലാതെ ചുരിദാര്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചു,

ഒന്നുകില്‍ ഇവള്‍ പുതിയ കുട്ടി, അല്ലേല്‍ പ്രൈവറ്റ് ആയി പഠിക്കാന്‍ വന്നിരിക്കുന്നത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ പേരുപോലും ഒന്ന് പറയാതെ ആദ്യത്തെ ബഞ്ചില്‍ പോയിരുന്നു.

" ഇവള്‍ എവിടന്നു വരുന്നെടാ.....? " പേര് പറയത്തതിലുള്ള അമര്‍ഷം ദില്‍ജിത്ത് അടക്കിവച്ചില്ല.

ഞങ്ങള്‍ അഞ്ചുപേരുടെയും നോട്ടം അവളിലേക്കായി. ട്യൂഷന്‍ കഴിഞ്ഞ് സ്കൂളില്‍ ചെന്നു. ഇന്റര്‍വെല്‍ ആയപ്പോള്‍ എട്ട് A യിലെ ദീപു എന്റെ ക്ലാസ്സ്‌ ആയ എട്ട് B യിലേക്ക് ഓടി വന്നു.അവന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു.

" എടാ ആ പെങ്കൊച്ച് എന്റെ ക്ലാസ്സിലുണ്ട് , പുതിയ അഡ്മിഷന്‍ ആണ്. "

" പേരെന്താടാ ....??? "
ഞങ്ങള്‍ ബാക്കി നാലും ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍, വളരെ ഒത്തൊരുമയോടെ ചോദിച്ചു.

" ഞാന്‍ ക്ലൂ തരാം പറ്റുമെങ്കില്‍ കണ്ടു പിടിച്ചോ..." എന്നും പറഞ്ഞ് രണ്ടുവരി നിമിഷ കടങ്കഥയും ചൊല്ലിക്കൊണ്ട് അവന്‍ പോയി.

" വാഴയിലുണ്ട് തേക്കിലില്ല
ആണിയിലുണ്ട് സ്ക്രൂവിലില്ല "

" വാണി !!!"

ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അപ്പോള്‍ എവിടെയോ ഒരു മിന്നായം.... കാതല്‍ അമ്പ് കൊണ്ടാച്ച്.....പിന്നെ അവളുടെ പുറകേ നടക്കല്‍ ആരംഭിച്ചു. അവള്‍ ഒന്ന് നോക്കുന്നത് തന്നെ, ഓണത്തിന് വിഷുകൈനീട്ടവും ക്രിസ്മസ് കേക്കും ഒരുമിച്ചു കിട്ടുന്ന പ്രതീതി ആയി.

അങ്ങനെ വാണിയുടെ ശ്രദ്ധ കിട്ടുന്നതിനായി പല അഭ്യാസങ്ങളും കാണിക്കാന്‍ തുടങ്ങി. സൈക്കിള്‍ ഒരു കൈ വിട്ടുചവിട്ടി , മുന്‍ചക്രം പൊക്കി ചവിട്ടി, രണ്ടു കൈയ്യും വിട്ടു ചവിട്ടി. അവസാനം നാലുകാലില്‍ റോഡില്‍ നിന്നും എഴുന്നേറ്റ് വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നു.

" എടാ... ഇങ്ങനെ പോയാല്‍ ശരിയാകില്ല...നിന്റെ ഇഷ്ടം അവളെ അറിയിക്കണം." ദില്‍ജിത്ത് മൊഴിഞ്ഞു.

" അത് ഓക്കേ...ബട്ട്‌..... ആര് പോയി പറയും..? " പൊതുവേ ഇങ്ങനത്തെ കാര്യങ്ങള്‍ നേരിട്ട് പറഞ്ഞാല്‍ അതിലെ ത്രില്ല് പോകുമെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ചോദിച്ചു..

അങ്ങനെ ആ ദൗത്യം രാജീവ് ഏറ്റെടുത്തു.

" എന്ന് പറയണം...? " അവനു തിടുക്കമായി. " നാളെത്തന്നെ ആയിക്കോട്ടെ...അല്ലേ...."

പിറ്റേന്ന് രാവിലെ തന്നെ രാജീവ്‌ അവന്റെ ചുമതല ഭംഗിയായി തീര്‍ത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആകാംഷയോടെ നിന്നിരുന്ന ഞങ്ങള്‍ അവനോടു ചോദിച്ചു.

" കാര്യമെന്തായെടാ.....? "

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഞാന്‍ അവളോട്‌ നിന്റെ കാര്യം പറഞ്ഞു.അവള്‍ ഒന്നും മിണ്ടിയില്ല. ഡാ... മൗനം സമ്മതം എന്നല്ലേ...? ചെലവ് ഉണ്ടട്ടോ..... "

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ബെല്‍ അടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക് പോയി. ഓരോന്ന് സ്വപ്നം കണ്ട് ഞാനും പോയി എന്റെ ബഞ്ചില്‍ ഇരുന്നു....

ടീച്ചര്‍ വന്നപാടെ പറഞ്ഞു.

" ഇന്ന് ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നു."

ആദ്യം തന്നെ ഇരിക്കുന്ന കുട്ടി ഞാന്‍ ആയതുകൊണ്ട് ടീച്ചര്‍ എന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

" നീ ഇന്നുമുതല്‍ ക്ലാസ്സ്‌ ലീഡര്‍..."

ഹായ്....! ലോട്ടറി അടിച്ചവന് സ്വര്‍ണമാല വഴിയില്‍ കിടന്നു കിട്ടിയ പോലെ ആയി. ഷൈന്‍ ചെയ്യാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം...

ഉച്ചക്ക് ക്ലാസ്സ്‌ വിട്ടപ്പോള്‍ തന്നെ നേരെ ബാബു ചേട്ടന്റെ കടയിലേക്ക് ഓടി..കൂട്ടുകാര്‍ക്കൊക്കെ അമ്പതു പൈസയുടെ മിട്ടായി വാങ്ങി. സ്പെഷ്യല്‍ ആയി ഒരു മഞ്ച് എക്സ്ട്രാ വാങ്ങി.

ബട്ട്‌ ഒരു ഡൌട്ട്...!

" മഞ്ച് കൊടുത്താല്‍ അവള്‍ വാങ്ങിക്കോ..?"

അവരോട് ഞാന്‍ എന്റെ സംശയം അറിയിച്ചു. വാങ്ങുമോ ഇല്ലയോ എന്ന് അറിയാനുള്ള ചാന്‍സ് ദില്‍ജിത്തിന് കൊടുത്തു. അവന്‍ ചോദിയ്ക്കാന്‍ പോയി ചിരിച്ചുല്ലസിച്ചുകൊണ്ട്‌ തിരിച്ചു വരുന്നു.....

" എന്ത് പറഞ്ഞെടാ....? " ആകാംഷ അടക്കാനാകാതെ വിളിച്ചു ചോദിച്ചു.

അവന്‍ എല്ലാവരുടേം മുന്നില്‍ വച്ച് വിളിച്ചു പറഞ്ഞു...

" അളിയാ...ഞാന്‍ ചോദിച്ചപ്പോതന്നെ അവള്‍ മറുപടി തന്നടാ.... നിന്റെ അച്ഛനു കൊണ്ടുപോയി കൊടുക്കനാടാ അവള്‍ പറഞ്ഞെ...."

എന്റെ എല്ലാ സ്വപ്ന കോട്ടകളും തകരുന്നത് ഞാന്‍ അറിഞ്ഞു. കണ്ണിനു മുന്നിലെ വെള്ളത്തുള്ളിക്കിടയിലൂടെ ഞാന്‍ എല്ലാവരെയും നോക്കി. എല്ലാവരും ഉറക്കെ ചിരിക്കുന്നു...

" ഡാ... നീ ഏതു ലോകത്താ..... ഇതിനൊരു പരിഹാരം പറഞ്ഞു താടാ...... " ജഗ്ഗുന്റെ ചോദ്യം എന്നെ പ്രസെന്റിലേക്ക് കൊണ്ടുവന്നു..

പെട്ടന്ന് അവന്റെ കാര്യം ഓര്‍ത്തപ്പോ ഞാന്‍ ചിരിച്ചു...അന്ന് ചിരിച്ച് ചിരിച്ച് താഴെ വരെ വീണ അവന്റെ മുഖത്ത് നോക്കി പൊട്ടി പൊട്ടി ചിരിച്ചു.........

Wednesday, October 20, 2010

മാലാഖ

ഞാന്‍ എട്ടില്‍ പഠിക്കുന്ന കാലം, ക്ലാസ്സ്‌ കട്ട്‌ ചെയ്യണത് എങ്ങനെ എന്നും കറങ്ങാന്‍ പോകണ്ടത് എങ്ങനെ എന്നും ഗവേഷണം നടത്തുന്ന സമയം. അങ്ങനെ നടക്കുന്ന സമയത്ത് കൂട്ടുകാര്‍ പറഞ്ഞു,

"ഈ വരുന്ന ബുധനാഴ്ച്ച നമുക്ക് മുണ്ട് ഉടുക്കാം.... ഒരു വെറൈറ്റി ആയിക്കോട്ടെ....."

എല്ലാവരോടും അഭിപ്രായം ചോദിച്ചു. ബുധനാഴ്ച്ച ആണ് ഞങ്ങളുടെ സ്കൂള്‍ കളര്‍ഫുള്‍ ആകുന്നത്. ആഴ്ചയിലെ ആ ദിവസം മാത്രം ഞങ്ങള്‍ തടവുകാരല്ല. അന്ന് യൂണിഫോം നിര്‍ബന്ധമില്ല. പിന്നെ എന്നും മലയാളിയുടെ അഭിമാനമായ ലുങ്കി വീട്ടില്‍ ഉടുക്കുന്നതിന്‍റെ ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

" ഓക്കേ.....മുണ്ടുടുക്കാം...അപ്പോള്‍ ഈ വരുന്ന ബുധനാഴ്ച്ച നമ്മളെല്ലാം മുണ്ടന്മാരാകും....."

അങ്ങനെ ആ ശുഭദിനം വന്നെത്തി. രാവിലെ ഞാന്‍ നേരത്തെ എഴുന്നേറ്റ് റെഡി ആയിതുടങ്ങി. മുണ്ട് എടുത്ത് ഉടുത്തു. ശരിയാകുന്നില്ല...! കാരണം കസവ് മുണ്ട് ഉടുക്കുമ്പോള്‍ കാര്‍ന്നോമാര്‍ പറയണത് കസവെന്നു പറയുന്ന ആ വര വലതു തുടയില്‍ നേരെ കിടക്കണമെന്നാണല്ലോ..........?

രക്ഷയില്ലാ....എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല...

അപ്പോള്‍ ഞാന്‍ ആ മഹത് സത്യം ഞാന്‍ മനസിലാക്കി. എനിക്ക് മുണ്ട് ഉടുക്കാന്‍ അറിയില്ല....!

ലുങ്കി ഉടുക്കുന്നതാണേല്‍ അറയില്‍ ചുറ്റിക്കെട്ടി വെയ്ക്കാറാ പതിവ്. അതാണെങ്കില്‍ പുറത്തെങ്ങും പോകാറുമില്ല. അനുസരണ ഉള്ളതുകൊണ്ട് എന്നേം കെട്ടിപിടിച്ച് കിടന്നോളും.പിന്നെ ഈ പറയുന്ന സാധനത്തിന് വരയും കുറിയും ഒന്നും ഇല്ലല്ലോ.......

എന്‍റെ വിഷമവൃത്തോം ചതുരോം കണ്ട് പേപ്പന്‍ സഹായിച്ചു. ഞാന്‍ മുണ്ടുടുത്ത് സ്കൂളില്‍ ചെന്നു. കൂട്ടുകാരുടെ അടുത്തേക്ക് ഓടി. അവരും മുണ്ട് ഉടുത്തിട്ടുണ്ട്. നേരെ ക്ലാസ്സിലേക്ക് കയറിയപ്പോള്‍ തുമ്പി ഏതാ തൂമ്പ ഏതാ എന്നറിയാത്തവന് കര്‍ഷകശ്രീ അവാര്‍ഡ്‌ കിട്ടുമ്പോള്‍ നോക്കുന്നതുപോലെ എല്ലാവരും എന്നെ മൊത്തമൊന്നു നോക്കി.

ഞാന്‍ മുണ്ട് ഉടുത്തതിലല്ല മുണ്ടിന്‍റെ വലുപ്പം കണ്ടിട്ടാണ് എന്നെ അതിശയത്തോടെ നോക്കിയതെന്ന് പെട്ടന്ന് തന്നെ മനസിലായി.

" തോര്‍ത്തു വലുപ്പമുള്ള കസവ് മുണ്ട് കടകളില്‍ വില്‍ക്കുന്നുണ്ടോടാ.....?"

ചോദിച്ചവന്‍റെ മുഖത്തുനോക്കി " അല്ലഡാ ടവല്‍ വലുപ്പത്തിലുള്ളതും ഇപ്പോള്‍ കിട്ടും... "

എന്ന് പറയണമെന്ന് ആഗ്രഹമുണ്ടായെങ്കിലും പറഞ്ഞില്ല.അത് വേള്‍ഡ് കപ്പില്‍ ക്യാച്ച് വിട്ട ഇന്ത്യന്‍ കീപ്പറുടെ ചിരിപോലത്തെ ഒരണ്ണത്തില്‍ ഒതുക്കി.

ബെല്‍ അടിച്ചു. ടീച്ചര്‍ ക്ലാസ്സിലേക്ക് വന്നു. വന്നപാടെ എന്‍റെ നേര്‍ക്ക് കൈ ചൂണ്ടികൊണ്ട് പറഞ്ഞു..

" സ്റ്റാഫ്‌ റൂമില്‍ പോയി രജിസ്റ്റര്‍ എടുത്തുകൊണ്ട് വാ...., ഞാന്‍ അതെടുക്കാന്‍ മറന്നുപോയി..... "

ഏറ്റവും ആദ്യം ഇരിക്കുന്നതു ഞാന്‍ ആയതുകൊണ്ടാണ് എനിക്ക് നറുക്ക് വീണത്‌. പോക്കക്കൂടുതല്‍ കൊണ്ടും പഠിക്കാന്‍ വളരെ അധികം താല്പര്യം ഉള്ളതുകൊണ്ടും മിക്ക ടീച്ചര്‍മാരും എന്നെ ഇരുത്തിയിരിക്കുന്നത് ഫസ്റ്റ് ബഞ്ചില്‍ ഫസ്റ്റ് സീറ്റില്‍ ആണ്.

ഞാന്‍ അഭിമാനത്തോടെ എഴുന്നേറ്റു. മനസ്സില്‍ പറഞ്ഞു..
"ഞാന്‍ പുറത്തേക്കു ഇറങ്ങുമ്പോള്‍ എല്ലാവരും എന്നെ നോക്കും. മുണ്ട് ഉടുക്കാത്ത പയ്യന്‍മാര്‍ നിരാശയോടെ മനസ്സില്‍ പറയും..."

" ഇനി എന്നാണാവോ ഞങ്ങള്‍ക്കൊക്കെ ഇത് ഉടുക്കുവാനുള്ള ഭാഗ്യം ഉണ്ടാകണത് ......"

ക്ലാസ്സ്‌ കഴിഞ്ഞിട്ടു വേണം ഇ പ്ലാന്‍ ഉണ്ടാക്കിയവന് ഒരു ഉമ്മേം ഒരു മിട്ടായിം കൊടുക്കണമെന്ന് വിചാരിച്ചു ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. അവിടെ ചെന്ന് രജിസ്റ്റര്‍ എടുത്തു പോരാന്‍ തുടങ്ങിയപ്പോഴാണ് ക്ലാസ്സില്‍ വക്കാനുള്ള ഒരു ചാര്‍ട്ടും പത്മ ടീച്ചര്‍ തരുന്നത്.

അങ്ങനെ ഒരു കയ്യില്‍ രജിസ്റ്റര്‍ മറു കയ്യില്‍ ചാര്‍ട്ട് എന്ന രീതിയില്‍ ഞാന്‍ നടന്നു. ക്ലാസ്സിന്‍റെ അടുത്ത് എത്താറായപ്പോള്‍ എന്‍റെ അഭിമാനം മൊത്തം കവരാന്‍ ഒരു കാറ്റ് വീശി. എന്താ അവിടെ നടന്നത് എന്നെ ഒരു പിടിം കിട്ടിയില്ല. മൊത്തത്തില്‍ ചിരി മയം.

ആ വീശിയ കാറ്റ് എന്നെ ഒരു മാലാഖ ആക്കി മാറ്റി. എല്ലാവരും എന്നെ കാണുന്നത് സ്വര്‍ഗ്ഗലോകത്തില്‍നിന്നും വെള്ളിമേഘത്തിലേറി വെള്ള ചിറകുകള്‍ വീശി ക്ലാസ്സിലേക്ക് വരുന്ന ഒരു മാലാഖ ആയിട്ടാണ് എന്ന സത്യം ഞാന്‍ മനസിലാക്കി.

ചിരി....ഇത്രേം ചിരി അവിടെ വേറെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് എന്‍റെ അറിവിലില്ല..

ഒരു സെക്കന്ടിനുള്ളില്‍ ശരീരം തീ പോലെ ചൂടാകുന്നതും ഐസ് പോലെ തണുക്കുന്നതും ഞാന്‍ തിരിച്ചറിഞ്ഞു. ഈ മുണ്ട് പ്ലാന്‍ ഇട്ടവനെ അപ്പോള്‍ എന്‍റെ കയ്യില്‍ കിട്ടിയാല്‍ ആ മുണ്ടുകൊണ്ട് തന്നെ അവനെ തൂക്കി കൊന്നേനെ.

നേരെ ക്ലാസ്സില്‍ കയറി രജിസ്റ്റര്‍ ടീച്ചര്‍ക്ക് കൊടുത്ത് എന്‍റെ സീറ്റില്‍ പോയിരുന്നു. ടീച്ചര്‍ പേര് വിളിച്ചു തീര്‍ത്തു.

ബട്ട്‌. എന്‍റെ പേര് വിളിച്ചില്ല. അത് ചോദിച്ച എന്നോട് അപ്പൊത്തന്നെ ഉത്തരവും തന്നു..

" ഞാന്‍ അത് മാര്‍ക്ക് ചെയ്തെടാ...... ഇനി ഇപ്പൊ അത് ഞാന്‍ മാര്‍ക്ക് ചെയ്തില്ലേലും ഈ ദിവസം നീ വന്നിരുന്നെന്നു എല്ലാവര്‍ക്കും അറിയാം....ഇനി അത് മറക്കേം ഇല്ല......പോരെ....? "

Wednesday, September 1, 2010

പരീക്ഷാക്കാലം

മാതാവിനെ മനസ്സില്‍ വിചാരിച്ച് അനുഗ്രഹം വാങ്ങി ഞാന്‍ എന്‍റെ ആദ്യ ബ്ലോഗ്‌ ( സ്വന്തമായി എഴുതുന്നത്‌ ) തുടങ്ങുന്നു. ഇത്രേം എഴുതിയിരുന്നത് വെല്ലവരുടെം ആണ്. എക്സ്ട്രാ കടപ്പാട് എന്ന് എഴുതി ചേര്‍ക്കും. ദാട്സ് ഓള്‍.....അല്ലാതെ നമ്മള്‍ എന്തെഴുതാന്‍.

കഴിഞ്ഞ ദിവസം വെറുതെ ഇരുന്ന് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ (ഒറ്റക്കല്ല) വന്ന വിഷയമാണ്‌.ഞങ്ങള്‍ ഒരിക്കലും മറക്കാത്ത ഞങ്ങളുടെ പരീക്ഷ എഴുത്ത്. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാന്‍, ജഗ്ഗു, രാകേഷ്‌, പിന്നെ സഞ്ജയ്‌. കഥാപാത്രങ്ങളെ കുറിച്ച് പിന്നെ പറയാം.

ഞങ്ങള്‍ NIIT ഇല്‍ കമ്പ്യൂട്ടര്‍ പഠിക്കുന്ന കാലം.!!!!!!
വെക്കേഷന്‍ ആയതിനാല്‍ വിട്ടില്‍ നിന്നാലുള്ള ചിലവ് ഓര്‍ത്ത് വീട്ടുകാര്‍ ഫീസും തന്ന്‌ പറഞ്ഞു വിട്ടതാണ്.... അതിന്‍റെ പേരും പറഞ്ഞ് കറങ്ങി നടന്ന് അവസാനം ഒരു പരീക്ഷ വന്നു.

ഒരു എന്ട്രന്‍സ് പരീക്ഷ.!

എല്ലാരും പരീക്ഷക്ക്‌ പേര് കൊടുത്തു.

ഞങ്ങളും കൊടുത്തു..

ഒരു വാക്ദാനം കേട്ടാണ് കൊടുത്തത്....

" ഇത് പഠിച്ചാല്‍ ജോലി ഉറപ്പ്....മാത്രമല്ല പടിച്ചുകൊണ്ടിരിക്കുമ്പോള്‍ അവസാന ആറുമാസം ഒരു കമ്പനിയില്‍ ട്രെയിനിംഗ്...."

പോരെ... ഞങ്ങള്‍ എപ്പോ എക്സാം ഫീ അടചെന്നു ചോദിച്ചാ മതി.
(ഫീസ്‌ അടച്ച് പരീക്ഷ എഴുതാന്‍ ആഗ്രഹം ഉണ്ടായിട്ടല്ല. ആ പേരില്‍ വേറെ കാശ് വീട്ടിന്‌ മുക്കാലോ..?)

അങ്ങനെ പരീക്ഷ ദിവസം വന്നു.ഉച്ചക്ക് രണ്ടുമണിക്ക് പരീക്ഷ.

രാവിലെതന്നെ ഞങ്ങള്‍ വന്നു. ഞങ്ങള്‍ പണി തുടങ്ങി...ഓരോരുത്തര്‍ അമ്പതു രൂപ വച്ച് ഷെയര്‍.
കാശ് വാങ്ങി നേരെ കേരളാ ബീവറേജ് ഷോപ്പിലെ നീണ്ട ക്യൂ ലക്‌ഷ്യം ആക്കി നടന്നു. അറ്റത്ത്‌ പോയി നിന്നു ക്ഷമയോടെ....
ഇത് ആയത് കൊണ്ടാ വേറെ എന്തേലും ആയിരുന്നേല്‍ ക്ഷമ കിട്ടോ....................?

അങ്ങനെ നിന്ന് അവസാനം നാല് ബിയര്‍ വാങ്ങി..... അതുംകൊണ്ട് ഞങ്ങള്‍ സ്ഥിരം പോകാറുള്ള ഗ്രൌണ്ടിന്റെ പുറകില്‍ പോയി. അപ്പോള്‍ ദേ വരുന്നു ഒരു ജീപ്പ്, കരഞ്ഞു ബഹളമുണ്ടാക്കികൊണ്ട് ..
പോലീസ്!!!

പിന്നെ അവിടെ നിന്നില്ല..ചോദിച്ചാല്‍ അവര്‍ക്ക് കൊടുക്കാനുള്ള മടി ഉണ്ടായിട്ടല്ല.. പിന്നെ അവര്‍ തരുന്നത് വാങ്ങാനുള്ള ആരോഗ്യം ഇല്ല....

എവിടെ ഇരുന്ന് കഴിക്കും എന്ന് ചിന്തിച്ചു അലഞ്ഞു നടന്നപോള്‍ രാകേഷ്‌ ഒരു വഴി പറഞ്ഞു.

കഫെ.....ഇന്റര്‍നെറ്റ്‌ കഫെ....

അങ്ങനെ കഫേയില്‍ കേറാന്‍ പോയി.അപ്പോള്‍ പുതിയ പ്രശ്നം. ഇതെങ്ങനെ കുടിക്കും? ആരെങ്കിലും കണ്ടാലോ?
പണി ആകും.
അത് ആലോചിച്ചു ഇരിക്കുമ്പോള്‍ ജഗ്ഗുവിന് ഒരു ഐഡിയ.

"സ്ട്രോ ഇട്ടു കുടിക്കാം.............."

അതാകുമ്പോള്‍ കുപ്പി ബാഗില്‍ വച്ചാല്‍ മതി.... ഹോ അവനെ സമ്മതിക്കണം.....

എല്ലാവരും ആ അഭിപ്രായം പാസ്സാക്കി.

ബട്ട്‌!! ഒരു ഡൌട്ട് ... സ്ട്രോ ചെരുതല്ലേ.എങ്ങനെ താഴെ വയ്ക്കുന്ന ബാഗില്‍നിന്നും കുടിക്കും?

പിന്നേം ടെന്‍ഷന്‍.... ജഗ്ഗു വിളിച്ചു പറഞ്ഞു.

" ലെവല്‍ ഓസ്."

കല്പനിക്കാര്‍ ഉപയോഗിക്കുന്ന സാദനം...

ഹംബ്ബട ഭയങ്കരാ..... നീ ഇവിടെ എങ്ങും ജനിക്കണ്ടാവനല്ലാ.... ഹോ പിന്നേം സമ്മതിക്കണം..

അങ്ങനെ അത് വാങ്ങി. ഇനി കുപ്പി തുറക്കണം....അതിനു സഞ്ജയ്‌ ഉണ്ടല്ലോ..

ഒരണ്ണം എടുത്ത് തുറന്നു.
പെട്ടന്ന് അപകടം മണത്തു. അതെ. നല്ല മണം , ബിയറിന്റെ.. നിന്നാല്‍ പന്തികേടാണ് . ഞങ്ങള്‍ മുങ്ങി.

"എവിടെ പോകും.?"
പരസ്പരം ചോദിച്ചു..ഒരു പിടിം ഇല്ല സമയം ഒന്നേമുക്കാല്‍...
ഇപ്പൊ ഒരു തീരുമാനമായി...പരീക്ഷ എഴുതാന്‍ പോണം.

ഹാളില്‍ കയറി. ദൈവത്തിന്റെയോ ചെകുത്താന്റെയോ തീരുമാനം കൊണ്ട് ബാഗ്‌ എന്റെ കയ്യില്‍ വന്നു.
ഇനി അത് നോക്കണം. മറയാണോ ചരിയാണോ പാടില്ല.

പരീക്ഷ തുടങ്ങി.

ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. വായിച്ചു നോക്കാന്‍ ഒരു ശ്രമം നടത്തി. എവട... ഒരു ചുക്കും ചുണ്ണാമ്പും മനസിലായില്ല..ഇതൊക്കെ അറിയാമെങ്കില്‍ ഞാന്‍ എന്‍ട്രന്‍സ് എഴുതാന്‍ വരുമോ എന്നുള്ള സ്വാഭാവിക സംശയത്തോടെ ഞാന്‍ എല്ലാരേം നോക്കി. പിന്നെ വെറുതെ ഇരിക്കുമ്പോള്‍ ഓരോ വിളികള്‍...

"അളിയാ.. ഡാ..."

ടീച്ചര്‍മാര്‍ ശ്രദ്ധിച്ചു. ചത്താലും കോപ്പി അടിക്കാന്‍ സമ്മതിക്കില്ലാനു രാവിലെ ഉഗ്രശപഥം എടുത്തിട്ടു വന്നിട്ടുള്ള ടീച്ചര്‍മാര്‍ ആണെന്ന് തോന്നുന്നു..എല്ലാവരെയും സൂക്ഷിച്ചു നോക്കി..

ഞാന്‍ ചുമ്മാ പേനയിലെ മഷിയുടെ അളവ് നോക്കികൊണ്ടിരുന്നു..

ബട്ട്‌ പിന്നേം!!!

" ഡാ...."

രാകേഷ്‌ വിളിക്കുന്നു...

" എന്താടാ...?"

" അളിയാ.. ബാഗില്‍ കുപ്പി ഉണ്ട്..മറിയാതെ നോക്കണം.."

അപ്പൊ അതുശരി ഉത്തരത്തിന് വേണ്ടി അല്ല വിളിച്ചത്.. അല്ലേലും എന്നെ വിളിച്ചട്ടു കാര്യമില്ലാനു അവനറിയാം.

"ങാ ശരി.."

അതും ശ്രദ്ധിച്ചു ഞാന്‍ ഇരിക്കുമ്പോള്‍ അടുത്ത ആള്‍ വിളിക്കുന്നു... അവനും പറഞ്ഞു
" ബാഗ്‌ ചരിയരുത് സൂക്ഷിക്കണം.."

മൂന്നാമത്തവന്‍ എന്താ ഒന്നും പറയാനില്ലേ എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് അവനെ നോക്കി..

പൂര്‍ത്തിയായി........... അവനും പറഞ്ഞു.
" സൂക്ഷിക്കണം.."

ശരിയാണ് ഞാന്‍ സൂക്ഷിക്കണം. കാരണം എന്തേലും കുപ്പിക്ക് പറ്റിയാല്‍ എന്‍റെ കാര്യം തീര്‍ന്നു ...

പരീക്ഷാസമയം തീര്‍ന്നു . ടീച്ചര്‍മാര്‍ ആന്‍സര്‍ പേപ്പര്‍ വാങ്ങി. പെട്ടന്ന് മൂന്നുപേരും വന്ന് ചെവിയില്‍ പറഞ്ഞു.

"നോക്കി എടുക്കണം.ഓക്കേ..?"

എന്തൊരു ശ്രദ്ധ...ഹോ... വേറെ ഒന്നിലും ഇതുപോലെ കാണാന്‍ സാധിക്കില്ല.. എല്ലാരും പുറത്തിറങ്ങി...ഞാന്‍ ബാഗും എടുത്ത് പുറത്തിറങ്ങാന്‍ പോകുമ്പോള്‍ പുറകീന് ഒരു വിളി...

ഞാന്‍ നോക്കി. സുമിത്‌ സര്‍.!

സാര്‍ ഞങ്ങളെ നോക്കിയിട്ട് വിളിച്ചു പറഞ്ഞു..............

" സൂക്ഷിച്ച് കൊണ്ടുപോണം .... മറിയരുത്...............

Wednesday, July 28, 2010

ഇന്ത്യയിലെ വിലയേറിയ അഞ്ചു കാറുകള്‍ (കടപ്പാട് : മാതൃഭൂമി)

മേബാക്ക്: അഞ്ചരക്കോടിയാണ് മേബാക്കിന്റെ വില. മനംകവരുന്ന ഭംഗി, സുഖ സൗകര്യം, ഉടമയ്ക്ക് തോന്നുന്ന അഭിമാനം എന്നിവയൊക്കെയാണ് മേബാക്കിന്റെ സവിശേഷതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഉടമകളുടെ ആവശ്യാനുസരണം മേബാക്ക് രൂപമാറ്റം വരുത്തിത്തരും. വേണ്ട സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ പരിഷ്‌കരിക്കുകയോ ഒക്കെ വേണമെങ്കില്‍ ഉപഭോക്താവിന് നിര്‍മ്മാതാക്കളോട് ആവശ്യപ്പെടാം.

57, 62 എന്നീ രണ്ടു വേരിയന്റുകളിലാണ് മേബാക്ക് ഇന്ത്യയില്‍ ലഭിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള തുകല്‍കൊണ്ടാണ് ഉള്‍വശം മുഴുവന്‍ അലങ്കരിച്ചിരിക്കുന്നത്. ക്രോം ഫിനിഷുള്ളതാണ് ഉള്‍വശത്തെ പല ഘടകങ്ങളും. 5.5 ലിറ്റര്‍ വി 12 ട്വിന്‍ ടോര്‍ബോ എന്‍ജിനാണ് മേബാക്കിന് കരുത്ത് പകരുന്നത്. അഞ്ചു സ്​പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. 550 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധിവേഗം.


ബെന്റ്‌ലി അഷ്യൂര്‍: രണ്ടു സീറ്റര്‍ കൂപെയാണ് ബെന്റ്‌ലി അഷ്യൂര്‍. 3.99 കോടിയാണ് വില. സുഖസൗകര്യവും യാത്രാസുഖവും മികച്ച പ്രകടനവും ഒക്കെയാണ് അഷ്യൂറും വാഗ്ദാനം ചെയ്യുന്നത്. 5.9 ലിറ്റര്‍ എന്‍ജിനും ആറു സ്​പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഈ കാറിലുള്ളത്. 552 ബി.എച്ച്.പിയാണ് പരമാവധി കരുത്ത്. മണിക്കൂറില്‍ 317 കിലോമീറ്ററാണ് പരമാവധി വേഗം. മറ്റൊരു കാറിലും ഇല്ലാത്ത സുരക്ഷാ സംവിധാനങ്ങളും ഈ ആഡംബര വാഹനത്തിന്റെ പ്രത്യേകതയാണ്. ഡി പ്ലസ് സെഗ്മെന്റില്‍ ഉള്‍പ്പെടുന്ന കാറിന്റെ ഇന്ധനക്ഷമത ലിറ്ററിന് അഞ്ചു കിലോമീറ്ററാണ്.


റോള്‍സ് റോയ്‌സ് ഫാന്റം: ആഡംബര സെഡാന്‍ വിഭാഗത്തില്‍പ്പെട്ട ഫാന്റത്തിന്റെ വില 3.5 കോടിയാണ്. മണിക്കൂറില്‍ 240 കിലോമീറ്ററാണ് പരമാവധി വേഗം. നഗരത്തില്‍ ലിറ്ററിന് നാലു കിലോമീറ്ററും ഗ്രാമീണ റോഡുകളില്‍ ലിറ്ററിന് ആറു കിലോമീറ്ററുമാണ് ഇന്ധനക്ഷമത. 6749 സി.സിയാണ് എന്‍ജിന്‍. 453 ബി.എച്ച്.പി കരുത്തും 724 എന്‍.എം ടോര്‍ക്കും വി 12 ഡി.ഒ.എച്ച്.സി എന്‍ജിന്‍ നല്‍കും.


ലാംബൊര്‍ഗിനി മര്‍ഷ്യലാഗോ: നൂതന സാങ്കേതിക വിദ്യയും നവീന രൂപഭംഗിയുമാണ് ലാംബോര്‍ഗിനി മാര്‍ഷ്യലാഗോയുടെ സവിശേഷതകള്‍. 2.6 കോടിയാണ് ഇന്ത്യയിലെ വില. ബെന്‍ലി കാറുകളില്‍നിന്ന് വ്യത്യസ്തമായി യുവാക്കളുടെ മനം കവരുന്നതാണ് മാര്‍ഷ്യലാഗോയുടെ രൂപഭംഗി. സ്റ്റീല്‍ അലോയ്, കാര്‍ബണ്‍ ഫൈബര്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച കരുത്തേറിയ ട്യൂബുലര്‍ ഫ്രെയിമാണ് മാര്‍ഷ്യലാഗോയുടെ മറ്റൊരു സവിശേഷത. 6.5 ലിറ്റര്‍ 12 സിലിണ്ടര്‍ എന്‍ജിനാണ് ഇതിന്റെ ഹൃദയം. 631 ബി.എച്ച.പി കരുത്ത് നല്‍കാന്‍ എന്‍ജിന്കഴിയും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധിവേഗം.


ബെന്‍ലി മുള്‍സാന്‍: ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നായ ബെന്റ്‌ലി മുള്‍സാന്‍ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. 2.9 കോടിയാണ് വില. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നല്‍കുന്ന മുള്‍സാന്‍ 625 നിറങ്ങളില്‍ തിരഞ്ഞെടുക്കാം. ഓരോ ഘടകങ്ങളും കൈകൊണ്ട് കൂട്ടിയിണക്കിയാണ് മുള്‍സാന്‍ നിരത്തിലിറങ്ങുന്നത്. 6.8 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കരുത്ത് പകരുന്നത്. ഐ പോഡ്- ബ്ലൂടൂത്ത് കണക്ടിവിറ്റി, സിം കാര്‍ഡ റീഡര്‍ എന്നിവ പ്രത്യേകതകളാണ്.