Monday, November 22, 2010

ഇന്‍റെര്‍വ്യു

പരീക്ഷക്കാലം എല്ലാവരും വായിച്ചെന്നു വിചാരിക്കുന്നു...കാരണം ഇത് അതിന്‍റെ തുടര്‍ച്ചയാണ്. അതുകൊണ്ട് ഇതുമാത്രം വായിച്ചിട്ട് " ഈ ചെക്കന്‍ എന്തുട്ടാ ഈ എഴുതി വച്ചിരിക്കണേ...? " എന്ന് ആലോചിച്ച് ആരേലും ഇരിക്കുകയാണേല്‍ , അതില്‍ എനിക്കു പങ്കില്ലാട്ടോ.......

അങ്ങനെ നല്ല ഒന്നാംതരമായി ഞങ്ങള്‍ പരീക്ഷ എഴുതി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രീത ടീച്ചര്‍ (പേരുകള്‍ എല്ലാം സാങ്കല്‍പ്പികം ആണ് ......ജീവിക്കണം മക്കളേ......) വന്നു പറഞ്ഞു റിസള്‍ട്ട്‌ വന്നിട്ടുണ്ടെന്ന് . ഞങ്ങള്‍ നാല് പേരും പോയി നോക്കിയില്ല..എന്തിനാ പോണേ....?എന്തായിരിക്കും ആ കടലാസ്സില്‍ എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാം...അതിന് ഗണിച്ചു നോക്കണ്ട ആവശ്യം ഇല്ല...

ഞങ്ങള്‍ അതൊക്കെ വിട്ടു ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രീത ടീച്ചര്‍ റിസള്‍ട്ട്‌ കോപ്പി തന്നു.രാകേഷ്‌ അത് നോക്കാതെ എന്‍റെ കയ്യില്‍ തന്നു...

" എനിക്ക് വേണ്ട അളിയാ...." ഞാന്‍ പറഞ്ഞു...

ജഗ്ഗും പറഞ്ഞു..." പാസ്സ് "

സഞ്ജയ്‌ വാങ്ങി നോക്കി. പിന്നെ അവിടെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു..

" ഡാ... ഇതില്‍ നമ്മുടെ പേര് കിടക്കണൂ ....."

ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു പറഞ്ഞു.... " പോടാ പുല്ലേ ആളെ വടിയാക്കാതെ.."

"അല്ലടാ ദേ നോക്ക്.."

ഞങ്ങള്‍ വാങ്ങി നോക്കി..
ശരിയാ.. ദേ കിടക്കുന്നു പേരുകള്‍...!!

മാര്‍ക്കും കണ്ടപ്പോള്‍ ഞങ്ങള്‍ ഒരു കാര്യം ഉറപ്പിച്ചു. ഒന്നില്ലെങ്കില്‍ പ്രീതാജി ഞങ്ങളെ വടിയാക്കി.അല്ലെങ്കില്‍ ലിസ്റ്റ് അടിച്ചവര്‍ക്ക് മാറിപ്പോയി.അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോള്‍ പ്രീതാജി വന്നു പറഞ്ഞു.

" നാളെ ഉച്ചക്ക് ഇന്റര്‍വ്യൂ ഉണ്ട്...സൊ, ബി പ്രിപെയേട്..."

ശരിയെന്നാ.....

ഇത് ഞങ്ങള്‍ വളരെ സീരിയസ് ആയിട്ടു എടുത്തു. കാരണം എന്ട്രന്‍സ് എക്സാം ജയിച്ചവര്‍ക്ക് കോഴ്സ് പഠിക്കുന്നതിനു ഫീസ്‌ ഇല്ല എന്നുള്ള അറിയിപ്പുകൊണ്ട് തന്നെ.....

എല്ലാവരും പിറ്റേന് ഉച്ചക്ക് എത്തി...ഞാന്‍ എല്ലാവരുടേം ഡ്രസ്സ്‌ മാറി മാറി നോക്കി. ചിരിക്കണോ കരയണോ എന്ന് കണ്‍ഫ്യൂഷന്‍. ജനിച്ചിട്ട് ഇതുവരെ ഇന്‍ഷര്‍ട്ട്‌ ചെയ്യാത്തവര്‍ വരെ ടിപ് ടോപ്‌ ആയി വന്നിരിക്കുന്നു. ബട്ട്‌ എനിക്ക് പെട്ടന്ന് ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല..കാരണം അതിന്‍റെ കൂട്ടത്തില്‍ മൂന്ന് പരിചയമുള്ള മാന്യന്‍മാര്‍.
ഹോ കാണണ്ട കാഴ്ച്ച തന്നെ.!

പെട്ടന്ന് ചിന്തിച്ചു, ഞാന്‍ മാത്രം എന്തിനാ കൂതറ ആയി നിക്കണേ..? ലാബില്‍ കേറി ഷര്‍ട്ട്‌ വാരിക്കൂട്ടി പാന്ടിന്‍റെ ഉള്ളിലാക്കി.ഞങ്ങള്‍ നാലുപേരും ഒരുമിച്ചു വാതില്‍ക്കല്‍ കാത്തിരുന്നു.

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങുന്ന എല്ലാവരുടേം മുഖത്ത് എന്തോ ഒരു വല്ലായ്മ. ഇറങ്ങി വന്ന ഒരുത്തനോട്‌ സഞ്ജയ്‌ മാറിനിന്നു എന്തൊക്കയോ ചോദിച്ചു.

അവന്‍ അടുത്തു വന്നപ്പോള്‍ രാകേഷ്‌ ചോദിച്ചു. " എന്തു പറഞ്ഞെടാ....? "

" കിട്ടാന്‍ പ്രയാസമാണെന്നാ പറഞ്ഞെ. കൂടുതലൊന്നും പറഞ്ഞില്ല. "

അങ്ങനെ സംസാരിച്ചുകൊണ്ട് നിക്കുമ്പോള്‍ പ്രീത ടീച്ചര്‍ വന്നു പേര് വിളിച്ചു.

" രാകേഷ്‌ കൃഷ്ണ..."

" ഞാന്‍ ഇവിടുണ്ട് ചേച്ച്യേ.....എടാ ഞാന്‍ പോയിട്ട് വരാം..."

" ആയുഷ്മാന്‍ ഭവ: " ജഗ്ഗു അനുഗ്രഹിച്ചു.

" ഓ.... പിന്നേ... ഞാന്‍ ഗുസ്തിക്കല്ലേ പോണേ.. "

" ആ സാറിനോട് ഗുസ്തിക്കും ചാന്‍സ് ഉണ്ട്. നെ വേഗം പോ..." എന്നും പറഞ്ഞ് ഞങ്ങള്‍ അവനെ തള്ളിവിട്ടു.
അവന്‍ കയറി അഞ്ചു മിനിറ്റ്‌ ആകുന്നതിനു മുന്നേ പ്രീത ടീച്ചര്‍ ഡോറിന്റെ അടുത്ത് പ്രത്യക്ഷപ്പെട്ടു.

" ബിബിന്‍ വര്‍ഗീസ്സ് "

" എടാ എന്റെ നമ്പര്‍ എത്തി.. ഞാനും പോയി വരാം മക്കളേ.... "

ഞാന്‍ ഡോര്‍ തുറന്നപ്പോള്‍ രാകേഷ്‌ പുറത്തേക്ക് വന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ...? പണിയാണോഅളിയാ...? "

" നീ കേറ് . അപ്പോ അറിയാം..."
ദുഷ്ടന്‍ ഒരു ക്ലൂ പോലും തന്നില്ല.എല്ലാം വന്നിടത്ത് വച്ച് കാണാമെന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ റൂമിലേക്ക്‌ കേറി. ഇന്റര്‍വ്യൂ എങ്ങനേം പാസ്‌ ആവണം. കാരണം, എന്ട്രന്‍സ് എക്സാം ജയിച്ചതുകൊണ്ട് കോഴ്സ് ഫ്രീ ആണെന്നാ പറഞ്ഞേക്കണേ. ഇനി കാശിനു ഓടി നടക്കണ്ടല്ലോ. റൂമില്‍ കയറി സാറിന്റെ ടേബിളിന്റെ മുന്നിലെത്തി.

" ബിബിന്‍ ഇരിക്കൂ..."

" താങ്ക്യൂ സര്‍..."

സാറോന്നു ചിരിച്ചു. ഞാനും..
ചിരിച്ചുകൊണ്ട് അപൂര്‍വമായേ ഞങ്ങള്‍ നാലുപേരുടേം മുന്നില്‍ സാറ് പ്രത്യക്ഷപെട്ടിട്ടുള്ളൂ. മിക്കപോഴും ഞങ്ങളെ മുഖം കാണിക്കാന്‍ വരുന്നത് ബൈക്ക് പിടിക്കാന്‍ വരുന്ന കോണ്‍സ്റ്റബിളിനെ പോലെയാണ്.
ആ ചിരിയില്‍ എന്തോ പന്തികേട് ഇല്ലേ, എന്ന് ആലോചിച്ച എന്നോട് പെട്ടെന്ന് സാര്‍ ചോദിച്ചു..

" ഭക്ഷണം കഴിച്ചോ...?" രാവിലെ മുതല്‍ പച്ചവെള്ളം പോലും കുടിക്കാതെ ഇന്റര്‍വ്യൂ കാത്ത് കിടന്നിരുന്ന എന്നോടുള്ള ആദ്യ ചോദ്യം.
" പിന്നേ.. കഴിച്ചു സാര്‍." വിശന്ന് ഊപ്പാട് വന്ന വയറുംതടവി ഞാന്‍ മറുപടി കൊടുത്തു.

" ഓക്കേ. നമുക്ക് കോഴ്സിന്റെ കാര്യം സംസാരിക്കാം."
ഞാന്‍ ഒന്ന് കസേരയില്‍ നിവര്‍നിരുന്നു. ഷര്‍ട്ട്‌ നേരെയാക്കി ടിപ് ടോപ്‌ ആയി ഇരുന്നു.

" ബിബിന്‍, കോഴ്സ് ആറു സെമെസ്റ്റര്‍ ആണ്. അവസാനത്തെ സെം ജോബ്‌ ട്രെയിനിംഗ് ആണ്. മനസ്സിലായോ? "

" ഉവ്വ് സര്‍."

" ഒരു സെമെസ്റ്റര്‍ ഫീസ്‌ മുപ്പതിനായിരം രൂപ ആണ്. അത് ഓരോ സെമെസ്റ്റര്‍ തുടങ്ങുമ്പോഴും ആദ്യത്തെ 15 ദിവസത്തിനുള്ളില്‍ അത് അടക്കണം.."

ഇത് കേട്ടപ്പോള്‍ത്തന്നെ സംഗതിയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. ഞാന്‍ ഫുള്‍ കൈ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചു.

" അങ്ങനെ 6 സെം ആകുമ്പോള്‍ മൊത്തം തുക ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ആകും. പിന്നെ ബാങ്ക് ലോണ്‍ വേണമെങ്കില്‍ റെഡി ആക്കാം."

അത് ശരി. കാശ് കളയുകമാത്രമല്ല കെടപ്പാടം കൂടി കൊളമാക്കാനാ കെളവന്റെ പ്ലാന്‍.
" എന്താ ആലോചിക്കണേ... ചേരുന്നില്ലേ...? ഏറ്റവും ബെറ്റര്‍ ചാന്‍സ് ആണ് ഉള്ളത്. "

' അതെടോ, നല്ല ചാന്‍സ് ആണ്.' ഇന്‍ഷര്‍ട്ട്‌ ചെയ്ത ഷര്‍ട്ട്‌ വാരി പാന്റിന്റെ പുറത്തിട്ടിട്ടു മനസ്സില്‍ പറഞ്ഞു.

"ഞാന്‍ പറയാം സര്‍."

" ബിബിന്‍, ഒരു കാര്യം കൂടി ഉണ്ട്. "

കര്‍ത്താവേ ഇനി എന്നാ കുരിശാ എന്നോര്‍ത്ത് നോക്കിയ എന്റടുത്തു ഒരു ചിരിയും മുഖത്ത് ഫിറ്റ്‌ ചെയ്ത് പുള്ളി അരുളി...

" ഓരോ സെമെസ്റ്റര്‍ കഴിയുമ്പോഴും എക്സാം ഉണ്ടാകും. അതില്‍ തോല്‍ക്കുകയാണെങ്കില്‍ രണ്ടാമത് എക്സാം എഴുതി ജയിക്കണം.എന്നാലെ അടുത്ത സെമെസ്റ്റര്‍ എടുക്കൂ. തോറ്റിട്ടു എഴുതുമ്പോള്‍ പന്ത്രണ്ടായിരം രൂപ എക്സ്ട്രാ അടക്കണം. "

ഇത് കേട്ടപ്പോള്‍ തന്നെ മനസിലായി. ഞാന്‍ ഇവിടെ വന്നതാണ്‌ പൊറുക്കാനാകാത്ത തെറ്റ്. ഒന്നും മിണ്ടാതെ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി.

അവന്മാര്‍ വര്‍ത്തമാനം പറഞ്ഞു നിക്കുന്നു. ഞാന്‍ അടുത്തേക്ക് ചെന്നു.

" എങ്ങനെ ഉണ്ടാര്‍ന്നൂ..." രാകേഷിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യം.

"സൂപ്പര്‍ ആയിരുന്നളിയാ... അടുത്തത് ആരാ..."

" മിക്കവാറും എനിക്കായിരികുമെടാ " ജഗ്ഗു പറഞ്ഞു.

" അങ്ങോട്ട്‌ പോയപ്പോള്‍ ടിപ് ടോപ്‌ ആയി പോയ ആള്‍ എന്താടാ ഇങ്ങോട്ട് വന്നപ്പോള്‍ അലമ്പായി വന്നെക്കണേ...?"

ആ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല. പക്ഷേ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

" പാന്റ് ഇടാതെ ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു.................... "

2 comments:

  1. " അങ്ങോട്ട്‌ പോയപ്പോള്‍ ടിപ് ടോപ്‌ ആയി പോയ ആള്‍ എന്താടാ ഇങ്ങോട്ട് വന്നപ്പോള്‍ അലമ്പായി വന്നെക്കണേ...?"
    ആ ചോദ്യത്തിന് ഉത്തരം കൊടുത്തില്ല. പക്ഷേ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
    " പാന്റ് ഇടാതെ ഇന്ന് മുണ്ട് ഉടുക്കാമായിരുന്നു..................."

    ReplyDelete
  2. hehehehehehehehehehehehehehehehehehehehehehehehehe,...............................

    ReplyDelete