Sunday, August 21, 2011

ച്യൂയിംഗയോഗം

ഗണേശന്‍ സാര്‍ ഭൂമദ്ധ്യരേഖയുടെ അക്ഷാംശവും രേഖാംശവും വിവരിക്കുന്നത് കേട്ട് ഒരു പിടിയും കിട്ടാതെ ഇരുന്ന കോട്ടപ്പുറം സ്കൂളിലെ ഒരു നരച്ച ദിവസം. ചുമ്മാ ഓരോരുത്തരേയും നോക്കി. ഫ്രണ്ട്‌ ബഞ്ചില്‍ ഉള്ളവരെല്ലാം ഉറക്കം കണ്ണിലുണ്ടെങ്കിലും മാക്സിമം വ്യാസത്തില്‍ കണ്ണ് തുറന്നുപിടിച്ച് ഇരിക്കുന്നു. പെണ്‍കുട്ടികളുടെ സൈഡ് പതിവുപോലെ ലക്ചര്‍ നോട്ട് എഴുതുന്ന തിരക്കില്‍. ആണ്‍കുട്ടികളുടെ പുറകുബഞ്ച് പടം വരയും ഉറക്കവും മൂലം സജീവം.

" നീ എങ്ങോട്ടാ ഇങ്ങനെ ത്രീസിക്സ്റ്റീ ആംഗിളില്‍ കറങ്ങി നോക്കികൊണ്ടിരിക്കണേ....? " എന്നെപോലെതെന്നെ സമയം പോകാത്തതില്‍ നിരാശനായി ഇരിക്കുന്ന മറ്റൊരു പ്രജ, വിമല്‍.

" ഇതെന്താടാ ഇന്ന് സമയം പോകാത്തത് ...? "

" സമയം വരെ ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഉറങ്ങിപോയിരിക്കും... " വിമലിന്റെ വാക്കില്‍ സമയത്തിനോട് പോലും ദേഷ്യം.

" ഇപ്പൊ എത്രമണി ആയി..? " ചോദിച്ചതും ഉച്ചമണി മുഴങ്ങി.

" ഭാഗ്യമുണ്ട് , ഇന്ന് വെള്ളിയാഴ്ച ആണ്. അല്ലായിരുന്നേല്‍ അമ്മച്ചിയാണെ ഞാന്‍ ഉറങ്ങിയേനെ.." കോട്ടുവാ ഇട്ടുകൊണ്ട് വിമല്‍ എഴുന്നേറ്റു.

ഞങ്ങള്‍ കൈ കഴുകാന്‍ പൈപ്പിന്റെ അടുത്തേക്ക് ചെന്നു.

" നീ ഭക്ഷണത്തിന് മുന്നേ കൈ കഴുകുമോ..? എന്ന് കിട്ടി ഈ നല്ല സ്വഭാവം...? " കൈ കഴുകി തിരിഞ്ഞ വഴി ഗീതു വക ഒരു കൊട്ട്.

" ടിവിയില്‍ ലൈഫ്ബോയ്‌ പരസ്യം കണ്ടു. കൈയ്യില്‍ ആണ് അണുക്കള്‍ ഉള്ളതെന്ന് മനസിലാക്കിതന്നു. അങ്ങനെ അവര്‍ പൈസ കളഞ്ഞ് ഓരോന്നും പറഞ്ഞുതരുമ്പോള്‍ അനുസരിക്കാതെ പറ്റോ കൊച്ചേ......" തിരിച്ചടിക്കാന്‍ ഒരു വിഫലശ്രമം നടത്തി.

" ഓ... ഒരു അനുസരണക്കാരന്‍. അതേ ചേട്ടാ അത് വിട്, വൈകുന്നേരത്തോടെ പറഞ്ഞ മഞ്ച് എത്തണം. എഴുതി എഴുതി എന്റെ കൈ പോയി." അവള്‍ ഇമ്പോസിഷന്‍ എഴുതിയതിന്റെ കണക്കെടുത്തുതുടങ്ങി.

ഇനി ഇവിടെ നിന്നാല്‍ ശരിയാകില്ല എന്നഘട്ടം എത്തിയപ്പോള്‍ പതിയെ അവിടെ നിന്നും വലിഞ്ഞു.

" ക്ലാസ്സ്‌ മേറ്റ്‌ ആണത്രേ ക്ലാസ്സ്‌ മേറ്റ്‌..... ഇമ്പോസിഷന്‍ എഴുതിത്തരുന്നതിന്റെ കണക്ക് പറയുന്ന ക്ലാസ്സ്‌ മേറ്റ്‌.... " കൈ കഴുകാന്‍ പോകുന്ന പിള്ളേരെ നോക്കി ജിബിനോട് പറഞ്ഞു.

" എന്തിനാടാ പിള്ളേരെ പറ്റിക്കണേ....., നീയോ പഠിക്കുന്നില്ല അതിനുകിട്ടുന്ന ഇമ്പോസിഷന്‍ എഴുതിത്തരുന്ന പിള്ളേരെ പറ്റിക്കുകയും വേണോ....? " കൈ കഴുകുന്നിടത്തിലെ തിരക്കില്‍ ഞെരിഞ്ഞു വിബി അടുത്തേക്ക് വന്നു.

" പോടാ.... ഒരു ടോപ്പിക്കിന് ഒരു മഞ്ച് എന്നാണ് ഓഫര്‍. ഇന്ന് തന്നെ നിലവില്‍ നാല് ആയി. എണ്ണം കുറച്ചില്ലെങ്കില്‍ അപ്പന് പൈസ വീട്ടില്‍ വക്കാന്‍ പറ്റാത്ത സ്ഥിതി ആകും..."

എല്ലാ പടകളുടെയും കൂടെ ക്ലാസ്സില്‍ കയറി.ചോറ് എടുത്തു ആദ്യമേ തീര്‍ത്തു. എനിക്ക് കുറച്ചുചോറ് വച്ചാല്‍ മതിയെന്ന് അമ്മയോട് പറഞ്ഞത് എത്ര നന്നായി. ബിന്‍സിയുടെ പാത്രത്തില്‍നിന്നു ബീന്‍സും, ഗീതുവിന്റെന്നു കാബേജും, സബിതയുടെ കയ്യീന്നു സാമ്പാറും ഓടി നടന്ന് എടുക്കുമ്പോള്‍ അടുത്ത തവണ പാത്രം കുറച്ചുകൂടെ വലുത് വാങ്ങണം എന്നതുമാത്രമായിരുന്നു ചിന്ത.

വിഭവസമൃദ്ധമായ ഉച്ചതീറ്റയും കഴിഞ്ഞ് എല്ലാവരും പുറത്തേക്കുനടന്നു.

" ഡാ, ഇന്ന് ഞാന്‍ ഇത് അവള്‍ക്കു കൊടുക്കും." വിബി പതുക്കെ വന്നുപറഞ്ഞു.

" എന്ത്....? "

" അതൊക്കെ ഉണ്ടടാ......."

" !!! " ഒരു പിടിം കിട്ടിയില്ല. എന്താണെന്ന് ആലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും നൂര്‍ജഹാന്‍ മുന്നില്‍ വന്നുചാടി.

" നൂറൂ.... നാളെ എനിക്കൊരു മുപ്പതുരൂപ തന്നംട്ടോ.... " ആലോചനയെ അതിന്റെ പാട്ടിനുവിട്ടിട്ട് കണ്ടപാടെ കാര്യത്തിലേക്ക് കടന്നു.

" നിനക്കിനി പത്തുപൈസ ഞാന്‍ തരില്ല. സിനിമക്ക് പോകാനല്ലേ.....?"

" അവള്‍ക്കു മനസ്സിലായടാ.... ഇനി ചോദിച്ചിട്ട് കാര്യമില്ല....." ചമ്മിനിക്കുന്ന എന്റെ ചുമലിലേക്ക് അരിചാക്ക് കണക്കേ സനീഷ്‌ വീണു. പണ്ടേ ദുര്‍ബലന്‍ ആയ ഞാന്‍ ഒരു സപ്പോര്‍ട്ടിനായി കിണറുമേല്‍ താങ്ങി.

" നീങ്ങി നിന്നേ...." ജിജോ ഒപ്പം വന്നുചാടി.

" ഇന്നത്തെ കളക്ഷന്‍ എങ്ങനെ...? " വന്നപാടെ അവന്‍ അവന്റെ പണി തുടങ്ങി.

" ഒരു ഐഡിയ....!!!" വിബി കിണറ്റിന്‍കരയില്‍ നിന്നും മുറ്റത്തേക്കുചാടി. പോക്കറ്റില്‍ നിന്നും ഒരു ആല്‍പന്‍ലീബേ എടുത്തുകാണിച്ചുകൊണ്ട് തുടര്‍ന്നു.

" അവളുടെ അനിയത്തി വഴി അവളെ വളയ്ക്കാം..... "

അപ്പോഴാണ്‌ ഞങ്ങള്‍ കണ്ടത്, കൊല്ലം കുറെ ആയെങ്കിലും റൂട്ട് ഇതുവരെ ക്ലിയര്‍ ആവാത്ത വിബി- ടിന്റു ഹൈവേയിലെ ഏന്‍ഡ് പോയിന്റ്‌ ആയ ടിന്റുവിന്റെ ഒരേ ഒരു അനിയത്തി പാത്രം കഴുകുന്നു.

" ഇത് ഞാന്‍ ഇവള്‍ക്ക് കൊടുത്ത് ഇവളിലൂടെ ചേച്ചിയുമായി മുട്ടാം...." മിട്ടായിയും പൊക്കിപിടിച്ച് വിബി പതുക്കെ അവളുടെ അടുത്തേക്ക് നടന്നു.

" അപ്പോ ഇതായിരുന്നല്ലേ അവന്‍ നേരത്തെ പറഞ്ഞ അത്.....? "

" എന്താ...? " വ്യക്തമായി വിമല്‍ കേട്ടില്ല.

" നീ ഇത്രേം കേട്ടാമതി." മറുപടി സനീഷ്‌ കൊടുത്തു.

വിബി പോയി മിട്ടായി കൊടുത്തു. ഒരു ചെറു ചിരിയോടെ അവള്‍ അത് വാങ്ങികൊണ്ട് പോയി.

" ഇത് ഓക്കേ ആകൂടാ... അവളുടെ ആ ചിരി എന്നോട് പറയുന്നു. " ഒരു ലോകം കീഴടക്കിയ ഭാവത്തില്‍ വിബി അടുത്തേക്ക് വന്നു.

ഞങ്ങള്‍ കിണറ്റിന്‍കരയിലെ സെന്‍സെസ് പരിപാടി അവസാനിപ്പിച്ച് ക്ലാസ്സിലേക്ക് നടന്നു. ജിജോയും വിബിയും ടീച്ചറെ കാണാന്‍ നേരെ സ്റ്റാഫ്‌ റൂമിലേക്കു പോയി. ക്ലാസ്സില്‍ ചെന്നിരുന്ന് വരാപ്പുഴ ഡേവിസണില്‍ ഇപ്പോ വിജയപ്രദര്‍ശനം നടക്കുന്ന സിനിമയെ പറ്റിയും ഓരോ ഷോയിലും സിനിമക്ക് ഉണ്ടാകുന്ന സമയവ്യത്യാസത്തെ പറ്റിയും ചര്‍ച്ചകള്‍ നടത്തി കോട്ടപ്പുറത്തെവരെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിമല്‍ ക്ലാസ്സിലേക്ക് ഓടിവന്നു.

" എടാ.... സ്റ്റാഫ്‌ റൂമില്‍ പോയ നമ്മുടെ രണ്ട് ആത്മമിത്രങ്ങള്‍ ഓഫീസ് റൂമില്‍ നിക്കുന്നു...... "

" ആര്....? എന്താ സംഭവം......? " ഓരോരുത്തരും വിമലിനോട് ചോദിച്ചു.

" വിബിയും ജിജോയും ഓഫീസ് റൂമില്‍ നിക്കുന്നു.എന്താ സംഭവമെന്ന് അറിയില്ലാ....! "

പറഞ്ഞുതീര്‍ന്നതും ഞങ്ങള്‍ ഓഫീസിലേക്ക് ഓടി. വാതുക്കല്‍ നിന്നാല്‍തന്നെ കാണാം രണ്ടുപേരും നിക്കുന്നത്. വിബിയുടെ മുഖം കണ്ടാല്‍ അറിയാം പ്രശ്നം ഗൗരവമാണെന്ന്. ജിജോ ആണേല്‍ കൂള്‍ ആയി മുട്ടനാട് ചവയ്ക്കുന്നപോലെ ചവച്ചുകൊണ്ട് നിക്കുന്നു.

" ശൂ........ " സനീഷ്‌ വിബിയെ വിളിച്ചു.

വളരെ ദയനീയമായി വിബി ഒന്നുനോക്കി. പിന്നെ എല്ലാ സംഭാഷണങ്ങളും കണ്ണുകള്‍കൊണ്ട് നടന്നു.അവസാനം എല്ലാതിനുംകൂടി ഉത്തരമായി ഹെഡ്മിസ്സ്‌ ട്രസ്സിന്റെ സീറ്റിന്റെ അടുത്തേക്ക് കണ്ണുകാട്ടി. അവിടേക്ക് നോക്കിയ ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി. ടിന്റുവിന്റെ അനിയത്തി ചിരിച്ചുകൊണ്ട് . ഇപ്പോഴത്തെ ചിരിക്ക് ഒരു കൊലച്ചിരിഗ്രേഡ്.

കാര്യങ്ങള്‍ പകല്‍ പോലെ തെളിഞ്ഞു. ആ കൊച്ച് മിട്ടായി വാങ്ങി നേരെപോയി ടീച്ചര്‍ക്ക്‌ കംപ്ലൈന്റ്റ്‌ കൊടുത്തു വിത്ത്‌ മിട്ടായി. പരാതി പരിഗണിച്ചസമയത്തു തന്നെ പ്രതികള്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ വന്നു. രണ്ടിനേം കൈയ്യോടെ പൊക്കി ഓഫീസ് റൂമില്‍ ആക്കി. ഇതാണ് സംഭവിച്ചതെന്ന് എല്ലാര്‍ക്കും പിടി കിട്ടി.

" നീയൊക്കെ ഇത്രേം വളര്‍ന്നോടാ......." ഡോള്‍ബി സറൌണ്ട് എഫ്ഫെക്‌റ്റിലെ ഡയലോഗ് കേട്ട് ഞങ്ങള്‍ നോക്കി. ചൂരലുമായി ബെന്നി സാര്‍ അവരുടെ അടുത്തേക്ക് ചെല്ലുന്നു.

" മാതാവേ... വിബിടെ കണ്ണില്‍ നിന്നും വെള്ളം ഒഴുകുന്നുണ്ട് , ഇനി പാന്റ് നനയാതിരിക്കാന്‍ നീ കനിയണമേ....." ജിബിന്‍ നിന്ന നിപ്പില്‍ മാതാവിനെ വിളിച്ചു.

" ആമ്മേന്‍............ " ഒന്നിച്ചു പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി.

ബെന്നി സാറിനെ കണ്ടപ്പോള്‍ അത്രനേരം കൂള്‍ ആയി നിന്ന ജിജോയുടെയും മുഖം മാറി. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല, ഒരുവിധം തരികിടകളെല്ലാം പുള്ളിയുടെ മുന്നില്‍ പെട്ടാല്‍ പേരിന്റെ മുന്നില്‍ സെന്റ്‌. എന്നു ചേര്‍ക്കാന്‍ പറ്റുന്നത്ര സ്വഭാവമുള്ള കുട്ടികളാകും. പ്രത്യേകിച്ച് ഇങ്ങനത്തെ കേസില്‍.

" പറയടാ.... എന്തിന്റെ കേടായിരുന്നു രണ്ടിനും...... ? "

നോ റിപ്ലേ

" നീയല്ലെടാ മിട്ടായി കൊടുത്തേ......? " ജിജോന്റെ നേരെ മാത്രമായി ചോദ്യം.

ഉത്തരമായി, പട്ടി ചൌ കടിച്ച് കുടയുന്നപോലെ തല ഒരു കുടയല്‍ മാത്രം.

" വാ തുറന്ന് പറയടാ.... " സാറിന്റെ കൈ ഒന്ന് ഉയര്‍ന്നു.

" സാര്‍ ഞാന്‍ ച്യൂയിംഗം..... " കഴുത്തില്‍ കുടുക്കിട്ടുപിടിച്ചപോലെ പെട്ടന്നു നിര്‍ത്തി.

" നീ ച്യൂയിംഗമോ.....? " വടി വായുവില്‍ നിന്ന് വിറച്ചു.

" ഞാന്‍ ച്യൂയിംഗം വിഴുങ്ങി സാര്‍..... ഇപ്പൊ ചത്തുപോകും....... !!!"

ഇത് പറഞ്ഞതാണോ അതോ അലറിവിളിച്ചതാണോ എന്ന് ഞങ്ങള്‍ക്കും മനസിലായില്ല. പിന്നെ കാണുന്നത് തല്ലാന്‍ പിടിച്ചിരുന്ന വടിയും വലിച്ചെറിഞ്ഞ് വെള്ളം വച്ചിരുന്ന കുടം എടുക്കാന്‍ ഓടുന്ന ബെന്നിസാറിനെയാണ്. ഞങ്ങളും പതുക്കെ സ്കൂട്ട്ആയി ക്ലാസ്സിലെത്തി. അഞ്ച് മിനിട്ട് തികയുംമുമ്പേ ഒരുകയ്യില്‍ ജിജോയും മറുകയ്യില്‍ വെള്ളകുപ്പിയും ആയി വിബി ഹാജര്‍.

" എടീ സബിതെ..... ഞാന്‍ ചവാന്‍ പോണെടീ ....... " വന്നപാടെ ജിജോയുടെ വെളിപ്പെടുത്തല്‍.

" അതിനെന്താ കുഴപ്പം.....?"

" !!!!! "

തൊഴില്‍ രഹിതനായ കെട്യോനെ കണ്ട സര്‍ക്കാര്‍ഉദ്യോഗസ്ഥയായ ഭാര്യയുടെ ഭാവത്തിലെ പോലെയുള്ള അവളുടെ പ്രതികരണം കേട്ട് ഞങ്ങള്‍ ഞെട്ടി. ഇത്രേം പ്രതീക്ഷിച്ചില്ല. ഈ സമയം ജിജോ ഓടിനടന്ന് ആവുന്നത്ര വെള്ളം കുടിക്കുന്നു.

" നിനക്കാരാ ച്യൂയിംഗം തന്നേ.....? " എന്തെങ്കിലും ഒന്ന് അവനോട് ചോദിക്കണമല്ലോ എന്നോര്‍ത്ത് ചോദിച്ചു.

" ജിബിന്‍... എവിടെടാ ആ പുല്ലന്‍.? " വെള്ളം മാക്സിമം കുടിച്ചതിന്റെ ആലസ്യത്തില്‍ ജിജോ ഇരുന്നു.

" എടാ അത് ച്യൂയിംഗം അല്ല. ബാബുചേട്ടന്റെ കടയില്‍ പുതിയതായി വന്ന കളര്‍ ചൌ മിട്ടായി ആണ്. " വാങ്ങണ്ട ഇടിയുടെ എണ്ണം കുറയ്ക്കണമെന്നുള്ളതുകൊണ്ട് ജിബിന്‍ വിളിച്ചുപറഞ്ഞു. പകച്ചുനിക്കല്‍ പതിയെ പൊട്ടിച്ചിരിയിലേക്ക് മാറി. പൂര്‍ണഗര്‍ഭിണി വയറുതടവുന്നത് അനുകരിക്കുന്ന ജിജോയെ കണ്ടപ്പോള്‍ ചിരിയുടെ ലെവല്‍ കൂടി. വിബിയും ചിരിയില്‍ കൂടിയിട്ടുണ്ടെന്ന് കണ്ടപ്പോള്‍ അവശനായവന്‍ ഉഷാറായി.

" നിന്റെ ഒരു മറ്റൊടത്തെ മിട്ടായി കൊടുപ്പ്....." വിബിയുടെ കഴുത്ത് ജിജോയുടെ കയ്യില്‍ സേഫ്.

ഒരുകണക്കിന് ജിജോനെ പിടിച്ചുമാറ്റി സനീഷ്‌ കൊണ്ടുപോകുമ്പോള്‍ വിബി കഴുത്ത് തടവി ഇരുന്നു എന്തോ ആലോചിക്കുന്നു.

" ഡാ.. കോപ്പേ.. ഇപ്പൊ വീണില്ലേ, ഇനി മേലാല്‍ ഈ ജാതി പണിയും കൊണ്ട് വന്നേക്കരുത്.." പിടിച്ചുമാറ്റികൊണ്ട് പോകുമ്പോള്‍ ജിജോ വിളിച്ചു പറഞ്ഞു.

" നീ എന്താ ആലോചിക്കണേ...? അടുത്തത് ആര്‍ക്കാ...? "

" അല്ലടാ.... അവള്‍ക്കു മിട്ടായി കൊടുത്തപ്പോള്‍ അവള്‍ വിചാരിചിരിക്കും അതുഅവള്‍ക്കാണെന്നു. ചേച്ചിക്കുള്ളതാണെന്നും പറഞ്ഞ് ആ സന്തോഷം തല്ലിക്കെടുത്തണ്ടാര്‍ന്നൂ...... "
ഇരുന്ന പോസില്‍നിന്നും ഒരു വത്യാസവും ഇല്ലാതെ പറഞ്ഞ മറുപടി കേട്ടപ്പോള്‍ ഞങ്ങള്‍ക്കും തോന്നി ആ കഴുത്തിന്റെ അളവെടുക്കാന്‍....

9 comments:

  1. "ബെന്നി സാറിനെ കണ്ടപ്പോള്‍ അത്രനേരം കൂള്‍ ആയി നിന്ന ജിജോയുടെയും മുഖം മാറി. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല, ഒരുവിധം തരികിടകളെല്ലാം പുള്ളിയുടെ മുന്നില്‍ പെട്ടാല്‍ പേരിന്റെ മുന്നില്‍ സെന്റ്‌. എന്നു ചേര്‍ക്കാന്‍ പറ്റുന്നത്ര സ്വഭാവമുള്ള കുട്ടികളാകും. പ്രത്യേകിച്ച് ഇങ്ങനത്തെ കേസില്‍."

    പുതിയ ഒരു അങ്കം..... :)

    ReplyDelete
  2. " ഡാ.. കോപ്പേ.. ഇപ്പൊ വീണില്ലേ, ഇനി മേലാല്‍ ഈ ജാതി പണിയും കൊണ്ട് വന്നേക്കരുത്.." പിടിച്ചുമാറ്റികൊണ്ട് പോകുമ്പോള്‍ ജിജോ വിളിച്ചു പറഞ്ഞു.kollaam

    ReplyDelete
  3. നന്നായിരിക്കുന്നു.. ഇത്തരം കോപ്പുകൾ കൊണ്ടൂ ഇനിയും വരണം കേട്ടോ.....
    \
    എല്ലാാ ആശംസകളും

    ReplyDelete
  4. @ആചാര്യന്‍: നന്ദി :)
    @Shukoor : നന്ദി :)
    @Naseef U Areacode : തീര്‍ച്ചയായും വരും വരും വന്നിരിക്കും.... :)

    ReplyDelete
  5. നന്ദി കാര്‍ന്നോരെ... :)

    ReplyDelete
  6. നന്നായിട്ടോ..ചിരിപ്പിച്ചു...ഇനിയും പോരട്ടെ...:)

    ReplyDelete
  7. നന്ദി വേനല്‍പക്ഷി... :) തീര്‍ച്ചയായും ഉണ്ടാകും...

    ReplyDelete